ദേശീയപാത ‘വഴിയടച്ചു’; ശ്വാസംമുട്ടി ജനം

സ്വന്തം ലേഖകൻ
കോഴിക്കോട്
ദേശീയപാത വികസിപ്പിച്ചതോടെ വഴിയടഞ്ഞുപോയ സിഡബ്ല്യുആർഡിഎം – പനാത്തുതാഴം റോഡിലും നേതാജി നഗർ ജങ്‌ഷനിലും ശ്വാസംമുട്ടൊഴിയുന്നില്ല. കുന്നമംഗലം ഭാഗത്തുനിന്ന് നഗരത്തിലേക്ക് എളുപ്പത്തിൽ എത്താനുപയോഗിച്ചിരുന്ന റോഡുകളിപ്പോൾ ദേശീയപാതയുടെ ഇരുവശത്തുമെത്തി അവസാനിക്കുകയാണ്. പരസ്പരബന്ധം നഷ്ടമായതോടെ ദേശീയപാതയുടെ സർവീസ് റോഡിൽ 24 മണിക്കൂറും ബ്ലോക്കാണ്. പ്രശ്നപരിഹാരം വേണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നുണ്ടെങ്കിലും ദേശീയപാതാ അതോറിറ്റി വഴങ്ങാത്തതിനാൽ പരിഹാരം അകലെയാണ്. ദേശീയപാതയ്ക്കുള്ള രൂപരേഖ തയ്യാറാക്കിയപ്പോൾ ഇരുറോഡുകളും തമ്മിലുള്ള ബന്ധം പരിഗണിക്കാതിരുന്നതാണ് പ്രശ്നത്തിന്റെ അടിസ്ഥാനകാരണം. ദേശീയപാതയ്ക്കുള്ള സർവേ നടക്കുന്ന കാലത്ത് സിഡബ്ല്യുആർഡിഎം റോഡും നേതാജി നഗർ പനാത്തുതാഴം റോഡും വികസിപ്പിച്ചിട്ടുണ്ടായിരുന്നില്ല. എൽഡിഎഫ് സർക്കാരിന്റെ കാലത്ത് ഇൗ റോഡുകൾ വികസിപ്പിച്ചതോടെയാണ് പുതിയ ഗതാഗത സാധ്യത തുറന്നത്. നിർമാണഘട്ടത്തിലും ഇത് പരിഗണിക്കാൻ ദേശീയപാത അതോറിറ്റി തയ്യാറാകാതിരുന്നതാണ് പ്രശ്നങ്ങൾക്ക് വഴിയൊരുക്കിയത്. നിലവിൽ സിഡബ്ല്യുആർഡിഎം റോഡിൽനിന്ന് വരുന്നതും തിരികെ പോകുന്നതുമായ വാഹനങ്ങൾ ദേശീയപാതയുടെ സർവീസ് റോഡിലൂടെ ഇരുവശങ്ങളിലേക്കും സഞ്ചരിച്ചാണ് തൊണ്ടയാട് എത്തുന്നത്. പനാത്തുതാഴം ഭാഗത്തുനിന്നെത്തുന്നവർക്കും ഇതേ അവസ്ഥ. ഇടുങ്ങിയ സർവീസ് റോഡിലൂടെ ഇരുവശത്തേക്കും വാഹനങ്ങൾ സഞ്ചരിക്കുന്നതോടെ വാഹനക്കുരുക്ക് അതിരൂക്ഷമാണ്. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് കേന്ദ്രഗതാഗത മന്ത്രിയെ കണ്ട് പ്രശ്നം അവതരിപ്പിച്ചിരുന്നു. ദേശീയപാതയ്ക്ക് മുകളിലൂടെ മേൽപ്പാലം നിർമിക്കാൻ കേന്ദ്രം തത്വത്തിൽ അനുമതി നൽകുകയും ചെയ്തു. ഇതിന്റെ ചെലവ് വഹിക്കാമെന്ന് ദേശീയപാത അതോറിറ്റിയും സമ്മതിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ സർക്കാർ ഡിപിആറടക്കം തയ്യാറാക്കി. യുഡിഎഫ് സർക്കാർ അധികാരത്തിലെത്തിയതോടെ മേൽപ്പാല നിർമാണത്തിനാവശ്യമായ നടപടികൾ നിലച്ചമട്ടാണ്. മേൽപ്പാലത്തിനാവശ്യമായ രൂപരേഖ തയ്യാറാക്കി നൽകാൻ സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നുവെന്നും ഒരു മാസമായിട്ടും മറുപടിയില്ലെന്നുമാണ് ദേശീയപാത അതോറിറ്റി അധികൃതരുടെ വാദം. തൊണ്ടയാട് മുതൽ ദേശീയപാത ആറുവരിയിൽ എലിവേറ്റഡ് ഹൈവേ നിർമിക്കണമെന്ന ആവശ്യം വ്യാപാരികൾ മുന്നോട്ടുവച്ചിരുന്നു. മേൽപ്പാലം നിർമിക്കുമ്പോൾ ചേവരമ്പലത്തെ കച്ചവടസ്ഥാപനങ്ങളെ ബാധിക്കുമെന്ന വാദമാണ് വ്യാപാരികൾക്ക്. ആറുവരിയിൽ എലിവേറ്റഡ് ഹൈവേ നിർമിക്കാനാവില്ലെന്നും മേൽപ്പാലം നിർമാണത്തിനാവശ്യമായ തുക നൽകാമെന്നുമാണ് എൻഎച്ച്എഐ പറയുന്നത്. സംസ്ഥാന സർക്കാരും എൻഎച്ച്‌എഐയും തമ്മിലുള്ള തർക്കത്തിൽ പ്രദേശവാസികളാണ് ശ്വാസംമുട്ടി കുരുങ്ങിക്കിടക്കുന്നത്.

‘ദേശീയപാതയുടെ ഇരുവശങ്ങളിലുമായി സിഡബ്ല്യുആർഡിഎം, പനാത്തുതാഴം – നേതാജി റോഡ് അവസാനിച്ച് നിൽക്കുന്നത് പ്രദേശവാസികൾക്ക് ഏറെ പ്രയാസമാണുണ്ടാക്കിയിരിക്കുന്നത്. പ്രശ്നപരിഹാരത്തിന് കേന്ദ്ര, സംസ്ഥാന സർക്കാരുകൾ തയ്യാറാകണം. സിഡബ്ല്യുആർഡിഎം റോഡിന്റെ അടുത്ത സ്ട്രെച്ചായി കോട്ടൂളി – സരോവരം റോഡ് വികസിപ്പിക്കാൻ പദ്ധതിയുണ്ട്. ഇത് യാഥാർഥ്യമാകുന്നതോടെ കുന്നമംഗലം ഭാഗത്തുനിന്നെത്തുന്നവർക്ക് നഗരത്തിലെ തിരക്കിൽ കുടുങ്ങാതെ ബീച്ച് ഭാഗത്തേക്ക് എത്താനാകും. ഇൗ പാതയുടെ വികസനത്തിലും പനാത്തുതാഴത്തെ കുരുക്ക് പ്രയാസമായി നിൽക്കും. ഗതാഗതക്കുരുക്കും പ്രദേശവാസികളുടെ ബുദ്ധിമുട്ടും പരിഹരിക്കാനാവശ്യമായ നടപടി എത്രയുംവേഗം കൈക്കൊള്ളാൻ ഉത്തരവാദിത്വപ്പെട്ടവർ തയ്യാറാകണം’
ഡോ. എസ് ജയശ്രീ, ഡെപ്യൂട്ടി മേയർ









0 comments