പഞ്ചാബിലും ഗോവയിലും കോൺഗ്രസിൽ വിഭാഗീയത രൂക്ഷം


സ്വന്തം ലേഖകൻ
Published on Jul 05, 2026, 04:20 AM | 1 min read
ന്യൂഡൽഹി
: നിയമസഭാ തെരഞ്ഞെടുപ്പ് ആസന്നമായ പഞ്ചാബിലും ഗോവയിലും കോൺഗ്രസിൽ തമ്മിലടി കനത്തു. ഇരുസംസ്ഥാനങ്ങളിലും പിസിസി പ്രസിഡന്റുമാരെ നിയമിച്ചതിന് പിന്നാലെയാണ് ഗ്രൂപ്പുതർക്കം രൂക്ഷമായത്. പഞ്ചാബിൽ മുൻമുഖ്യമന്ത്രി ചരൺജിത്ത് സിങ് ചന്നി പ്രത്യേക ഗ്രൂപ്പുയോഗം വിളിച്ചു. ഗോവയിൽ കോൺഗ്രസിലെ വിമത വിഭാഗം പുതിയ പാർടി രൂപീകരിച്ചേക്കുമെന്ന അഭ്യൂഹം ശക്തം.
പഞ്ചാബും ഗോവയും യുപിയുമടക്കം അഞ്ച് സംസ്ഥാനങ്ങളിലാണ് അടുത്ത വർഷമാദ്യം തെരഞ്ഞെടുപ്പ്. ഇത് മുൻനിർത്തിയാണ് പഞ്ചാബിലും ഗോവയിലും സംഘടനാ അഴിച്ചുപണി നടന്നത്. പഞ്ചാബിൽ പിസിസി പ്രസിഡന്റായി അമരീന്ദർ സിങ് രാജാ വാറിങിനെ തുടരാനനുവദിച്ചതാണ് ചന്നി ക്യാമ്പിനെ പ്രകോപിപ്പിച്ചത്.
പ്രചരണ സമിതി അധ്യക്ഷസ്ഥാനമാണ് ചന്നിക്ക് നൽകിയത്. ഇതോടെ ചന്നിയുടെ വസതിയിൽ ഇരുപതിലേറെ എംഎൽഎമാരും മുൻഎംഎൽഎമാരുമടക്കം അമ്പതിലേറെ മുതിർന്ന നേതാക്കൾ യോഗംചേർന്നു. തെരഞ്ഞെടുപ്പിന് മുമ്പായി ചന്നിയെ പിസിസി പ്രസിഡന്റാക്കണമെന്ന ആവശ്യം ഹൈക്കമാൻഡിന് മുന്നിലവതരിപ്പിക്കും. ചന്നി തെരഞ്ഞെടുപ്പ് നയിക്കണമെന്ന ആവശ്യവും ഉന്നയിക്കും.
ഗോവയിൽ ഗിരീഷ് ചൊദാങ്കറിനെ പിസിസി പ്രസിഡന്റായി നിയമിച്ചതോടെയാണ് അടി കലശലായത്. മുൻ പിസിസി പ്രസിഡന്റ് അമിത് പട്‌കറിന്റെ നേതൃത്വത്തിൽ ഒരു വിഭാഗം പുതിയ പാർടി രൂപീകരിക്കാൻ ആലോചിക്കുന്നതായാണ് റിപ്പോർട്ടുകൾ.
എന്നാൽ, ബിജെപിയാണ് നീക്കങ്ങൾക്ക് പിന്നിലെന്നും വോട്ടുകൾ ഭിന്നിപ്പിക്കുകയാണ് ലക്ഷ്യമെന്നും ചൊദാങ്കർ തുറന്നടിച്ചു. അനുനയ നീക്കവുമായി സംഘടനാ ചുമതലയുള്ള കെ സി വേണുഗോപാൽ തിരക്കിട്ട് ഗോവയിലെത്തി അടിയന്തരയോഗം വിളിച്ചുചേർത്തു. എന്നാൽ യോഗത്തിനുശേഷവും വിമത വിഭാഗം ഇടഞ്ഞുനിൽക്കുന്നതായാണ് സൂചന.










0 comments