പട്ടിക വർഗ പദ്ധതികൾ അട്ടിമറിച്ചു: പരാതിപ്പെട്ട എസ് ടി പ്രൊമോട്ടറെ കള്ളക്കേസിൽ കുടുക്കാൻ ശ്രമം

പ്രതാകാത്മക ചിത്രം

Sports Desk
Published on Jul 05, 2026, 05:14 AM | 1 min read
ആലപ്പുഴ
: പട്ടികവർഗ വിഭാഗത്തിനുള്ള പദ്ധതികൾ അട്ടിമറിക്കുന്ന കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജരുടെ നടപടിക്കെതിരെ പരാതിപ്പെട്ട എസ് ടി പ്രൊമോട്ടറെ കള്ളക്കേസിൽ കുടുക്കാൻ ശ്രമം. തൈക്കാട്ടുശേരി ബ്ളോക്ക് എസ് ടി പ്രൊമോട്ടർ കെ ജെ നിജേഷിനെയാണ് വേട്ടയാടുന്നത്. ജില്ലാ കുടുംബശ്രീ മിഷൻ പ്രോഗ്രാം മാനേജർ മോൾജി റാഷിദിന്റെ നേതൃത്വത്തിൽ നടക്കുന്ന കെടുകാര്യസ്ഥത ചോദ്യം ചെയ്തതിനാണ് പ്രതികാര നടപടി.
എസ് ടി വിഭാഗത്തിന് സംരംഭം തുടങ്ങാൻ തിരിച്ചടവില്ലാതെ നാലുലക്ഷം രൂപവരെ ലഭ്യമാക്കുന്ന പദ്ധതിയടക്കം നടപ്പാക്കുന്നതിൽ വലിയ വീഴ്ചയുണ്ടായി. ഭവനപദ്ധതിയുടെ ചുമതലയും മോൾജി റാഷിദിനായിരുന്നു. പദ്ധതി ഏൽപ്പിച്ചത് കാര്യക്ഷമതയുള്ള കരാറുകാരെയല്ല. വീടുകൾ മിക്കതും ചോർന്നൊലിക്കുകയാണ്. ഇതടക്കം പ്രശ്നങ്ങളാണ് കെ ജെ നിജേഷ് ചോദ്യംചെയ്തത്.
വിവരാവകാശ നിയമപ്രകാരം വിശദാംശങ്ങൾ തേടിയ നിജേഷിനെ വിളിച്ച് അധിക്ഷേപിക്കുന്നരീതിയിൽ സംസാരിച്ചു. ഇത് വിശദമാക്കി ഇവർക്കെതിരെ നിജേഷ് കുടുംബശ്രീ സംസ്ഥാനമിഷന് പരാതി കൊടുത്തു. ഇവരെ ട്രെയ്നിങ് വിഭാഗത്തിലേക്ക് മാറ്റി ഉത്തരവുവന്നു. എന്നാൽ, മന്ത്രി കെ എം ഷാജിയുടെ ഓഫീസ് ഇടപെട്ട് ഉത്തരവ് മരവിപ്പിച്ചിരിക്കുകയാണ്.
തനിക്കെതിരെ പ്രചാരണം നടത്തുന്നതായി മോൾജി റാഷിദ് എസ് പിക്ക് പരാതി നൽകിയതനുസരിച്ച് ആലപ്പുഴ സൗത്ത് പൊലീസ് ശനിയാഴ്ച നിജേഷിന്റെ മൊഴിയെടുത്തു. മൊബൈൽ ഫോൺ പിടിച്ചെടുത്തു.
പരാതി പിൻവലിക്കണമെന്നാവശ്യപ്പെട്ട് തന്നെ മാനസികമായി സമ്മർദത്തിലാക്കാനും മോൾജി റാഷിദ് ശ്രമിച്ചതായി നിജേഷ് പറഞ്ഞു. ഡിജിപിക്കും മുഖ്യമന്ത്രിക്കും നിജേഷ് പരാതി നൽകിയിട്ടുണ്ട്.










0 comments