print edition റിയാദിൽ വീണ്ടും ഹൂതി ആക്രമണം

അനസ് യാസിന്‍
Published on Nov 25, 2026, 12:55 AM | 1 min read
മനാമ: സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിലെ കിങ് അബ്ദുള്ള ഫിനാന്‍ഷ്യല്‍ ഡിസ്ട്രിക്‌ടിലെ ടവറുകളിൽ ഒന്നിനുനേരെ വീണ്ടും ഹൂതി ആക്രമണം. 11 പേർക്ക് പരിക്കേറ്റതായി അൽ ജസീറ റിപ്പോർട്ട്‌ചെയ്‌തു. ഭീരുത്വപരമായ ഭീകരാക്രമണമാണ് ഉണ്ടായതെന്നും സുരക്ഷാ- ഏജന്‍സികള്‍ പരിശോധന നടത്തിവരികയാണെന്നും സഖ്യസേനാ വക്താവ് തുര്‍ക്കി അല്‍ മാലികി അറിയിച്ചു. ഒരാഴ്‌ചയ്‌ക്കുള്ളില്‍ രണ്ടാംതവണയാണ് റിയാദിലെ പ്രധാന സാമ്പത്തികകേന്ദ്രത്തിനു നേരെ ആക്രമണമുണ്ടാകുന്നത്.
സൗദിയുടെ സാമ്പത്തിക വൈവിധ്യവല്‍ക്കരണ പദ്ധതികളുടെയും വിഷന്‍ 2030ന്റെയും പ്രതീകമായാണ് 385 മീറ്റര്‍ ഉയരമുള്ള പിഐഎഫ് ടവറും കിങ് അബ്ദുള്ള ഫിനാന്‍ഷ്യല്‍ ഡിസ്ട്രിക്ടും അറിയപ്പെടുന്നത്. സൗദി സ്റ്റോക്ക് എക്‌സ്‌ചേഞ്ച് അടക്കമുള്ള ധനകാര്യ സ്ഥാപനങ്ങളുടെ ആസ്ഥാനങ്ങള്‍ പ്രവര്‍ത്തിക്കുന്ന മേഖലയാണിത്. ആഴ്ചകളായി റിയാദിലേക്കും സൗദിയുടെ തെക്കന്‍ മേഖലകളിലേക്കും ഹൂതികള്‍ മിസൈല്‍-ഡ്രോണ്‍ ആക്രമണങ്ങള്‍ ശക്തമാക്കിയിരിക്കുകയാണ്.
അതേസമയം, യമനിലെ ലഹ്ജ് പ്രവിശ്യയിലുള്ള വാദി മഅബഖില്‍ യാത്രാബസുകള്‍ക്കും ചരക്ക് ട്രക്കുകള്‍ക്കുംനേരെയുണ്ടായ വ്യോമാക്രമണത്തില്‍ 26 പേര്‍ കൊല്ലപ്പെട്ടു. ആക്രമണത്തിന് പിന്നില്‍ സൗദി വ്യോമസേനയാണെന്നും ശക്തമായ തിരിച്ചടി നല്‍കുമെന്നും ഹൂതി സൈനികവക്താവ് യഹിയ സരീ പറഞ്ഞു. ചെങ്കടല്‍ തീരദേശ പ്രവിശ്യയായ ഹുദൈദയിലെ ടെലികമ്യൂണിക്കേഷന്‍ കേന്ദ്രങ്ങള്‍ക്കുനേരെ സഖ്യസേനയുടെ വ്യോമാക്രമണത്തില്‍ 17 ജീവനക്കാര്‍ കൊല്ലപ്പെട്ടു. ഹുദൈദയുടെ വിവിധ ഭാഗങ്ങളില്‍ ഫോണ്‍, -ഇന്റര്‍നെറ്റ് സേവനങ്ങള്‍ തടസപ്പെട്ടു.
താത്കാലിക തലസ്ഥാനമായ ഏദന് സമീപമുള്ള ലഹ്ജ് മേഖലയില്‍ ഹൂതിമുന്നേറ്റം തുടരുന്ന പശ്ചാത്തലത്തില്‍ തുര്‍ അല്‍ബഹ കേന്ദ്രീകരിച്ച് സര്‍ക്കാര്‍സൈന്യം പ്രതിരോധം ശക്തമാക്കി. യമനിലെ ഹൂതി വിഭാഗത്തിനും നാല് മുതിര്‍ന്ന നേതാക്കള്‍ക്കുമെതിരെ ബ്രിട്ടന്‍ പുതിയ ഉപരോധങ്ങള്‍ പ്രഖ്യാപിച്ചു.









0 comments