Deshabhimani

പരിമിതികൾ മറികടന്ന് കേരളോത്സവം പഞ്ചഗുസ്‌തിയിൽ ഒന്നാമത്‌

മിദ്‌ലാജിനെ തോൽപ്പിച്ചത്‌ സംഘാടകർ

aa
avatar
വി കെ ഷാനവാസ്‌

Published on Nov 25, 2026, 12:50 AM | 1 min read

എടക്കര

പരിമിതികളെ തോൽപ്പിച്ച് കേരളോത്സവം പഞ്ചഗുസ്‌തി മത്സരത്തിൽ പഞ്ചായത്തിലും ബ്ലോക്കിലും ഒന്നാമതെത്തിയ ഭിന്നശേഷിക്കാരന്‌ യുഡിഎഫ് ഭരണസമിതി വിധിച്ചത് രണ്ടാംസ്ഥാനം. വലതുകൈപ്പത്തിയില്ലാതിരുന്നിട്ടും ഇടതുകൈ കൊണ്ട് ആത്മവിശ്വാസത്തോടെ മത്സരിച്ച്‌ ഒന്നാംസ്ഥാനം നേടിയ എടക്കര പള്ളിപ്പടി ശങ്കരംകുളം സ്വദേശി കണ്ടൻപറന്പിൽ മിദ്‌ലാജിനെയാണ് സംഘാടകർ അപമാനിച്ചത്‌. എടക്കര പള്ളിപ്പടി യൂത്ത് ക്ലബ്ബിനെ പ്രതിനിധീകരിച്ചാണ്‌ മിദ്‌ലാജ്‌ എടക്കര പഞ്ചായത്ത്‌ കേരളോത്സവത്തിൽ പങ്കെടുത്തത്‌. മത്സരത്തിൽ ഒന്നാംസ്ഥാനവും നേടി. എന്നാൽ രണ്ടാംസ്ഥാനക്കാരനാക്കിയാണ്‌ പഞ്ചായത്ത്‌ സർട്ടിഫ-ിക്കറ്റ്‌ നൽകിയത്‌. ഒന്നാംസ്ഥാനക്കാരനുമാത്രമാണ്‌ ബ്ലോക്കുതല മത്സരത്തിനുള്ള യോഗ്യത. ബ്ലോക്കുതലത്തിൽ മത്സരിച്ചാൽ ജയിക്കില്ലെന്ന്‌ പറഞ്ഞാണ്‌ എടക്കര പഞ്ചായത്ത്‌ മിദ്‌ലാജിനെ അപമാനിച്ച്‌ മാറ്റിനിർത്തിയത്‌. എന്നാൽ എടക്കരയിൽനിന്ന്‌ സംഘാടകർ ഒന്നാംസ്ഥാനക്കാരനാക്കി പറഞ്ഞയച്ചയാൾ നിലന്പൂർ ബ്ലോക്കുതല മത്സരത്തിൽ തിളങ്ങിയില്ല. ചാലിയാർ പഞ്ചായത്തില്‍നിന്നുള്ള താരമാണ്‌ ബ്ലോക്ക്‌ മത്സരത്തിൽ ഒന്നാംസ്ഥാനം നേടിയത്‌. അർഹിച്ച അവസരം നഷ്‌ടപ്പെട്ട മിദ്‌ലാജ്‌ ബ്ലോക്കുതല മത്സരത്തിലെ "ഒന്നാംസ്ഥാനക്കാര"നോട്‌ വേദിയിൽവച്ച്‌ സ‍ൗഹൃദമത്സരം നടത്തി. അവിടെയും മിദ്‌ലാജിനായിരുന്നു ജയം. ഇതോടെ സംഘാടകരുടെ ക്രൂരമായ അവഗണനക്കെതിരെ കനത്ത പ്രതിഷേധമുയർന്നു. എന്നാൽ ബ്ലോക്ക് പഞ്ചായത്തും രണ്ടാംസ്ഥാന സർട്ടിഫിക്കറ്റാണ്‌ നൽകിയത്‌. അതും സ്റ്റേജിൽനിന്ന് നൽകാതെ മറ്റൊരു സ്ഥലത്തുവച്ച്‌. യുഡിഎഫ് ഭരണസമിതികളുടെ അവഗണനയോടെ ജില്ലാ മത്സരത്തിൽ പങ്കെടുക്കാനുള്ള അവസരവും നഷ്‌ടമായി. സംഭവത്തിൽ എടക്കര പഞ്ചായത്ത് പ്രസിഡന്റ്‌, മുസ്ലിംലീഗ് വാർഡ് മെമ്പർ എന്നിവർക്കെതിരെ കനത്ത പ്രതിഷേധമുയർന്നു. അന്വേഷണവും ശക്തമായ നടപടിയും ആവശ്യപ്പെട്ട് ഡിവൈഎഫ്ഐ എടക്കര ബ്ലോക്ക് കമ്മിറ്റി കലക്ടർക്ക് പരാതി നൽകിയിട്ടുണ്ട്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home