ഓപ്പൺ മാർക്കറ്റ് വിൽപ്പന പദ്ധതി മരവിപ്പിച്ചു
മണ്ഡലകാലത്തും പച്ചരിയില്ല; പലഹാരച്ചെലവ് കൂടും


ഫെബിൻ ജോഷി
Published on Nov 25, 2026, 12:57 AM | 1 min read
ആലപ്പുഴ
പച്ചരിക്ക് ആവശ്യക്കാർ കൂടുതലായ ശബരിമല തീർഥാടന കാലത്തും നൽകാനാവാതെ സപ്ലൈകോ ഒൗട്ട്‌ലെറ്റുകൾ. വിപണിയേക്കാൾ കുറഞ്ഞ വിലയിൽ 20 കിലോവരെ പച്ചരി വിതരണംചെയ്‌തിരുന്ന ഓപ്പൺ മാർക്കറ്റ് സെയിൽ സ്‌കീം (ഒഎംഎസ്എസ്) പദ്ധതി നിർത്തിവച്ചതാണ് മണ്ഡലകാലത്ത് കുടുംബങ്ങൾക്ക് തിരിച്ചടിയായത്. സ്‌റ്റോക്കില്ലാത്തിനാൽ ഫുഡ് കോർപറേഷൻ ഓഫ് ഇന്ത്യയിൽ (എഫ്സിഐ)നിന്ന് ലഭ്യത വെട്ടിക്കുറച്ചതിനാലാണ് സപ്ലൈകോ പദ്ധതി മരവിപ്പിച്ചത്. പച്ചരിക്ക് നവംബറിലും ഡിസംബറിലും ഒൗട്ട്‌ലെറ്റുകളിൽനിന്ന് ഇന്റെന്റ് തേടിയിട്ടില്ല. പകരം പഴയ സബ്‌സിഡി സ്‌കീമിലേക്ക് മാറാനായിരുന്നു നിർദേശം. മണ്ഡലവ്രതം ആരംഭിച്ചതോടെ ഭൂരിഭാഗം വീടുകളിലും പച്ചരി ലഘുഭക്ഷണങ്ങളാണ് പ്രധാനമായി ഉപയോഗിക്കുന്നത്. തീർഥാടകർക്ക് ഇരുമുടിക്കെട്ട് നിറയ്ക്കുന്നതിനും പച്ചരി ഒഴിച്ചുകൂടാനാവാത്തതാണ്. പദ്ധതി മരവിപ്പിച്ചതോടെ പച്ചരിക്കായി കൂടുതൽ പണം മുടക്കേണ്ട സ്ഥിതിയായി. ഒഎംഎസ്എസ് വഴി 20 കിലോ വരെ പച്ചരി ലഭിച്ചിരുന്നതിനാൽ സബ്സിഡി വിഹിതമായ പത്തുകിലോ വെള്ള അരിയായോ മട്ട അരിയായോ വാങ്ങാനായിരുന്നു ഉപഭോക്താക്കൾ ഉപയോഗിച്ചിരുന്നത്. ഒഎംഎസ്എസ് പദ്ധതി മരവിപ്പിച്ചതോടെ സബ്‌സിഡി വിഹിതത്തിൽനിന്ന് പച്ചയരിയും വാങ്ങിക്കേണ്ട സ്ഥിതിയായി. ബാക്കി ആവശ്യത്തിന് പൊതുവിപണിയിലെ ഉയർന്ന വില നൽകണം. എഫ്‌സിഐ വഴി ഗോഡൗണുകളിലെ അരി, ഗോതമ്പ് തുടങ്ങിയ ഭക്ഷ്യധാന്യങ്ങൾ നിശ്ചിതവിലയ്ക്ക് വിപണിയിൽ വിൽക്കുന്ന പദ്ധതിയാണ് ഓപ്പൺ മാർക്കറ്റ് സെയിൽ സ്‌കീം. വിപണിയിൽ ഭക്ഷ്യധാന്യ ലഭ്യത വർധിപ്പിക്കുക, വിലക്കയറ്റം നിയന്ത്രിക്കുക,- കുറഞ്ഞ വിലയിൽ ലഭ്യമാക്കുക തുടങ്ങിയവയാണ് ലക്ഷ്യങ്ങൾ. പൊതുവിപണിയിൽ കിലോയ്ക്ക് 42 രൂപ വിലവരുന്ന പച്ചരി 29 രൂപ നിരക്കിലാണ് സപ്ലൈകോ നൽകിയിരുന്നത്. എഫ്സിഐയിൽനിന്ന് ലഭ്യമായിരുന്നതിനാൽ സപ്ലൈകോ പൊതുവിപണിയിൽനിന്ന് പച്ചരി സംഭരിച്ചിരുന്നില്ല. എഫ്സിഐ വിഹിതത്തിലാണ് സബ്സിഡിയിലും നൽകിയിരുന്നത്.









0 comments