print edition മോദി സർക്കാരിന് ജനാധിപത്യത്തിൽ വിശ്വാസമില്ല: എം എ ബേബി

ന്യൂഡൽഹി: പാർലമെന്റിന്റെ വർഷകാല സമ്മേളനം അനിശ്‌ചിതകാലത്തേക്ക് പിരിഞ്ഞ് നൂറിലേറെ ദിവസം പിന്നിട്ടിട്ടും പ്രൊറോഗ് ചെയ്യാത്തത് ബിജെപിയും കേന്ദ്രസർക്കാരും ജനാധിപത്യത്തിൽ വിശ്വസിക്കുന്നില്ലെന്നതിന്റെ തെളിവാണെന്ന് സിപിഐ എം ജനറൽസെക്രട്ടറി എം എ ബേബി. അസാധാരണ രീതിയിൽ സമ്മേളനം ദീർഘകാലം പ്രൊറോഗ് ചെയ്യാതിരിക്കുന്ന സാഹചര്യത്തിൽ സർവകക്ഷി യോഗം വിളിച്ച് വിശദീകരണം നൽകേണ്ട ഉത്തരവാദിത്വം കേന്ദ്രസർക്കാരിനുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തരമന്ത്രി അമിത്‌ഷാ, ബിജെപിയെ നിയന്ത്രിക്കുന്ന ആർഎസ്‌എസ് എന്നിവർക്ക് ആരോഗ്യകരമായ ജനാധിപത്യ കീഴ്‌വഴക്കങ്ങൾ അന്യമാണ്.
വർഷകാല സമ്മേളനം പ്രൊറോഗ് ചെയ്യാതെ സമ്മേളനം വിളിച്ചുചേർത്താൽ അത് വർഷകാല സമ്മേളനത്തിന്റെ തുടർച്ച മാത്രമാകും. ചട്ടപ്രകാരം സമ്മേളനം പ്രൊറോഗ് ചെയ്‌തില്ലെങ്കിൽ ലോക്‌സഭാ സ്‌പീക്കർക്ക് കുറഞ്ഞ സമയത്തിനുള്ളിൽ സമ്മേളനം വീണ്ടും വിളിച്ചുചേർക്കാനാകും. ഇതോടെ പാർലമെന്റ് അംഗങ്ങൾക്ക് ചോദ്യങ്ങൾ സമർപ്പിക്കാൻപോലും സാവകാശം ലഭിക്കില്ല. പാർലമെന്റിൽ ചോദ്യോത്തര വേള ഒഴിവാക്കണമെന്നതാണ് ബിജെപിയുടെ താൽപര്യം –എം എ ബേബി സമൂഹമാധ്യമ പോസ്‌റ്റിൽ കുറിച്ചു.









0 comments