രാമക്ഷേത്ര നിർമാണത്തിൽ 40 ശതമാനം കമീഷന്‍

ന്യൂഡൽഹി
: അയോധ്യയിലെ രാമക്ഷേത്ര നിർമാണഘട്ടത്തിലും വൻ അഴിമതി. മുതിർന്ന ആർഎസ്‌എസ് നേതാവും ട്രസ്‌റ്റ് അംഗവുമായ അനിൽ മിശ്രയുടെ നേതൃത്വത്തിൽ കമീഷൻ ഇനത്തിൽ കോടികൾ തട്ടിയെന്നാണ് ആക്ഷേപം. നിർമാണ സാമഗ്രികൾക്ക് നാൽപ്പത് ശതമാനം വരെ കമീഷൻ ഇൗടാക്കി. കോടികളുടെ കാണിക്കക്കൊള്ളയും ശതകോടികളുടെ ഭൂമികുംഭകോണവും പുറത്തായതിന് പിന്നാലെയാണ് ക്ഷേത്ര ട്രസ്റ്റിനെതിരെ കമീഷൻ ആരോപണവും.
യുപി സർക്കാർ നിയോഗിച്ച പ്രത്യേകാന്വേഷണ സംഘത്തിന്റെ പ്രാഥമിക അന്വേഷണത്തിലാണ് കമീഷൻ വാങ്ങിയതായി കണ്ടെത്തിയത്. തുടർന്ന് ട്രസ്‌റ്റിന്റെ അഞ്ചുവർഷത്തെ സാമ്പത്തിക ഇടപാടും ക്ഷേത്രനിർമാണത്തിന് സാമഗ്രികൾ വാങ്ങിയതിലെ അഴിമതിയും അന്വേഷിക്കുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയും വിശ്വസ്‌തനുമായ നൃപേന്ദ്ര മിശ്രയായിരുന്നു ക്ഷേത്ര നിർമാണ കമ്മിറ്റി ചെയർമാൻ. ഇതോടെ പ്രധാനമന്ത്രി കാര്യാലയവും സംശയനിഴലിലാണ്.
ക്ഷേത്രം ട്രസ്‌റ്റ് ഓഫീസ് നിർമാണഘട്ടത്തിൽ അലുമിനിയം കരാറുകാരനോട് അനിൽ മിശ്ര നാൽപ്പത് ശതമാനം കമീഷൻ ആവശ്യപ്പെട്ടെന്ന് നിർമാണ മേൽനോട്ടക്കാരനായ ദീനാനാഥ് മിശ്ര വെളിപ്പെടുത്തിയിരുന്നു. നാൽപ്പത് ശതമാനം കമീഷൻ കൂടി ചേർത്തുള്ള പെരുപ്പിച്ച ബില്ലാണ് കരാറുകാർ സമർപ്പിച്ചതെന്നും മിശ്ര പറഞ്ഞു.
എഎപി നേതാവ് അരവിന്ദ് കെജ്‌രിവാൾ അടക്കമുള്ള പ്രതിപക്ഷ നേതാക്കളും ട്രസ്‌റ്റിനെതിരെ ഇതേ ആരോപണം ഉന്നയിച്ചിട്ടുണ്ട്.










0 comments