ad
Deshabhimani

അതിജീവിച്ച്‌ അർജന്റീന : തീ വെർദെ തീരാപ്പോര്‌

Argentina.jpg
വെബ് ഡെസ്ക്

Published on Jul 05, 2026, 05:47 AM | 2 min read

മയാമി: അറ്റ്‌ലാന്റിക് സമുദ്രത്തിലെ നീലസ്രാവുകൾ ഉഗ്രരൂപംകൊണ്ട രാത്രിയായിരുന്നു അത്‌. അർജന്റീന പതറി, ഭയന്നു. ഒടുവിൽ അതിജീവിച്ചു. ലോകകപ്പ്‌ ഫുട്‌ബോൾ നോക്ക‍ൗട്ട്‌ പോരിൽ ചാന്പ്യൻമാരോട്‌ രണ്ട്‌ തവണ പിന്നിട്ടുനിന്നശേഷം തിരിച്ചെത്തിയാണ്‌ ആഫ്രിക്കൻ ദ്വീപ്‌ സമൂഹമായ കേപ്‌ വെർദെ ചരിത്രംകുറിച്ചത്‌. പിഴവുഗോളിലായിരുന്നു തോൽവി. ലോക ഫുട്‌ബോൾ റാങ്കിങ്‌ പട്ടികയിലെ 64–ാം സ്ഥാനക്കാരായ കേപ്‌ വെർദെ ലോക ചാന്പ്യൻമാരെ അസാമാന്യ ധൈര്യത്തോടെ നേരിട്ടു. അർജന്റീന പരിശീലകൻ ലയണൽ സ്‌കലോണിക്ക്‌ തന്ത്രങ്ങളിൽ പല തവണ മാറ്റം വരുത്തേണ്ടിവന്നു. ഷൂ‍‍ട്ട‍ൗട്ട്‌ എന്ന പരീക്ഷണവേദിയിൽനിന്ന്‌ സാക്ഷാൽ ലയണൽ മെസിയുടെ കോർണർ കിക്കാണ്‌ ഗതി അർജന്റീനയ്‌ക്ക്‌ അനുകൂലമാക്കിയത്‌. ഉയർന്നിറങ്ങിയ പന്തിൽ അർജന്റീന പ്രതിരോധക്കാരൻ ക്രിസ്‌റ്റ്യൻ റൊമേറോ തലവച്ചു. പന്ത്‌ കേപ്‌ സെന്റർ ബാക്ക്‌ ഡിനെയ്‌ ബോർജെസിന്റെ ചുമലിൽതട്ടി, വൊസീന്യയെ കടന്ന്‌ വലയിലെത്തി. 3–2ന്റെ ജയത്തോടെ അർജന്റീന ലോകകപ്പ്‌ ഫുട്‌ബോൾ പ്രീ ക്വാർട്ടറിലേക്ക്‌.

ഇ‍ൗജിപ്‌താണ്‌ അടുത്ത എതിരാളി. മെസിയുടെ ഒന്നാന്തരം ഗോളിൽ അർജന്റീന അരമണിക്കൂറിനുള്ളിൽ ലീഡ്‌ നേടിയതാണ്‌. എന്നാൽ ഞെട്ടിപ്പിച്ചുകൊണ്ട്‌ കേപ്‌ വെർദെ മറുപടി കൊടുത്തു. ഡെറോയ്‌ ഡുവറാതെ കേപിനെ ഒപ്പമെത്തിച്ചു. അധികസമയത്ത്‌ ലിസാൻഡ്രോ മാർട്ടിനസിന്റെ തകർപ്പൻ ഷോട്ട്‌ അർജന്റീനയ്‌ക്ക്‌ വീണ്ടും ലീഡൊരുക്കി. വിട്ടുകൊടുക്കാൻ മടിയുള്ള ആഫ്രിക്കൻ ടീം സിഡ്‌നി ലോപെസ്‌ കർബാളിന്റെ അതിമനോഹര ഗോളിൽ വീണ്ടും ഒപ്പംപിടിച്ചു. ബോക്‌സിന്റെ ഇടതുഭാഗത്തുനിന്ന്‌ കർബാൾ തൊടുത്ത അടി അർജന്റീന ഗോൾകീപ്പർ എമിലിയാനോ മാർട്ടിനെസിനെ മറികടന്ന്‌ വലയ്‌ക്കുള്ളിലേക്ക്‌ വളഞ്ഞിറങ്ങിയപ്പോൾ ലോകകപ്പിലെ ഏറ്റവും മനോഹര നിമിഷമായി അതുമാറി.

ഒടുവിൽ പിഴവുഗോളിലാണ്‌ കേപിന്റെ പോരാട്ടം അവസാനിക്കുന്നത്‌. പ്രതിരോധത്തിൽ തുടങ്ങി, ആക്രമണത്തിലേക്ക്‌ നീങ്ങുന്ന ശൈലിയായിരുന്നു ബുബിസ്‌റ്റ പരിശീലിപ്പിക്കുന്ന കേപ്‌ വെർദെയുടേത്‌. സ്‌കലോണി വശങ്ങളിലൂടെ നീക്കങ്ങൾ നെയ്‌തു. ബോക്‌സിന്‌ മുന്നിലെ പ്രതിരോധ കോട്ട കടക്കാൻ ആക്രമണങ്ങൾ വായുവിലൂടെയാക്കി. പക്ഷേ, വൊസീന്യയെന്ന വൻമതിലിന്‌ മുന്നിൽ എല്ലാം നിഷ്‌പ്രഭമായി. മെസിയുടെ മൂന്ന്‌ ഫ്രീകിക്ക്‌ ഉൾപ്പെടെ ഏഴ്‌ ശ്രമങ്ങളാണ്‌ നാൽപ്പതുകാരൻ നിർവീര്യമാക്കിയത്‌. കേപ്‌ വെർദെയുടെ പ്രത്യാക്രമണങ്ങൾ അർജന്റീനയുടെ പ്രതിരോധത്തെ അതിശയകരാംവിധം ഉലച്ചുകളഞ്ഞു. എമിലിയാനോ മാർട്ടിനെസിന്റെ കൈകളാണ്‌ അർജന്റീനയെ അവസാന ഘട്ടത്തിൽ രക്ഷിച്ചത്‌. അധികസമയം അവസാനിക്കാൻ നാല്‌ മിനിറ്റ്‌ മാത്രം ശേഷിക്കെ കർബാളിന്റെ ഫ്രീകിക്ക്‌ കുത്തിയകറ്റുകയായിരുന്നു. പതുക്കെയാണ്‌ അർജന്റീന തുടങ്ങിയത്‌. വൊസീന്യയും മുന്നിലുള്ള പ്രതിരോധവും ഒരു പഴുതും മെസിക്കും സംഘത്തിനും നൽകിയില്ല. ലിസാൻഡ്രോ നീട്ടിയടിച്ച പന്ത്‌ മനോഹരമായി വരുതിലാക്കിയാണ്‌ പോസ്‌റ്റിന്റെ വലതുമൂലയിൽനിന്ന്‌ മെസി അടിതൊടുത്തത്‌. വൊസീന്യക്ക്‌ അത്‌ എത്തിപ്പിടിക്കാനായില്ല. ഇതോടെ കേപിന്റെ ചെറുത്തുനിൽപ്പ്‌ അവസാനിക്കുമെന്ന അർജന്റീനയുടെ കണക്കുകൂട്ടൽ പാടെ തകർത്ത്‌ കേപ്‌ വെർദെ ആക്രമണ സ്വഭാവത്തിലേക്ക്‌ നീങ്ങുന്നതാണ്‌ പിന്നെ കണ്ടത്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home