മൊറോക്കോ ക്വാർട്ടറിൽ

ഹൂസ്‌റ്റൺ
: മിടുക്ക് കാട്ടി വീണ്ടും മൊറോക്കോ. കാനഡയെ മൂന്ന് ഗോളിന് തകർത്ത് തുടർച്ചയായ രണ്ടാംതവണയും ലോകകപ്പ് ഫുട്‌ബോളിന്റെ ക്വാർട്ടറിലേക്ക് മുന്നേറി. ഇൗ നേട്ടം കൈവരിക്കുന്ന ആദ്യ ആഫ്രിക്കൻ രാജ്യമാണ്. ആതിഥേയ രാജ്യമായ കാനഡ പ്രീ ക്വാർട്ടറിൽ പോരാട്ടം അവസാനിപ്പിച്ചു.
ഇരുപത്താറുകാരൻ അസദീൻ ഒൗനാഹിയുടെ ഇരട്ടഗോളായിരുന്നു മൊറോക്കോയുടെ ഉൗർജം. അവസാന നിമിഷം സോഫിയാനെ റഹീമി ജയം പൂർത്തിയാക്കി.
കളിയുടെ തുടക്കം കാനഡയുടെ കാലുകളിലായിരുന്നു. പക്ഷേ, ലക്ഷ്യത്തിലേക്ക് മാത്രം ഷോട്ട് തൊടുക്കാനായില്ല. മൊറോക്കൻ ഗോൾകീപ്പർ യാസിനെ ബോനോയുടെ തകർപ്പൻ പ്രകടനവും കാനഡയെ തടഞ്ഞു.
കളി ഇടയ്‌ക്ക് കൈയാങ്കളിയിലേക്ക് നീങ്ങി. മത്സരത്തിൽ റഫറി എട്ട് മഞ്ഞക്കാർഡുകൾ വീശി.
ഇടവേളയ്‌ക്കുശേഷം കളി മൊറോക്കോയുടെ നിയന്ത്രണത്തിലായി. അഞ്ച് മിനിറ്റിൽ ലീഡും സ്വന്തമാക്കി. അഷ്‌റഫ് ഹക്കീമിയുടെ വലതുപാർശ്വത്തിലൂടെയുള്ള മുന്നേറ്റം കനേഡിയൻ പ്രതിരോധത്തെ ചിതറിച്ചു. ബോക്‌സിനരികെ ഹക്കീമി പിന്നിലേക്ക് പന്തിട്ടു. ഒൗനാഹിയുടെ നിലംപറ്റിയുള്ള ഷോട്ട് കാനഡ പ്രതിരോധത്തെ മറികടന്ന് വലയിൽ കടന്നു.
ഗോൾ വഴങ്ങിയതോടെ കാനഡ സമ്മർദ്ദത്തിലായി.
മറുവശത്ത് മൊറോക്കോ ആക്രമണം കടുപ്പിച്ചു. 82–ാം മിനിറ്റിൽ ബ്രാഹിം ഡയസിന്റെ നീക്കത്തിൽ ഒൗനാഹി വീണ്ടും വല തകർത്തു. ഇൗ ഗോളിൽ കാനഡ ജയമുറപ്പാക്കി. തിരിച്ചടിക്കാനുള്ള കാനഡയുടെ നിരന്തര ശ്രമങ്ങൾക്കിടെ റഹീമി മൊറോക്കോയുടെ ജയം പൂർത്തിയാക്കി. ഡയസാണ് ഇൗ ഗോളിനും വഴിയൊരുക്കിയത്. 2022 ഖത്തർ ലോകകപ്പിൽ സെമിയിൽ കടന്ന് മൊറോക്കോ ചരിത്രം കുറിച്ചതാണ്.










0 comments