Deshabhimani

ഇടവയില്‍ കുന്നിടിച്ച് 
റിസോര്‍ട്ടുകള്‍ ഉയരുന്നു

ഇടവയിൽ കായൽ കൈയേറിയുള്ള അനധികൃത റിസോർട്ട് നിർമാണം

ഇടവയിൽ കായൽ കൈയേറിയുള്ള അനധികൃത റിസോർട്ട് നിർമാണം

വെബ് ഡെസ്ക്

Published on Nov 07, 2026, 12:00 AM | 1 min read

വർക്കല

ഇടവയില്‍ കായൽ കൈയേറിയും തീരത്തെ കുന്നുകൾ ഇടിച്ചും അനധികൃത റിസോർട്ടുകളുടെ നിർമാണം തകൃതിയില്‍. കോസ്റ്റൽ റെഗുലേറ്ററി സോൺ (സിആർഇസഡ്) മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. സിആര്‍ഇസഡ് നിയമത്തില്‍ കായൽ തീരമേഖലയിൽ 200 മീറ്റർ എന്നത് 50 മീറ്ററാക്കി ഇളവ് ലഭിച്ചതോടെയാണ് പുതിയ കെട്ടിടങ്ങള്‍ ഉയരുന്നത്. കാപ്പിൽ ഗവ. ഹൈസ്കൂൾ ഭാഗംമുതൽ വെൺകുളം കരിപ്പുറം കുരുവിൽക്കടവ് വരെയാണ് കൂടുതല്‍ കെട്ടിടങ്ങള്‍ വരുന്നത്. കായലോര മേഖലകളിലെ സ്ഥലം ബിനാമി പേരുകളില്‍ റിസോർട്ട് മാഫിയകൾ വാങ്ങിക്കൂട്ടുകയാണ്. 50 മീറ്റർ ദൂരപരിധി പാലിക്കാതെ കായൽ നികത്തി കൈയേറിയാണ് ഭൂരിഭാഗ നിർമാണവും. തീരപ്രദേശത്തെ കുന്നുകളും ഇതിനകം ഇടിച്ചുനിരത്തി. റിസോര്‍ട്ടിലേക്കുള്ള റോഡ് നിര്‍മാണം, പടിക്കെട്ട് നിര്‍മാണം എന്നപേരില്‍ ഭൂഉടമകൾ കായൽ കൈയേറി മറച്ചതോടെ ഈ പരിസരത്ത് ആളുകള്‍ക്ക്‌ വരാന്‍ കഴിയുന്നില്ല. റിസോർട്ടുകളിലെ കക്കൂസ് മാലിന്യം തള്ളാന്‍ കായലിലേക്ക് കുഴലുകളും സ്ഥാപിച്ചിട്ടുണ്ട്. ഇടവ കായലിൽക്കൂടി കാപ്പിൽനിന്ന് നടയറവരെ സഞ്ചരിക്കാം എന്നുള്ളതാണ് ഇവിടത്തെ പ്രധാന ആകര്‍ഷണം. ടൂറിസം സാധ്യത പ്രയോജനപ്പെടുത്തുകയെന്ന ലക്ഷ്യത്തിലാണ് റിസോർട്ട് നിര്‍മാണം നടക്കുന്നതെങ്കിലും വിനോദസഞ്ചാരികൾക്ക് മാർഗതടസ്സം സൃഷ്ടിക്കുകയും കായലിനെയും തീരത്തെയും മലിനമാക്കുന്നതുമായ പ്രവര്‍ത്തനങ്ങളാണ് നിലവില്‍ നടക്കുന്നതെന്ന്‌ ആക്ഷേപമുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home