Deshabhimani

സർക്കാർ ഇടപെടണം

തീരുമാനം നീണ്ടാൽ സമരം ശക്തമാക്കും: യുപിഎസ്ടി ഉദ്യോഗാർഥികൾ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 25, 2026, 12:22 AM | 1 min read

തിരുവനന്തപുരം

ഉന്നയിച്ച വിഷയങ്ങളിൽ സമയബന്ധിതമായി തീരുമാനം ഉണ്ടായില്ലെങ്കിൽ സമരം ശക്തമാക്കുമെന്ന്‌ യുപിഎസ്‌ടി റാങ്ക്‌ പട്ടികയിൽ ഉൾപ്പെട്ടവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. പട്ടിക നിലവില്‍വന്ന് ഒരു വര്‍ഷം കഴിഞ്ഞിട്ടും ഒമ്പത് ജില്ലകളിൽ ഒന്നാം റാങ്കുകാർക്കുപോലും ജോലി ലഭിച്ചില്ല. നിയമന നടപടികള്‍ വേഗത്തിലാക്കണം. എല്‍പിഎസ്ടി ഉദ്യോഗാര്‍ഥികളുടെ ആവശ്യം പരിഗണിക്കുന്നതിനൊപ്പം പ്രൈമറി തലത്തിലെ വിഷയങ്ങൾ ഒന്നായി പരിഹരിക്കണമെന്നും ഉദ്യോഗാർഥികൾ ആവശ്യപ്പെട്ടു. സെക്രട്ടറിയറ്റിനു മുന്നില്‍ ജൂലൈ 29 മുതൽ 17 ദിവസം നീണ്ടുനിന്ന അനിശ്ചിതകാല സമരം ചർച്ചയിൽ മന്ത്രി ചില ഉറപ്പുകള്‍ നല്‍കിയതോടെയാണ്‌ അവസാനിപ്പിച്ചത്‌. ആവശ്യപ്പെട്ട 45 ദിവസത്തെ സാവകാശം അവസാനിച്ചിട്ടും ഒരിടപെടലും ഉണ്ടായില്ല. ഇതോടെയാണ്‌ വീണ്ടും സമരം തുടങ്ങിയത്‌. അഞ്ചാം ക്ലാസില്‍ അധ്യാപക- വിദ്യാർഥി അനുപാതം 1:25ഉം ആറ്, ഏഴ് ക്ലാസുകളില്‍ 1:30 എന്നിങ്ങനെയും ക്രമീകരിച്ച് ഡിവിഷന്‍ ഫാള്‍ പ്രശ്നം പരിഹരിക്കണം. അല്ലാത്തപക്ഷം ഡിവിഷന്‍ ഫാള്‍ വന്ന സ്കൂളുകളിലെങ്കിലും അനുപാതം കുറയ്‌ക്കണം. റിട്ടയര്‍മെന്റ്, പ്രൊമോഷന്‍ ഒഴിവുകള്‍ നിലവിലെ പട്ടികയിൽനിന്ന്‌ നിയമനം നടത്തുക, പട്ടികയുടെ കാലാവധി ഒന്നര വര്‍ഷം നീട്ടുക, പുതിയ യുപിഎസ്ടി മലയാളം മീ‍ഡിയം വിജ്ഞാപനം നീട്ടിവയ്‌ക്കുക, എച്ച്ടിവി, എംആര്‍എസ് ഒഴിവുകള്‍ യുപിഎസ്ടി ഉദ്യോഗാര്‍ഥികള്‍ക്ക് ലഭ്യമാകുന്ന തരത്തില്‍ പിഎസ്‌സിക്ക് വിടുക തുടങ്ങിയ ആവശ്യങ്ങളാണ്‌ ഉന്നയിക്കുന്നതെന്ന്‌ ഉദ്യോഗാര്‍ഥികളായ എം അഖിലാഷ്, അഞ്ജന, ദേവിക കൃഷ്‌ണ, സുരയ്യ, നവമി എന്നിവര്‍ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home