ad
Deshabhimani

ഇമ്മിണിയല്ല അതിനേക്കാൾ ബല്യാെരാൾ

basheer
avatar
എസ്‌ ആദിത്യ 
[email protected]

Published on Jul 05, 2026, 07:47 AM | 3 min read

മലയാള സാഹിത്യചരിത്രത്തിൽ ഭാവുകത്വ വിപ്ലവത്തിന് വഴിതെളിച്ച അതുല്യ എഴുത്തുകാരനാണ് വൈക്കം മുഹമ്മദ് ബഷീർ. അദ്ദേഹത്തിന്റെ രചനകൾ ഭാവനാലോകത്തിനപ്പുറം യാഥാർഥ്യത്തിന്റെ ഏകാന്തമായ ദ്വീപുകളാണ്. ഘടനാപരമായും പ്രമേയപരമായും മൗലികത പുലർത്തുന്ന ബഷീർ കൃതികൾ ഇന്ന്‌ വായിക്കുമ്പോഴും സമാനതകളില്ലാത്ത പ്രസക്തിയുണ്ട്‌. കൊളോണിയൽ ആധുനികതയുടെയും അച്ചടിയുടെയും വ്യാപനം കേരളീയ സമൂഹത്തിൽ വരുത്തിയ മാറ്റങ്ങളുടെ പശ്ചാത്തലത്തിലാണ് ബഷീറിയൻ കൃതികൾ വരുന്നത്. ശ്രീനാരായണഗുരുവും അയ്യൻകാളിയും മുന്നോട്ടുവച്ച സാമൂഹിക നവോത്ഥാന പ്രക്രിയകളും കമ്യൂണിസ്റ്റ്-‐ തൊഴിലാളി പ്രസ്ഥാനങ്ങളുടെ വളർച്ചയും ആ കാലഘട്ടത്തിന്റെ പ്രത്യേകതകളായിരുന്നു. അവ ജീവിതത്തിൽ സ്വാംശീകരിച്ചതിനൊപ്പം വർഷങ്ങളോളം നീണ്ട അലച്ചിലുകളും അതിനിടയിൽ നേരിട്ട അനുഭവങ്ങളുമാണ് ബഷീറിന്റെ സർഗാത്മക മൂലധനം. സൂഫികളുടെയും സന്യാസിമാരുടെയും കൂടെ ജീവിച്ചതും ഹിജഡകളെയും ആൺവേശ്യകളെയും അടുത്തറിഞ്ഞതും അദ്ദേഹത്തിന്റെ ചക്രവാളങ്ങൾ വിപുലപ്പെടുത്തി.


വരേണ്യ മേൽക്കോയ്മയെ അട്ടിമറിച്ച വാമൊഴി രൂപം


മലയാള ഗദ്യത്തിന്റെ പ്രക്രിയകളെയും വരേണ്യ വ്യാകരണ നിയമങ്ങളെയും പൂർണമായും ലംഘിച്ചാണ് ബഷീർ എഴുത്തിന്റെ വഴി തുറന്നത്. ‘പാത്തുമ്മയുടെ ആട്’ എന്ന നോവലിൽ വ്യാകരണനിഷ്ഠക്കാരനായ അനുജൻ അബ്ദുൽഖാദറിനോട് തന്റെ തനതു ഭാഷയ്ക്കുവേണ്ടി ബഷീർ കലഹിക്കുന്ന രംഗം ഈ ഭാഷാപരമായ പ്രതിരോധത്തിന്റെ ഉദാഹരണമാണ്. പരമ്പരാഗതമായി നിലനിന്ന വരമൊഴിയുടെ ആധിപത്യത്തെയും വരേണ്യവർഗത്തിന്റെ സാംസ്കാരിക മേൽക്കോയ്മയെയും അട്ടിമറിക്കാൻ ആ വാമൊഴി രൂപങ്ങൾക്ക് കഴിഞ്ഞെന്ന് നിരവധി പഠനങ്ങൾ സൂചിപ്പിക്കുന്നു. സംസ്കൃതവൽക്കരിക്കപ്പെട്ട വരേണ്യഭാഷയെയും കൊളോണിയൽ ആധുനികതയുടെ ആധിപത്യത്തെയും ഒരേസമയം ചെറുത്തുതോൽപ്പിക്കാൻ ബഷീറിയൻ ഭാഷയ്ക്ക് കഴിഞ്ഞു. പരമ്പരാഗത സാഹിത്യരീതികളോട് അദ്ദേഹം നടത്തിയ ഈ കലഹം മലയാളത്തിന് പുതിയൊരു ഭാവുകത്വം സമ്മാനിച്ചു. സംസ്കൃതജടിലവും വ്യാകരണനിഷ്ഠവുമായിരുന്നു അന്നത്തെ വരേണ്യമൊഴി. എന്നാൽ, സാധാരണക്കാരുടെ സംസാരരീതിയെ അടിസ്ഥാനമാക്കിയുള്ള ലളിതമായ വാമൊഴി രൂപപ്പെടുത്താൻ ബഷീറിയൻ സാഹിത്യശൈലി നിശ്‌ചയമായും വലിയ സംഭാവനകൾ നൽകി. പാർശ്വവൽക്കരിക്കപ്പെട്ടവരുടെയും സാധാരണക്കാരുടെയും തീക്ഷ്ണ യാഥാർഥ്യങ്ങൾ കള്ളന്മാർ, പോക്കറ്റടിക്കാർ, യാചകർ, വേശ്യകൾ, മൃഗങ്ങൾ തുടങ്ങിയ ആഖ്യാന തന്ത്രങ്ങളിലൂടെ നർമത്തിൽvaikomm muhammed basheer ചാലിച്ച്‌ സ്വാഭാവികവും നിസ്സംഗവുമായി അദ്ദേഹം അവതരിപ്പിച്ചു.


യാഥാസ്ഥിതികതയെ തകർത്ത 
പൊതുബോധം


മലയാള സാഹിത്യത്തിൽ മുസ്ലിം കഥാപാത്രങ്ങളെ കൊള്ളക്കാരായും കള്ളന്മാരായും കൊലപാതകികളായും ചിത്രീകരിച്ചിരുന്ന ചരിത്രമുണ്ടായിരുന്നു. മുസ്ലിം സമുദായത്തിലെ ആചാരങ്ങളും ജീവിതവും സാഹിത്യവിഷയമാക്കുന്നതിനെ വരേണ്യസമൂഹം ശക്തമായി എതിർത്ത ആ കാലഘട്ടത്തിലാണ് ബഷീർ തന്റെ സാഹിത്യപ്രവർത്തനത്തിലൂടെ ഈ പൊതുബോധത്തെ തിരുത്തിയത്. മുസ്ലിം സമുദായത്തിന്റെ സുന്നത്ത് കല്യാണംപോലുള്ള ആചാരങ്ങളെ എം പി പോളിനെപ്പോലുള്ള നിരൂപകരുടെ പിന്തുണയോടെ ബഷീർ സാഹിത്യവിഷയമാക്കി. ഒന്നാം കമ്യൂണിസ്റ്റ് മന്ത്രിസഭയിലെ വിദ്യാഭ്യാസമന്ത്രി ജോസഫ് മുണ്ടശ്ശേരി ബഷീറിന്റെ ‘ന്റെപ്പൂപ്പക്കൊരാനേണ്ടാർന്ന്’ ഉപപാഠപുസ്തകമാക്കാൻ തീരുമാനിച്ചപ്പോൾ പ്രതിപക്ഷവും മതസംഘടനകളും അതിൽ അശ്ലീലമുണ്ടെന്ന് ആരോപിച്ച് കടുത്ത എതിർപ്പുയർത്തിയത് അക്കാലത്തെ യാഥാസ്ഥിതിക മനസ്സിന്റെ തെളിവാണ്.


എന്നും സാധാരണക്കാരുടെ വിപ്ലവകാരി


നവോത്ഥാന മാനവികതയുടെ അതിരുകൾക്കകത്തുനിന്നുകൊണ്ട് പുറമ്പോക്കുകളിൽ ജീവിക്കുന്ന മനുഷ്യരുടെ ചരിത്രം ബഷീർ രേഖപ്പെടുത്തി. അതിലൂടെ അദ്ദേഹം ഒരു ചരിത്രകാരൻതന്നെയായി മാറി. രാഷ്ട്രീയ പ്രക്ഷോഭങ്ങളിൽ സജീവമായി പങ്കെടുത്ത്‌ തിരുവിതാംകൂർ ഭരണകൂടത്തിന്റെ കടുത്ത പീഡനങ്ങൾക്ക് ഇരയായിട്ടുണ്ട്. അദ്ദേഹത്തിന്റെ രാഷ്ട്രീയ രചനയായ ‘ധർമരാജ്യം’ അന്നത്തെ സർക്കാർ കണ്ടുകെട്ടി. പ്രണയകഥയായ ‘പ്രേമലേഖനം’ മിശ്രവിവാഹത്തെയും വ്യക്തിസ്വാതന്ത്ര്യത്തെയും പിന്തുണച്ചെന്ന പേരിൽ 1944-ൽ തിരുവിതാംകൂറിൽ നിരോധിച്ച്‌ കോപ്പികൾ കണ്ടുകെട്ടി.


പരിസ്ഥിതിയും ഇക്കോ ക്രിട്ടിസിസവും


ആധുനിക പാരിസ്ഥിതിക സിദ്ധാന്തങ്ങളും ഇക്കോക്രിട്ടിസിസവും ബഷീർ കൃതികളിൽ ഉടനീളം കാണാനാകും. മനുഷ്യൻ പ്രകൃതിയുടെ മേൽ നടത്തുന്ന അത്യാചാരങ്ങളോട്‌ കടുത്ത വിയോജിപ്പ് അദ്ദേഹം പ്രകടിപ്പിച്ചു. ‘ഭൂമിയുടെ അവകാശികൾ’ എന്ന കഥയിൽ ഈ പ്രപഞ്ചം സകല ജീവജാലങ്ങൾക്കും ഒരുപോലെ അവകാശപ്പെട്ടതാണെന്ന ദർശനം അവതരിപ്പിച്ചു. മനുഷ്യകേന്ദ്രീകൃതമായ വികസന മാതൃകകൾ പ്രകൃതിയെ നശിപ്പിക്കുന്നതിലുള്ള ആകുലതകൾ പ്രകടിപ്പിച്ചു. ഒരു തൈത്തെങ്ങിൽ ആണിയടിച്ച ആശാരിയോട് തന്റെ നെഞ്ചിൽ ചോര പൊടിയുന്നതുപോലെ വേദന തോന്നിയെന്ന് ബഷീർ എഴുതിയത് പ്രകൃതിയോട് പുലർത്തിയ ആത്മബന്ധത്തിന്റെ തെളിവാണ്. ‘പാത്തുമ്മയുടെ ആട്’ എന്ന നോവലിലെ കഥാപാത്രമായ കുഞ്ഞുപ്പാത്തുമ്മ പ്രകൃതിയോടും മൃഗങ്ങളോടും പുലർത്തുന്ന ബന്ധം കാൾ മാർക്സിന്റെ "അജൈവിക ശരീരം' (Inorganic Body) എന്ന പരിസ്ഥിതി സങ്കൽപ്പത്തോട് ചേർത്തുവായിക്കാവുന്നതാണെന്ന് ഗവേഷണ പഠനങ്ങൾ വ്യക്തമാക്കുന്നു. മുതലാളിത്ത ആധുനികതയുടെ അളവുകോലുകളാൽ നോക്കുമ്പോൾ വസ്ത്രധാരണത്തിലും ശീലങ്ങളിലും മാന്യത പുലർത്തുന്ന ആയിഷയേക്കാൾ, പ്രകൃതിയുടെ സ്വാഭാവികതയും വന്യതയും കാത്തുസൂക്ഷിക്കുന്ന കുഞ്ഞുപ്പാത്തുമ്മയാ-`-ണ് നോവലിൽ വിജയിക്കുന്നത്. ‘തേന്മാവ്’ എന്ന കഥയിൽ വഴിപോക്കനായ വൃദ്ധൻ തനിക്ക് ലഭിച്ച കുടിനീരിൽ പകുതി ഉണങ്ങിപ്പോയ മാവിൻ തൈയ്ക്ക് ഒഴിച്ചുകൊടുക്കുന്നത്‌ പ്രകൃതിസംരക്ഷണത്തെ പരമമായ സൽക്കർമമായി ഉയർത്തിക്കാട്ടുന്നു. ഇതിന്‌ സാക്ഷ്യം വഹിച്ച്‌ പിന്നീട് വിവാഹിതനാകുന്ന തങ്ങളുടെ മകന് ആ വൃദ്ധന്റെ പേര് (യൂസുഫ് സിദ്ദീഖ്) നൽകുന്നത് പ്രകൃതിസ്നേഹം തലമുറകളിലേക്ക് കൈമാറപ്പെടുന്നതിന്റെ പ്രതീകമാണ്‌.


മതാതീത ആത്മീയ ദർശനമെന്ന 
പരസ്‌പര ബഹുമാനം


വർധിച്ചുവരുന്ന വർഗീയതയ്ക്കും വിഭാഗീയതയ്ക്കുമുള്ള ഏറ്റവും മികച്ച പ്രതിരോധമാണ് ബഷീറിന്റെ മതാതീത ആത്മീയ ദർശനം. ‘പ്രേമലേഖനം’ എന്ന നോവലിൽ കേശവൻ നായരും സാറാമ്മയും -പ്രണയത്തിലൂടെയും വിവാഹത്തിലൂടെയും മതത്തിന്റെ അതിർവരമ്പുകൾ ലംഘിക്കുന്നു. അവർ തങ്ങളുടെ കുട്ടിക്ക് ഒരു മതത്തിലും ചേരാതെ വളരാനുള്ള സ്വാതന്ത്ര്യം നൽകാൻ തീരുമാനിക്കുന്നതിലൂടെ തികച്ചും നിർമതവും രാഷ്ട്രീയ പക്ഷപാതമില്ലാത്തതുമായ പുതിയ തലമുറയെയാണ് ബഷീർ വിഭാവനം ചെയ്യുന്നത്. മതപരിവർത്തനമല്ല, പരസ്പര വിശ്വാസത്തെ ആദരിച്ച്‌ വ്യക്തിസ്വാതന്ത്ര്യത്തെ മാനിക്കുന്നതാണ് വിശ്വപ്രേമമെന്ന് ബഷീർ അടിവരയിടുന്നു. അദ്വൈത ചിന്തകളും സൂഫിസവും ചേർന്ന സവിശേഷമായ ദർശനമായിരുന്നു അത്. ‘അനൽഹഖ്’ എന്ന കഥയിൽ ഈ സ്വാധീനം വ്യക്തമായി ദർശിക്കാൻ സാധിക്കും. പിൽക്കാലത്ത് തന്റെ സുഹൃത്തായ ചെറിയമുണ്ടം അബ്ദുറസ്സാഖിന് എഴുതിയ കത്തിൽ ഹഖും ബ്രഹ്മവും ഒന്നേയുള്ളൂവെന്നും അത് അല്ലാഹു മാത്രമാണെന്നും അദ്ദേഹം വ്യക്തമാക്കുന്നുണ്ട്.


സ്വതന്ത്രനായതിനാൽ‌ നഷ്ടപ്പെട്ടവനായി


ബഷീർ എന്നും മനുഷ്യനന്മയിൽ വിശ്വസിച്ചു. ‘ശബ്ദങ്ങൾ’ എന്ന നോവലിലെ നായകൻ യുദ്ധത്തിന്റെ ക്രൂരതകൾക്കിടയിലും ജീവിക്കാനുള്ള തീവ്രമായ ആഗ്രഹം പ്രകടിപ്പിക്കുന്നുണ്ട്. യുദ്ധം, അധിനിവേശം, തടവ് എന്നിവയെല്ലാം മനുഷ്യന്റെ പ്രതീകാത്മകമായ ആവിഷ്കാരങ്ങളായാണ് നിർവചിക്കുന്നത്. ആധുനിക സമൂഹത്തിൽ മനുഷ്യൻ അനുഭവിക്കുന്ന അസ്തിത്വപരമായ ഏകാന്തതയെയും സ്വാതന്ത്ര്യത്തെയും കുറിച്ചുള്ള ബഷീറിയൻ കാഴ്ചപ്പാടുകൾ ഫ്രാൻസ് കാഫ്കയുടെ ചിന്തകളോട് സമാനത പുലർത്തുന്നതാണ്. കാഫ്ക "ഞാൻ സ്വതന്ത്രനാണ്, അതുകൊണ്ടാണ് ഞാൻ നഷ്ടപ്പെട്ടവനായത്' എന്ന് എഴുതിയപ്പോൾ, ബഷീർ "എനിക്ക് എന്തിനാണ് സ്വാതന്ത്ര്യം, ആരാണ് സ്വാതന്ത്ര്യം ആഗ്രഹിച്ചത്' എന്ന് ചോദിക്കുന്നു. ആധുനികത വാഗ്ദാനം ചെയ്യുന്ന സ്വാതന്ത്ര്യം കേവലം ഒരു ചെറിയ തടവറയിൽനിന്ന്‌ വലിയൊരു തടവറയിലേക്കുള്ള മാറ്റം മാത്രമാണ്‌. ബഷീറിന്റെ ഈ രചനാലോകം വിദേശ സർവകലാശാലകളിൽ ഉൾപ്പെടെ പഠനവിധേയമായിക്കൊണ്ടിരിക്കുകയാണ്.

ബഷീർ കൃതികൾ ഇന്നും തിളങ്ങിനിൽക്കുന്നത് അനുഭവപരമായ സത്യസന്ധതയിൽ അധിഷ്ഠിതമായതുകൊണ്ടാണ്. ആധുനികാനന്തര കാലഘട്ടത്തിൽ മലയാളികൾ നേരിടുന്ന സാമൂഹികവും ദാർശനികവുമായ പ്രതിസന്ധികൾക്ക് കൃത്യമായ മറുപടികൾ ബഷീറിയൻ ദർശനങ്ങൾ നൽകുന്നുണ്ട്. സാഹിത്യത്തെ സ്നേഹത്തിന്റെ അനന്തമായ പ്രവാഹമാക്കി മാറ്റിയതാണ് ബഷീറിന്റെ വിജയം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home