print edition അനുവദിക്കില്ല തൊഴിലാളിദ്രോഹം; കേന്ദ്രനയങ്ങൾക്കെതിരെ ജനരോഷം ഇരമ്പും

എം പ്രശാന്ത്
Published on Nov 25, 2026, 12:38 AM | 2 min read
ന്യൂഡൽഹി: തൊഴിലാളികളുടെ അവകാശങ്ങളും ആനുകൂല്യങ്ങളും പൂർണമായും കവരുന്ന നാല് തൊഴിൽ കോഡുകൾ പിൻവലിക്കണമെന്ന ആവശ്യവുമായി ഡിസംബർ ഒന്നുമുതൽ മൂന്നുവരെ ഡൽഹിയിൽ വൻപ്രക്ഷോഭത്തിന് തയ്യാറെടുത്ത് സിഐടിയു. ഒരു ലക്ഷം തൊഴിലാളികളെയും ജീവനക്കാരെയും ഒന്നിന് രാംലീല മൈതാനിയിൽ അണിനിരത്തി പാർലമെന്റിലേക്ക് മാർച്ച് നടത്തും. തൊഴിൽ കോഡുകൾക്കെതിരായി ഡൽഹി കേന്ദ്രീകരിച്ചുള്ള ഏറ്റവും വലിയ ജനമുന്നേറ്റമാകും ഇത്.
പാർലമെന്റ് മാർച്ചിന് ഡൽഹി പൊലീസ് അനുമതി നൽകിയിട്ടില്ല. പൊലീസ് വിലക്ക് ലംഘിച്ച് മാർച്ചുമായി മുന്നോട്ടുനീങ്ങുമെന്ന് സിഐടിയു നേതൃത്വം അറിയിച്ചു. മാർച്ച് പൊലീസ് എവിടെ തടഞ്ഞാലും രണ്ടുദിവസം അവിടെ കുത്തിയിരുന്ന് പ്രതിഷേധിക്കും. സ്ഥിരംതൊഴിൽ സങ്കൽപ്പത്തെ ഇല്ലാതാക്കുന്നതും സംഘടിക്കാനും പണിമുടക്കാനുമുള്ള അവകാശം നിരാകരിക്കുന്നതുമാണ് നാല് തൊഴിൽ കോഡുകൾ. കേന്ദ്രസർക്കാർ പാർലമെന്റിൽ ഏകപക്ഷീയമായി പാസാക്കിയ തൊഴിൽ കോഡുകൾക്കെതിരെ ബിഎംഎസ് ഒഴികെ ട്രേഡ്‌യൂണിയനുകൾ രംഗത്തുണ്ട്.
ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പുനഃസ്ഥാപിക്കണമെന്ന ആവശ്യവും സിഐടിയു ഉയർത്തുന്നു. ഗ്രാമീണ തൊഴിൽ നിയമപരമായ അവകാശമാക്കി പദ്ധതിക്ക് ഫണ്ട് അനുവദിക്കണം. വിവിധ പദ്ധതി തൊഴിലാളികളെ തൊഴിലാളികളായി അംഗീകരിച്ച് ഇന്ത്യൻ ലേബർ കോൺഫറൻസ് ശുപാർശ നടപ്പാക്കണം. ആശ, അങ്കണവാടി, സ്‌കൂൾ ഉച്ചഭക്ഷണ പദ്ധതി തൊഴിലാളികൾക്ക് ന്യായമായ വേതനവും സാമൂഹികസുരക്ഷയും തൊഴിൽ അവകാശങ്ങളും ഉറപ്പാക്കണം. പോഷകാഹാരം, ആരോഗ്യം, സ്‌കൂൾ വിദ്യാഭ്യാസം എന്നീ മേഖലകളിൽ നിർണായക പങ്ക് വഹിച്ചിട്ടും മാസം 1000 മുതൽ 4500 രൂപ വരെയാണ് ഭൂരിഭാഗം സംസ്ഥാനങ്ങളിലും പദ്ധതി തൊഴിലാളികൾക്ക് ലഭിക്കുന്നത്.
മാസം 42000 രൂപ മിനിമം വേതനമെന്ന ആവശ്യവും സിഐടിയു മുന്നോട്ടുവയ്‌ക്കുന്നു. മിനിമം വേതനം നിയമപരമായി ഉറപ്പാക്കണം. 21000 രൂപ സാർവത്രിക പെൻഷൻ നടപ്പാക്കണം. സർക്കാർ സർവീസുകളിലെയും പൊതുമേഖലാ സ്ഥാപനങ്ങളിലെയും ഒഴിഞ്ഞുകിടക്കുന്ന തസ്‌തികകൾ ഉടൻ നികത്തണം. സ്ഥിരം സ്വഭാവമുള്ള തൊഴിലുകൾ ചെയ്യുന്ന കരാർ ജീവനക്കാരെ സ്ഥിരപ്പെടുത്തണം. തൊഴിലിടങ്ങളിലെ സുരക്ഷാലംഘനം അവസാനിപ്പിച്ച് തൊഴിലിട സുരക്ഷാ മാനദണ്ഡങ്ങൾ ഉറപ്പാക്കണം. തൊഴിലിട പരിശോധനകൾ ശക്തമാക്കി നിയമപരമായ അവകാശങ്ങൾ ലംഘിക്കുന്ന തൊഴിലുടമകൾക്കെതിരെ നടപടിയെടുക്കണം. ബലമായുള്ള ഭൂമി ഏറ്റെടുക്കൽ അവസാനിപ്പിക്കണം. ആദിവാസികളെയും മറ്റ് വിഭാഗങ്ങളെയും നിലനിർത്തുന്ന വനങ്ങൾക്കും പ്രകൃതിവിഭവങ്ങൾക്കും നേരെയുള്ള കടന്നാക്രമണവും കൈയ്യേറ്റവും തടയണം. ജലവും നിലവും വനവും പൊതുമേഖലാ സ്വത്തുക്കളും സംരക്ഷിക്കണമെന്നും സിഐടിയു ആവശ്യപ്പെടുന്നു.








0 comments