ad
Deshabhimani

നാടിന്റെ തുറമുഖം വിൽക്കാൻ അനുവദിക്കില്ല

വിഴിഞ്ഞത്ത്‌ അലയടിച്ച്‌ പ്രതിഷേധം

വിഴിഞ്ഞത്ത്‌ സിപിഐ എം സംഘടിപ്പിച്ച പ്രതിരോധ സംഗമത്തിൽ പങ്കെടുക്കാനെത്തിയ സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ സമരത്തിനെത്തിയ 
വനിതാ വളന്റിയറെ ഹാരമണിയിച്ചപ്പോൾ

വിഴിഞ്ഞത്ത്‌ സിപിഐ എം സംഘടിപ്പിച്ച പ്രതിരോധ സംഗമത്തിൽ പങ്കെടുക്കാനെത്തിയ സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ സമരത്തിനെത്തിയ 
വനിതാ വളന്റിയറെ ഹാരമണിയിച്ചപ്പോൾ

വെബ് ഡെസ്ക്

Published on Jul 05, 2026, 12:58 AM | 2 min read

വിഴിഞ്ഞം

കേരളത്തിന്റെ സ്വപ്‌ന പദ്ധതിയായ വിഴിഞ്ഞം തുറമുഖത്തെ കുത്തക കന്പനിക്ക്‌ പണയപ്പെടുത്തുന്നതിനെതിരെ സിപിഐ എമ്മിന്റെ നേതൃത്വത്തിൽ ജനകീയ പ്രതിരോധം. സംസ്ഥാനത്തെ വികസന കുതിപ്പിലേക്ക്‌ നയിക്കേണ്ട പദ്ധതിയെ വിറ്റൊഴിവാക്കുന്നതിനെതിരെ വിഴിഞ്ഞത്ത്‌ പ്രതിഷേധം അലയടിച്ചു. തുറമുഖം വിൽക്കരുതെന്നാവശ്യപ്പെട്ട്‌ പ്രദേശവാസികളും മത്സ്യത്തൊഴിലാളികളുമടക്കം വൻ ജനാവലി പങ്കെടുത്തു. സിപിഐ എം കോവളം ഏരിയ കമ്മറ്റി സംഘടിപ്പിച്ച പ്രതിരോധ സംഗമം സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഉദ്‌ഘാടനംചെയ്‌തു. തുറമുഖത്തെ പണയപ്പെടുത്താൻ അദാനി കന്പനിയുമായി മുഖ്യമന്ത്രി വി ഡി സതീശൻ രഹസ്യധാരണ ഉണ്ടാക്കിയെന്ന്‌ എം വി ഗോവിന്ദൻ പറഞ്ഞു. പദ്ധതിക്കായി അദാനി കന്പനി ചെലവിട്ടത്‌ 2497 കോടിയാണ്‌. അവരുടെ 49 ശതമാനം ഓഹരി മെഡിറ്ററേനിയൻ ഷിപ്പിങ്‌ കന്പനിക്ക്‌ കൈമാറുന്നതിലൂടെ അദാനിയുടെ അക്ക‍ൗണ്ടിലെത്തുന്നത്‌ 13,000 കോടിയും. ഇ‍ൗ ഇടപാടിന്‌ സംസ്ഥാന സർക്കാരിന്റെ മുൻകൂർ അനുമതിയുണ്ടാകണം. അതില്ലാതെതന്നെ കാര്യങ്ങൾ നീക്കാൻ അദാനി ഗ്രൂപ്പുമായി സതീശൻ ധാരണയുണ്ടാക്കി. കേന്ദ്രസ്ഥാപനമായ സെബിയെ അദാനി ഗ്രൂപ്പ്‌ മുൻകൂട്ടി വിവരം അറിയിച്ചതിന്റെ പകർപ്പ്‌ പുറത്തുവന്നിട്ടും താനൊന്നും അറിഞ്ഞില്ലെന്ന കളവാണ്‌ മുഖ്യമന്ത്രി പറയുന്നത്‌. ചാർട്ടേഡ്‌ വിമാനത്തിൽ മംഗളൂരുവിൽ പോയി അദാനി ഗ്രൂപ്പ്‌ പ്രതിനിധിയുമായി സതീശൻ സന്ധി സംഭാഷണം നടത്തിയതിന്റെ ഭാഗമായ കരാറുകളാണ്‌ പുറത്തുവരുന്നത്‌. മുഖ്യമന്ത്രിതന്നെ ധനം, തുറമുഖം, നിയമം എന്നീ വകുപ്പുകളെടുത്തത്‌ വെറുതെയല്ലെന്നും ഗോവിന്ദൻ പറഞ്ഞു. വിഴിഞ്ഞത്തെ എംഎസ്‌സികൈപ്പിടിയിലാക്കുന്നതോടെ മറ്റ്‌ കപ്പൽ കന്പനികൾക്ക്‌ ഇവിടേക്ക്‌ വരാനാകില്ല. അഞ്ച്‌ അനുബന്ധ മേഖലയിലടക്കം വൻ വികസനപദ്ധതികൾക്ക്‌ എംഎസ്‌സിയുടെ പിന്തുണ തേടേണ്ട സ്ഥിതിയാകും. വികസനക്കുതിപ്പിന്‌ കരുത്താകേണ്ട സ്വപ്‌നപദ്ധതിയെ കോർപറേറ്റുകൾക്ക്‌ അടിയറവയ്‌ക്കാനുള്ള യുഡിഎഫ്‌ സർക്കാരിന്റെ നീക്കത്തെ നാട്‌ ഒറ്റക്കെട്ടായി പ്രതിരോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഭാവിയിൽ ഏറ്റവും പ്രധാനപ്പെട്ട തുറമുഖത്തെ കൈപ്പിടിയിലാക്കാൻ കുത്തക കന്പനിയായ എംഎസ്‌സി നടത്തുന്ന നീക്കത്തെ ചെറുക്കുമെന്ന ഉറച്ച പ്രഖ്യാപനമാണ് വിഴിഞ്ഞത്ത് ഉയർന്നത്. അദാനി ഗ്രൂപ്പിന്‌ നേട്ടമുണ്ടാകുന്ന ഇടപാടിനായി ഒത്താശ ചെയ്യുകയാണ്‌ മുഖ്യമന്ത്രി വി ഡി സതീശൻ. ഇതിനെതിരായ ജനകീയ പ്രതിരോധത്തിന്റെ നാന്ദികുറിക്കലായി വിഴിഞ്ഞത്തെ സംഗമം. സിപിഐ എം ജില്ലാ സെക്രട്ടറി വി ജോയി എംഎൽഎ അധ്യക്ഷനായി. കേന്ദ്രകമ്മിറ്റി അംഗം പുത്തലത്ത് ദിനേശൻ, മുതിർന്ന നേതാവ്‌ ആനാവൂർ നാഗപ്പൻ, സംസ്ഥാന കമ്മിറ്റി അംഗം ഡോ. ടി എൻ സീമ, ജില്ലാ സെക്രട്ടറിയറ്റ് അംഗം പി എസ് ഹരികുമാർ, ജില്ലാ കമ്മിറ്റി അംഗം പി രാജേന്ദ്രകുമാർ, പികെഎസ് സംസ്ഥാന പ്രസിഡന്റ്‌ വണ്ടിത്തടം മധു, ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ്‌ വി അനൂപ്, സിപിഐ എം കോവളം ഏരിയ സെക്രട്ടറി എസ് അജിത്ത്, എ ജെ സുക്കാർണോ, കരിങ്കട രാജൻ, കെ ജി സനൽകുമാർ, കെ എസ് സജി, എൻ എസ് നുസൂർ എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home