വാണിമേൽ പഞ്ചായത്ത് ഓഫീസ് കെട്ടിടത്തിനുള്ള തുക റദ്ദാക്കി
കെ എം അഭിജിത്ത് എംഎൽഎയ്ക്കെതിരെ പഞ്ചായത്ത് പ്രസിഡന്റിന്റെ തുറന്ന കത്ത്

ചോർന്നൊലിക്കുന്ന നിലവിലെ പഞ്ചായത്ത് ഓഫീസ് കെട്ടിടം
നാദാപുരം
വാണിമേൽ പഞ്ചായത്ത് ഓഫീസ് കെട്ടിടനിർമാണത്തിനായി എൽഡിഎഫ് സർക്കാർ അനുവദിച്ച രണ്ട് കോടി രൂപ കെ എം അഭിജിത്ത് എംഎൽഎയുടെ രാഷ്ട്രീയസമ്മർദത്തിന് വഴങ്ങി റദ്ദാക്കിയ നടപടിക്കെതിരെ പ്രസിഡന്റ് ടി പ്രദീപ് കുമാർ എഴുതിയ തുറന്ന കത്ത് സമൂഹമാധ്യമങ്ങളിൽ വൈറലായി. വെള്ളിയാഴ്ചയാണ് പ്രസിഡന്റ് പ്രദീപ്കുമാർ എഴുതിയ കത്ത് സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. ഇതോടെ ചൂടുപിടിച്ച ചർച്ചയാണ് സമൂഹമാധ്യമങ്ങളിൽ നടക്കുന്നത്.
രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമാണ് ഈ തീരുമാനമെന്നും ഇത് വാണിമേലിലെ ജനതയോടുള്ള കടുത്ത അവഗണനയാണെന്നും അദ്ദേഹം കത്തിലൂടെ പറഞ്ഞു. ചോർന്നൊലിക്കുന്ന പഞ്ചായത്ത് ഓഫീസിന്റെ ശോച്യാവസ്ഥ പരിഹരിക്കുക എന്ന ലക്ഷ്യത്തോടെയാണ് കഴിഞ്ഞ എൽഡിഎഫ് സർക്കാർ രണ്ടുകോടി രൂപ ബജറ്റിൽ വകയിരുത്തിയത്. വിലങ്ങാട് ഉരുൾപൊട്ടൽ ഉൾപ്പെടെയുള്ള ദുരന്തസമയങ്ങളിൽ രക്ഷാപ്രവർത്തനങ്ങളുടെ പ്രധാന കേന്ദ്രമായി പ്രവർത്തിച്ചത് ഇതേ പഞ്ചായത്ത് ഓഫീസായിരുന്നു. ഇത്തരം സാഹചര്യങ്ങൾ കണക്കിലെടുത്ത് നാടിന്റെ വികസനത്തിനായി അനുവദിച്ച തുക യുഡിഎഫ് സർക്കാർ അവതരിപ്പിച്ച ബജറ്റിൽ ടോക്കണിൽ ഒതുക്കി. വാണിമേലിലെ വികസന പ്രവർത്തനങ്ങൾക്ക് രാഷ്ട്രീയം മറന്ന് നടത്തിയ പ്രവർത്തനങ്ങളും പ്രദീപ്‌കുമാർ പങ്കുവച്ചു. പഞ്ചായത്ത് പ്രസിഡന്റിന് പിന്തുണയുമായി നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. യുഡിഎഫിന്റെ രാഷ്ട്രീയനീക്കത്തിനെതിരെ കഴിഞ്ഞദിവസം എൽഡിഎഫിന്റെ നേതൃത്വത്തിൽ ഭൂമിവാതുക്കൽ അങ്ങാടിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചിരുന്നു.











0 comments