print edition ബ്രസീൽ വഴിയിൽ ഹാലണ്ട്

ന്യൂയോർക്ക്:
ജപ്പാൻ പരീക്ഷയ്‌ക്ക് പിന്നാലെ ബ്രസീലിന് മറ്റൊരു വെല്ലുവിളി. ക്വാർട്ടർ തേടുന്ന കാനറികളുടെ വഴിമുടക്കാനായി നോർവെ രണ്ടും കൽപ്പിച്ചാണ്. ലോകോത്തര ഗോളടിക്കാരായ വിനീഷ്യസ് ജൂനിയറിന്റെയും എർലിങ് ഹാലണ്ടിന്റെയും ബലപരീക്ഷണത്തിന് കൂടിയാണ് ന്യൂജേഴ്‌സി സ്‌റ്റേഡിയം സാക്ഷിയാവുക. നാളെ പുലർച്ചെ ഒന്നരയ്‌ക്കാണ് പ്രീ ക്വാർട്ടർ. 2002ൽ ചാമ്പ്യൻമാരായശേഷം നടന്ന അഞ്ച് ലോകകപ്പിലും യൂറോപ്യൻ ടീമുകളോട് നോക്കൗട്ടിൽ തോറ്റ് പുറത്തായതിന്റെ ഉൾഭയം ബ്രസീലിനുണ്ട്.
1998ൽ ഗ്രൂപ്പ് മത്സരത്തിൽ മഞ്ഞപ്പടയെ 2–1ന് തോൽപ്പിച്ച ചരിത്രപിന്തുണ നോർവെയ്‌ക്ക് ബലമാകും. അതിനുശേഷം ആദ്യമായാണ് സ്‌കാൻഡിനേവിയൻ രാജ്യം ലോകകപ്പിനെത്തുന്നതെന്ന പ്രത്യേകതയുമുണ്ട്.
റൗണ്ട് ഓഫ് 32ൽ ജപ്പാനോട് പിന്നിട്ടുനിന്നശേഷം രണ്ടെണ്ണം തിരിച്ചടിച്ച് ജയിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ബ്രസീൽ. ഓരോ കളിയിലും ലാറ്റിനമേരിക്കൻ സംഘം മെച്ചപ്പെട്ട് വരുന്നു. നാല് ഗോളുള്ള വിനീഷ്യസ് ജൂനിയറാണ് കുന്തമുന. മതേവൂസ് കുന്യ പിന്തുണയായുണ്ട്. മധ്യനിരയിൽ ബ്രൂണോ ഗുയിമെയ്‌റസും കാസെമിറോയുമാണ് പ്രധാനികൾ.
പ്രതിരോധവും മോശമല്ല. പരിക്കേറ്റ ലൂകാസ് പക്വേറ്റയ്‌ക്ക് പകരം ഡാനിലോ സാന്റോസോ ഗബ്രിയേൽ മാർട്ടിനെല്ലിയോ എത്തും. റ-ഫീന്യ ഇത്തവണയുമില്ല.
അഞ്ച് ഗോളടിച്ച എർലിങ് ഹാലണ്ടാണ് നോർവെയുടെ മുഖം. ക്യാപ്‌റ്റൻ മാർട്ടിൻ ഒദെഗാർദ് ഉൾപ്പെടെ മികച്ച യുവനിരയാണ്. ആക്രമിക്കാനും പ്രതിരോധിക്കാനും ഒരുപോലെ മിടുക്കുണ്ട്. ഐവറികോസ്റ്റിനെ 2–1ന് മറികടന്നാണ് വരവ്. ബ്രസീലിനോട് ഇതുവരെയും തോറ്റിട്ടുമില്ല ടീം.









0 comments