എഫ്‌എഫ്‌എസ് ഡിജിറ്റൽ പ്ലാറ്റ്‌ഫോം തകരാർ
വളം വാങ്ങാനാകാതെ ‘ആപ്പി’ലായി കർഷകർ


സ്വന്തം ലേഖകൻ
Published on Nov 25, 2026, 12:54 AM | 1 min read
ആലപ്പുഴ
നെൽകർഷകർക്ക് വളം ലഭ്യമാക്കാനുള്ള ഡിജിറ്റൽ പ്ലാറ്റ്‌ഫോം ‘ഫ്രെയിം വർക് ഫോർ ഫെർട്ടിലൈസർ സെയിലിൽ’ (എഫ്‌എഫ്‌എസ്) ഉണ്ടാവുന്ന സാങ്കേതിക തകരാർ വിനയാകുന്നു. കുട്ടനാട്, അപ്പർ കുട്ടനാട് മേഖലകളിൽ ഇതുകാരണം സമയത്തിന് വളം വാങ്ങാനാകാതെ വലയുകയാണ് കർഷകർ. വിത്ത് ലഭിക്കാത്തതിനാൽ ഇത്തവണ കുട്ടനാടൻ പ്രദേശത്ത് സമയത്തിന് വിതയ്‌ക്കാനായില്ല. അപ്പർ കുട്ടനാട്ടിലെ പല ഭാഗങ്ങളിലും ഇപ്പോഴും വിത്ത് എത്തിയിട്ടില്ല. ഇതിനുപുറമേ പുതിയ സംവിധാനത്തിന്റെ തകരാറും വളം വിലവർധനയും കൂടിയായപ്പോൾ കർഷകർ പൊറുതിമുട്ടി. കേന്ദ്ര– സംസ്ഥാന സർക്കാരുകളുടെ ധാരണപ്രകാരമാണ് എഫ്‌എഫ്‌എസ് ഡിജിറ്റൽ പ്ലാറ്റ്‌ഫോം ഏർപ്പെടുത്തിയത്. ഇത്തവണത്തെ രണ്ടുമാസംമുന്പ്, പുഞ്ചസീസൺ മുതലാണ് ഇത് നിർബന്ധമാക്കിയത്. കേരളത്തിൽ ആലപ്പുഴ, പാലക്കാട് ജില്ലകളെയാണ് ഇതിൽ ഉൾപ്പെടുത്തിയത്. സ്‌മാർട്ട് ഫോൺ അധിഷ്‌ഠിത ആപ്പാണ് എഫ്‌എഫ്‌എസ്. ഇത് ഡൗൺലോഡ് ചെയ്‌തതിനുശേഷം ആധാറും സ്ഥലം സംബന്ധിച്ച വിശദാംശങ്ങളും നൽകണം. ഇതിന് അംഗീകാരം ലഭിച്ചതിനുശേഷം സ്ഥലത്തിന്റെ അളവ് അനുസരിച്ച് ഏതൊക്കെ വളങ്ങൾ എത്രത്തോളം ഉപയോഗിക്കാം എന്ന നിർദേശം ലഭിക്കും. തുടർനടപടി പൂർത്തിയാക്കുന്പോൾ ക്യുആർ കോഡ് ലഭിക്കും. ഇതനുസരിച്ച് ജില്ലയിലെ അംഗീകൃത ഏജൻസികളിൽനിന്ന് വളം വാങ്ങാം.
സദാ സർവർ തിരക്ക്
പുതിയ സാങ്കേതികവിദ്യ ഏർപ്പെടുത്തുന്നത് സ്വാഗതാർഹമാണെങ്കിലും ആപിന് ധാരാളം സാങ്കേതിക തകരാറുകളുണ്ടെന്ന് കർഷകർ പറഞ്ഞു. ഗൂഗിൾ പ്ലേസ്‌റ്റോറിൽനിന്ന് ഡൗൺലോഡ് ചെയ്യാവുന്ന ആപ് എല്ലാ ഫോണുകളിലും പ്രവർത്തനക്ഷമമാകുന്നില്ല. വളംവാങ്ങാനുള്ള അനുമതി 48 മണിക്കൂർ മാത്രമേ ഫോണിൽ നിൽക്കൂ. ഇത് ഏറെ ബുദ്ധിമുട്ടാണ്. മാത്രമല്ല, സർവർ എപ്പോഴും തിരക്കുമായിരിക്കും. അതിനാൽ പലപ്പോഴും നടപടി പൂർത്തീകരിക്കാനാവില്ല. ബയോമെട്രിക് സംവിധാനം ഉപയോഗിച്ചുള്ള പ്രവർത്തനമായതുകൊണ്ട്, ഒരു കുടുംബത്തിനുള്ള കൃഷിഭൂമി ഒന്നിലധികം അംഗങ്ങളുടെ പേരിലാണെങ്കിൽ ഓരോരുത്തരും ആപ് ഡൗൺലോഡ് ചെയ്‌ത് നടപടികൾ ചെയ്യണം. വിദേശത്തുള്ളവർക്കും മറ്റും ഇതിന് സാധിക്കാത്തതിനാൽ വളം വാങ്ങാനും കഴിയുന്നില്ല. പ്രായമുള്ള കർഷകർക്ക് സാങ്കേതികവിദ്യ സ്വാംശീകരിക്കാനുള്ള ബുദ്ധിമുട്ട് കാരണം ഫോണിലുള്ള പ്രവർത്തനങ്ങൾ ചെയ്യാൻ പ്രയാസമാണ്.









0 comments