'എന്നെ തടയണമെങ്കിൽ കൊല്ലണം'; വിമതർ വർഗവഞ്ചകർ: മമത ബാനർജി

കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ ആഭ്യന്തര സംഘർഷങ്ങൾക്കും കൂടുമാറ്റങ്ങൾക്കും പിന്നാലെ രൂക്ഷമായി പ്രതികരിച്ച് മുൻ ബംഗാൾ മുഖ്യമന്ത്രിയും പാർടി സ്ഥാപകയുമായ മമത ബാനജി. 'എന്നെ തടയണമെങ്കിൽ കൊല്ലേണ്ടി വരും' എന്നാണ് അവർ പ്രതികരിച്ചത്. നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെയാണ് തൃണമൂൽ കോൺഗ്രസിൽ രൂക്ഷമായ ആഭ്യന്തര കലഹം തുടങ്ങിയത്. പാർടി നേതൃത്വത്തിനെതിരെ ഋതബ്രത ബാനർജിയുടെ നേതൃത്വത്തിൽ വലിയൊരു വിമത വിഭാഗം രൂപപ്പെട്ടതാണ് പാർടിയെ പിളർപ്പിലെത്തിച്ചത്.
വിമതരെ "വർഗവഞ്ചകർ" എന്നാണ് മമത ബാനർജി വിശേഷിപ്പിച്ചത്. തന്നെ തടയാൻ ശ്രമിക്കുന്നവർക്ക് മുന്നിൽ തലകുനിക്കില്ലെന്നും "എന്നെ തടയണമെങ്കിൽ നിങ്ങൾ എന്നെ കൊല്ലേണ്ടി വരും" എന്നും വിമതരെ മമത വെല്ലുവിളിച്ചു. പാർടി ചിഹ്നം തനിക്കൊപ്പം തന്നെ തുടരുമെന്നും മമത പറഞ്ഞു. പാർടി ചിഹ്നം ആർക്ക് അവകാശപ്പെട്ടതാണ് എന്ന കാര്യത്തിൽ തർക്കം മുറുകിയതോടെ, തെരഞ്ഞെടുപ്പ് കമീഷൻ ഇരുവിഭാഗത്തോടും ജൂലൈ 6നകം മറുപടി നൽകാൻ ആവശ്യപ്പെട്ടിട്ടുണ്ട്.
മമതയുടെ വിശ്വസ്തയും പാർടിയുടെ ബംഗാൾ സംസ്ഥാന അധ്യക്ഷയുമായിരുന്ന ചന്ദ്രിമ ഭട്ടാചാര്യ പാർടിയുടെ എല്ലാ പദവികളിൽ നിന്നും രാജിവെച്ചത് മമതയ്ക്ക് വലിയ തിരിച്ചടിയായി. ഇവർ വിമത വിഭാഗവുമായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. കൊൽക്കത്തയിലെ തൃണമൂൽ കോൺഗ്രസ് പാർടി ആസ്ഥാനം ഋതബ്രത ബാനർജിയുടെ നേതൃത്വത്തിലുള്ള വിമത വിഭാഗം പിടിച്ചെടുത്ത് പൂട്ടി. എന്നാൽ, പാർടി സ്വത്ത് ആർക്കും ബലമായി പിടിച്ചെടുക്കാൻ കഴിയില്ലെന്ന് മമത പറഞ്ഞു.
സംസ്ഥാന അധ്യക്ഷ സ്ഥാനം ഒഴിഞ്ഞ സാഹചര്യത്തിൽ മമത ബാനർജി നേരിട്ട് പാർടിയുടെ ബംഗാൾ യൂണിറ്റിന്റെ നിയന്ത്രണം ഏറ്റെടുത്തു. കുനാൽ ഘോഷ്, മദൻ മിത്ര എന്നിവരെ സംസ്ഥാന ജനറൽ സെക്രട്ടറിമാരായി നിയമിക്കുകയും ചെയ്തു. വിമതർ ബിജെപിയുമായി ചേർന്ന് പാർടി തകർക്കാൻ ശ്രമിക്കുകയാണെന്ന് മമത ആരോപിച്ചു. തൃണമൂലിന്റെ പ്രത്യയശാസ്ത്രം ബിജെപി വിരുദ്ധമാണെന്നും, അതുകൊണ്ട് വിമതർക്ക് ബിജെപിയോടൊപ്പം ചേർന്ന് തൃണമൂൽ പ്രവർത്തകരായി തുടരാൻ കഴിയില്ലെന്നും അവർ വ്യക്തമാക്കി.










0 comments