Deshabhimani

എഡിഫൈസുമായി കരാർ ഒപ്പിട്ടു

ചന്ദർകുഞ്ജ്‌ ടവറുകൾ 
മാർച്ചിൽ വീഴും

Chandarkunj Flat
വെബ് ഡെസ്ക്

Published on Nov 25, 2026, 12:42 AM | 1 min read

കൊച്ചി

നിർമാണപ്പിഴവുമൂലം തകർന്ന വൈറ്റില സിൽവർസാൻഡ്‌ ഐലൻഡിലെ ചന്ദർകുഞ്‌ജ്‌ ആർമി ടവറുകൾ ആറുമാസത്തിനകം നിയന്ത്രിത സ്‌ഫോടനത്തിലൂടെ പൊളിച്ച്‌ നീക്കാൻ കരാറായി. 2027 മാർച്ചിൽ സ്‌ഫോടനങ്ങൾ നടത്താനാണ്‌ പദ്ധതി. ഹൈക്കോടതി നിർദേശപ്രകാരം കലക്‌ടർ അധ്യക്ഷയായി രൂപീകരിച്ച മേൽനോട്ടസമിതിക്കുവേണ്ടി ഫോർട്ട്‌കൊച്ചി ആർഡിഒയും ടവറുകൾ പൊളിക്കുന്ന മുംബൈയിലെ എഡിഫൈസ്‌ കന്പനിയുടെ പ്രോജക്‌ട്‌ മാനേജരുമാണ്‌ കരാറിൽ ഒപ്പിട്ടത്‌.


ഇരട്ട ടവറുകൾക്ക്‌ സമീപമുള്ള 14 നില എ ടവറിന്റെ സുരക്ഷയും സ‍ൗകര്യങ്ങളും ഉറപ്പാക്കുന്ന വ്യവസ്ഥകളും ഉൾപ്പെടുന്നതാണ്‌ കരാർ. 26 നിലകൾ വീതമുള്ള ഇരട്ട ടവറുകൾ പൊളിച്ച്‌ അവശിഷ്‌ടങ്ങൾ സ്ഥലത്തുനിന്ന്‌ നീക്കുന്നത്‌ ഉൾപ്പെടെ ജോലികൾ ജിഎസ്‌ടിക്ക്‌ പുറമെ 9.66 കോടി രൂപയ്‌ക്കാണ്‌ എഡിഫൈസ്‌ കരാറെടുത്തിട്ടുള്ളത്‌. ഇതിൽ 6.25 കോടി രൂപ ടവറുകളിലെ ലിഫ്‌റ്റ്‌ ഒഴികെയുള്ള സാധന സാമഗ്രികൾക്കുള്ള വിലയായാണ്‌ കണക്കാക്കിയിട്ടുള്ളത്‌. രണ്ട്‌ ടവറുകളും സ്‌ഫോടനത്തിലൂടെ വീഴ്‌ത്തിയ ശേഷം ബേസ്‌മെന്റ്‌ സ്ലാബും പൈൽ ക്യാപ്പും ഉൾപ്പെടെ അവശിഷ്‌ടങ്ങൾ സ്ഥലത്തുനിന്ന്‌ നീക്കണം. എ ടവറിന്‌ കേടുപാടുകൾ ഇല്ലെന്ന്‌ സ്‌ഫോടന ശേഷം ഐഐടി മദ്രാസിന്റെ പരിശോധനയിലൂടെ ഉറപ്പാക്കണം. എ ടവറിലേക്ക്‌ കുടിവെള്ളം, ഫയർ പൈപ്പ്‌, സാനിറ്റേഷൻ, വൈദ്യുതി സ‍ൗകര്യങ്ങൾ മുൻകൂട്ടി ഏർപ്പാടാക്കണം. 56 കാറുകൾ പാർക്ക്‌ ചെയ്യാനുള്ള സ്ഥലവും സ‍ൗകര്യപ്രദമായ വഴിയും ഒരുക്കണം.


ഇതിന്‌ പുറമെ സമീപത്തെ നിർമാണങ്ങളെക്കൂടി ഉൾപ്പെടുത്തി 75 കോടി രൂപയുടെ ഇൻഷുറൻസും എടുക്കണം. കരാർ ഒപ്പിട്ട്‌ ഒരാഴ്‌ചക്കകം ഒരു കോടി രൂപ സുരക്ഷാനിക്ഷേപം നൽകണമെന്നും കരാറിൽ പറയുന്നു. കരാർ പ്രകാരം 15 ദിവസത്തിനകം എഡിഫൈസിന്റെ യന്ത്രസാമഗ്രികൾ ഉൾപ്പെടെ സ്ഥലത്ത്‌ എത്തും. എ ടവറിനാവശ്യമായ സ‍ൗകര്യങ്ങളും സുരക്ഷയും 12 ആഴ്‌ചക്കുള്ളിൽ സജ്ജീകരിക്കും. 14 ആഴ്‌ചക്കുള്ളിൽ നിയന്ത്രിത സ്‌ഫോടനത്തിനുള്ള മുന്നൊരുക്കങ്ങൾ പൂർത്തിയാക്കും. സ്‌ഫോടനത്തിലൂടെ ടവറുകൾ വീഴ്‌ത്തിയ ശേഷം രണ്ടുമാസത്തിനകം സ്‌റ്റീലും കോൺക്രീറ്റ്‌ അവശിഷ്‌ടങ്ങളും നീക്കാനാണ്‌ എഡിഫൈസിന്റെ പദ്ധതി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home