എഥനോളിന് പിന്നാലെ ഐസോബ്യൂട്ടനോളും ഡീസലിലും ‘മായം’ കലർത്താൻ കേന്ദ്രം


കെ പി അക്ഷയ്
Published on Jul 05, 2026, 03:24 AM | 1 min read
ന്യൂഡൽഹി
: പെട്രോളിലെ എഥനോൾ കലർത്തുന്നതില്‍ വിമർശം ശക്തമാകുന്നതിനിടെ ഡീസലിൽ ഐസോബ്യൂട്ടനോൾ കലർത്താനുള്ള നീക്കവുമായി കേന്ദ്രസർക്കാർ. ഡീസലിൽ 15 ശതമാനം ഐസോബ്യൂട്ടനോൾ കലർത്താനാണ് നീക്കം. ഇതിനായുള്ള ശ്രമമാരംഭിച്ചതായി കേന്ദ്ര ഗതാഗതമന്ത്രി നിതിൻ ഗഡ്‌കരി അറിയിച്ചു. എഥനോൾ ഡീസലിൽ നേരിട്ട് കലർത്താനാകില്ല. അതിനാൽ എഥനോളിൽ നിന്ന് ഐസോബ്യൂട്ടനോളുണ്ടാക്കി ചേർക്കാനാണ് ശ്രമം.
പെട്രോളിൽ 20 ശതമാനം എഥനോൾ കലർത്താനായി മോദി സർക്കാർ പ്രഖ്യാപിച്ച പദ്ധതിയാണ് ഇ20. ഇതിന്റെ ഭാഗമായി 2024 മുതൽ രാജ്യത്തെ ആയിരക്കണക്കിന് പന്പുകളിൽ ഇ20 പെട്രോളാണ് വിതരണംചെയ്യുന്നത്. ഇ20യുടെ ഉപയോഗം വാഹനങ്ങളുടെ എഞ്ചിന്റ ആയുസ്സ് കുറയ്‌ക്കുമെന്നും പൈപ്പുകളും മെറ്റൽ ഭാഗങ്ങളും തുരുമ്പിക്കാനിടയാകുമെന്നും ആശങ്കയുണ്ട്. വാഹനങ്ങളുടെ മൈലേജ് അഞ്ചുമുതൽ ഏഴുശതമാനം വരെ കുറയും.
എഥനോൾ ഉത്പാദനത്തിനായി കരിമ്പ്, ചോളം, അരി തുടങ്ങിയ ഭക്ഷ്യവിളകളാണുപയോഗിക്കുന്നത്. അതിനാലിത് രാജ്യത്തെ ഭക്ഷ്യസുരക്ഷയെ ബാധിക്കുമെന്നും ഭക്ഷ്യധാന്യങ്ങളുടെ വിലക്കയറ്റത്തിന് കാരണമാകുമെന്നും വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. ഈ വിമർശങ്ങൾക്കിടയിലും പദ്ധതി മുന്നോട്ടുകൊണ്ടുപോകാനാണ് കേന്ദ്രസർക്കാരിന്റെ തീരുമാനം.
2030ഓടെ പെട്രോളിൽ എഥനോളിന്റെ അളവ് 30 ശതമാനമായി ഉയർത്താനാണ് സർക്കാരിപ്പോൾ ലക്ഷ്യമിടുന്നത്. കഴിഞ്ഞ പരിസ്ഥിതി ദിനത്തിൽ രാജ്യത്തെ ചില പന്പുകളിൽ ഇ85 അവതരിപ്പിച്ചിരുന്നു. ന്യൂഡൽഹി
:
85 ശതമാനം എഥനോളും 15 ശതമാനം പെട്രോളും അടങ്ങിയതാണിത്. പ്രത്യേകമായി നിർമിച്ച വാഹനങ്ങളിൽ മാത്രമേ ഇതുപയോഗിക്കാനാകൂ. പെട്രോളിൽ എഥനോൾ അളവ് വർധിപ്പിക്കുന്ന നയത്തിനെതിരെ സംരഭകനും ടിവി അവതാരകനുമായ തെഹ്‌സീൻ പൂനെവാല ഞായറാഴ്‌ച ഉച്ചയ്‌ക്ക് ജന്തർമന്തറിൽ പ്രതിഷേധിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.










0 comments