ഭൂപടത്തിലുണ്ട്

ഭൂപടത്തിൽ എവിടെയാണ് കേപ് വെർദെ? ലോകകപ്പ് യോഗ്യതാ ഘട്ടം മുതൽ ചോദ്യങ്ങളുയർന്നു. കണ്ണുകൾ അറ്റ്‌ലാന്റിക് സമുദ്രത്തിൽ ചിതറികിടക്കുന്ന ദ്വീപ് സമൂഹങ്ങളെ തേടി. അഗ്‌നിപർവതങ്ങൾ പുകയുന്നതുകണ്ടു. ഭൂപടത്തിൽ കേപ് വെർദെയെ തിരഞ്ഞവർ പിന്നെ അവരുടെ കളിമികവിന് കൈയടിച്ചു. ഇനിയൊരിക്കലും ഇൗ ചോദ്യമുയരില്ല. ആദ്യ ലോകകപ്പിൽ സ്വയം അടയാളപ്പെടുത്തി കേപ് വെർദെ മടങ്ങുന്നു.
ലയണൽ മെസിയും ക്രിസ്‌റ്റ്യാനോ റൊണാൾഡോയും ഹാരി കെയ്‌നുമൊന്നുമല്ല ഇൗ ലോകകപ്പിന്റെ ആവേശക്കാഴ്‌ച. അത് കേപ് വെർദെയാണ്. ലോകകപ്പ് കളിക്കാനെത്തിയ ഏറ്റവും ചെറിയ രണ്ടാമത്തെ രാജ്യം. അഞ്ചര ലക്ഷമാണ് ജനസംഖ്യ.
നാൽപ്പതുകാരൻ ഗോൾകീപ്പർ വൊസീന്യയുടെ മാസ്‌മരിക പ്രകടനംകൊണ്ട് ലോകകപ്പിലെ ആദ്യ കളിയിൽ യൂറോപ്യൻ ചാന്പ്യൻമാരായ സ്‌പെയ്‌നിനെ പിടിച്ചുകെട്ടി ആദ്യ പോയിന്റ് സ്വന്തമാക്കി. മറ്റൊരു മുൻ ചാന്പ്യൻമാർ ഉറുഗ്വായ്‌യെ 2–2ന് തളച്ച് ലോകകപ്പിലെ ആദ്യഗോൾ. സൗദി അറേബ്യയോട് ഗോളില്ലാസമനില. ഒടുവിൽ ലോക ജേതാക്കളായ അർജന്റീനയെ അധികസമയംവരെ വിറപ്പിച്ച് കീഴടങ്ങൽ. അതിൽ സിഡ്‌നി ലോപെസ് കബ്രാളിന്റെ ഗോൾ ഇൗ ലോകകപ്പിലെതന്നെ അതിമനോഹരമായതായിരുന്നു. ഒരു ഘട്ടത്തിൽ ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും വലിയ അട്ടിമറിക്കരികെയെത്തിയതാണ്. പക്ഷേ, മയാമിയിൽ അവസാന വിസിൽ മുഴങ്ങുന്പോൾ അവർ കണ്ണീർ വാർത്തു. തോറ്റെങ്കിലും ലോകമെന്പാടുമുള്ള ഫുട്‌ബോൾ ആരാധകരുടെ മനംകവർന്നാണ് മടക്കം.
ധൈര്യവും ഒത്തൊരുമയും ആത്മവിശ്വാസവും ചേർന്ന വിശാലതയിലാണ് കേപ് വെർദെ പന്ത് തട്ടിയത്. തോൽക്കാൻ അവർക്ക് മനസില്ലായിരുന്നു.
ഗോൾകീപ്പർ വൊസീന്യയിൽനിന്നാണ് സ്വപ്‌നസമാനമായ യാത്ര ആരംഭിക്കുന്നത്. ആദ്യ കളിയിൽ സ്‌പെയ്‌നിനെതിരെ ഏഴ് സേവുകൾ. അർജന്റീനയ്‌ക്കെതിരെയും ഏഴ്. ലോകകപ്പിൽ നാല് കളിയിൽ ആകെ 18 സേവുകൾ. ലോകകപ്പ് കഴിഞ്ഞ് പുതിയ സീസൺ ആരംഭിക്കുന്പോൾ വൊസീന്യയ്‌ക്കൊരു ക്ലബ്ബില്ല. പേരും ക്ലബ്ബും പരിചിതമല്ലാത്ത ഒരുകൂട്ടം ആളുകളായിരുന്നു അവർ. ബൗബിസ്‌റ്റയെന്ന പരിശീലകൻ അവരെ ഒരുമിപ്പിച്ചു.
ആഫ്രിക്കൻ മേഖലയിൽ കാമറൂണിനെ തകർത്ത് ലോകകപ്പിന് യോഗ്യത നേടുന്പോൾ കേപ് വെർദെയുടെ ഇൗ മായാജാല കഥ ആരും പ്രതീക്ഷിച്ചതല്ല. കഥ ഇനിയും തുടരും.










0 comments