ഗവ. പ്ലീഡർ നിയമനം: ലീഗ് പട്ടികയിൽ മറ്റുപാർടിക്കാരും ബന്ധുക്കളും

കോഴിക്കോട്:
സർക്കാർ അഭിഭാഷക നിയമനത്തെച്ചൊല്ലി മുസ്ലിംലീഗിൽ വിവാദം. ലീഗുമായി ബന്ധമില്ലാത്തവരെ നേതാക്കൾ ഗവ. പ്ലീഡറാക്കിയെന്നാണ് ആക്ഷേപം. കേന്ദ്രസർക്കാരിന്റെ അഭിഭാഷകനായി ഇഡിക്കുവേണ്ടി വാദിച്ച അഭിഭാഷകൻ ലീഗ് ക്വോട്ടയിലുണ്ടെന്നും പരാതിയുണ്ട്. ബിഎസ്‌പി നേതാവിനെ പ്ലീഡറാക്കുന്നതിലും എതിർപ്പുണ്ട്. നേതാക്കളുടെ ബന്ധുക്കൾ, മറ്റുപാർടിക്കാർ എന്നിവർ നിയമനപ്പട്ടികയിൽ ഇടംനേടിയതായ പരാതി ലീഗിന്റെ അഭിഭാഷക സംഘടന ലോയേഴ്‌സ് ഫോറവും ഉന്നയിക്കുന്നു.
അഡീഷണൽ അഡ്വക്കറ്റ് ജനറലായി പി എ മുഹമ്മദ് ഷായെ നിയമിച്ചതിൽ തുടങ്ങിയതാണ് തർക്കം. ലോയേഴ്‌സ്‌ഫോറം നിർദേശിച്ചയാളെ വെട്ടിയാണ് ഇദ്ദേഹത്തെ നിയോഗിച്ചത്.
ലീഗ് സംസ്ഥാന സെക്രട്ടറിയായ മുഹമ്മദ് ഷാ മുഖ്യമന്ത്രി വി ഡി സതീശന്റെ അടുപ്പക്കാരനായാണ് ഉന്നതപദവി സ്വന്തമാക്കിയതെന്ന വിമർശവുമുണ്ട്. ഇദ്ദേഹത്തിന്റെ ജൂനിയർ ലീഗ് പട്ടികയിൽ സ്ഥാനം പിടിച്ചെന്നും പരാതിയുണ്ട്.
വിദ്യാഭ്യാസ വകുപ്പിലെ സ്പെഷ്യൽ ഗവ. പ്ലീഡർ നിയമനത്തിലും അതൃപ്‌തിയുണ്ട്. പാർടിയുമായി ബന്ധമില്ലാത്തയാളെന്നാണ് ഒരുവിഭാഗം പറയുന്നത്. ഹൈക്കോടതിയിൽ പരിചയസന്പത്തില്ലാത്തയാളടക്കം നിയമനപ്പട്ടികയിലുണ്ട്.
കണ്ണൂർ സ്വദേശിയാണ് ഉന്നതനേതാക്കളുടെ ബലത്തിൽ ഇടംനേടിയത്. സ്‌റ്റാഫ് നിയമനത്തിൽ ലീഗിലെ ഭൂരിഭാഗം മന്ത്രിമാരും തന്നിഷ്‌ടം കാട്ടിയെന്ന ചർച്ച നേരത്തെയുണ്ട്. ലീഗ് കൊടുത്ത നൂറ്റന്പതുപേരുടെ പട്ടികയിൽ പത്തുപേരെ പോലും പരിഗണിച്ചില്ലെന്നാണ് ജില്ലാനേതാക്കൾ പറയുന്നത്.










0 comments