കെ ടെറ്റ് സർട്ടിഫിക്കറ്റ് പരിശോധന
രണ്ടായിരത്തോളം അധ്യാപകരെ വരിനിർത്തി വലച്ചു

കെ ടെറ്റ് സർട്ടിഫിക്കറ്റ് പരിശോധനകൾക്കായി കോഴിക്കോട് കൊട്ടാരം റോഡിലെ ജില്ലാ വിദ്യാഭ്യാസ ഓഫീസിലെത്തിയ അധ്യാപകരുടെ തിരക്ക്
സ്വന്തംലേഖകൻ
Published on Jul 05, 2026, 02:18 AM | 1 min read
കോഴിക്കോട്
രണ്ടായിരത്തോളം അധ്യാപകരെ വരി നിർത്തി വലച്ച് അധ്യാപക യോഗ്യത പരീക്ഷയുടെ (കെ ടെറ്റ്) സർടിഫിക്കറ്റ് പരിശോധന.
അധ്യാപകരായ കെ ടെറ്റ് നേടിയവരുടെ സർട്ടിഫിക്കറ്റ് പരിശോധനയാണ് പൊല്ലാപ്പായത്. കോഴിക്കോട് ഡിഇഒ ഓഫീസിന് മുന്നിൽ മാത്രം രണ്ടായിരത്തോളം പേരാണ് തിക്കിത്തിരക്കിയത്. നടക്കാവിലെ ഓഫീസിന് മുന്നിൽ തുടങ്ങി പുറത്ത് കൊട്ടാരം റോഡ് വരെ വരി നീണ്ടു. സർക്കാർ തലത്തിൽ വെരിഫിക്കേഷനുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ഏകോപനമുണ്ടായില്ലെന്നും നടപടികൾ ലഘൂകരിക്കാൻ അവസരമുണ്ടായിട്ടും ശ്രമിച്ചില്ലെന്നും അധ്യാപകർ പറഞ്ഞു. ഡിഇഒ ഓഫീസ് തുറക്കുന്നതിനും മുന്നേ ശനി രാവിലെ ഒമ്പതോടെ അധ്യാപകർ പരിശോധനക്കായി വരി നിന്നു. എണ്ണൂറിനടുത്ത് പേർക്കാണ് ടോക്കൺ നൽകിയത്. പിന്നീടെത്തിയവർ നീണ്ടവരികളിൽപ്പെട്ടു. കനത്ത മഴയിൽ കുടനിവർത്താൻപോലും പറ്റാത്ത സ്ഥിതി.
അടുത്ത വർഷം വിരമിക്കേണ്ട അധ്യാപകരടക്കം മണിക്കൂറുകൾ വരിനിന്നു കഷ്‌ടപ്പെട്ടു. പരിശോധന സമയം നീണ്ടത് അധ്യാപകരുടെ പ്രതിഷേധത്തിനുമടിയാക്കി. തുടർന്ന് സർട്ടിഫിക്കറ്റിന്റെ പകർപ്പും അധ്യാപകരുടെ വിവരങ്ങളും വാങ്ങിവെച്ച് കാര്യങ്ങൾ വേഗത്തിലാക്കാൻ ശ്രമിച്ചു. താമരശേരിയിലും സ്ഥിതി വ്യത്യസ്‌തമല്ലായിരുന്നു.
ഉപജില്ലകളനുസരിച്ചോ ഓരോ വിഭാഗത്തിനനുസരിച്ചോ ഗൂഗിൾ ഫോം വഴി അധ്യാപകരുടെ വിവരങ്ങൾ ശേഖരിച്ച് ദിവസമോ സമയമോ നിശ്ചയിക്കണമായിരുന്നുവെന്ന് അധ്യാപകർ പറഞ്ഞു. സെൻസസിനായി ശനി, ഞായർ ദിവസങ്ങളിൽ സമയം കണ്ടെത്താനായിരുന്നു മുന്പ് നിർദേശം . വെരിഫിക്കേഷനായി എത്തിയതിൽ 90 ശതമാനത്തിന് മുകളിൽ പേരും സെൻസസ് ജോലിക്ക് നിയോഗിക്കപ്പെട്ടവരാണ്.
കൽപ്പറ്റ
വയനാട്ടിലും കെ ടെറ്റ് വെരിഫിക്കേഷൻ നടപടിയിൽ വലഞ്ഞ് അധ്യാപകർ. ആയിരക്കണക്കിന് അധ്യാപകർ പെരുമഴയിൽ മണിക്കൂറുകൾ വരിനിൽക്കേണ്ടിവന്നു. പരിശോധന കേന്ദ്രത്തിന് പുറത്ത് റോഡുവരെ വരി നീണ്ടു. വനിതകളടക്കമുള്ള അധ്യാപകർക്കായി ശുചിമുറി സൗകര്യംപോലും ഒരുക്കിയില്ല. അഞ്ച് ദിവസമെങ്കിലും ആവശ്യമായിരുന്നു നടപടി രണ്ടു ദിവസത്തിനുള്ളിൽ തീർക്കാനുള്ള തീരുമാനമാണ് പാളിയത്. ശനി രാവിലെ പത്ത് മുതൽ വൈകിട്ട് നാലുവരെ 1028 അധ്യാപകരോടാണ് എത്താൻ നിർദേശിച്ചത്. ഇത്രയും അധ്യാപകരുടെ സർട്ടിഫിക്കറ്റ് പരിശോധിക്കാൻ സംവിധാനവും ഒരുക്കിയിരുന്നില്ല. ആവശ്യമായ ജീവനക്കാരുമുണ്ടായിരുന്നില്ല.











0 comments