പ്ലൈവുഡ് കമ്പനികളിൽ ഇനി കുട്ടികൾക്കായി ഡേകെയർ

പ്ലൈവുഡ് കമ്പനികളിൽ ഡേ കെയർ ആരംഭിക്കാനായി വിളിച്ചുചേർത്ത യോഗത്തിൽ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും
പെരുമ്പാവൂർ
വ്യവസായ സ്ഥാപനങ്ങളിൽ തൊഴിലാളികളുടെ കുട്ടികൾക്കായി ഡേകെയർ (ക്രഷെ) സംവിധാനം ജനുവരി ഒന്നിനകം ആരംഭിക്കാൻ ധാരണയായി. വ്യവസായ സ്ഥാപനങ്ങളോടുചേർന്ന് പ്രത്യേകമായി മുറി സജ്ജമാക്കി കുട്ടികൾക്ക് കളിക്കാനും വിശ്രമിക്കാനും അതോടൊപ്പം മാതാപിതാക്കൾക്ക് കുട്ടികളെ കൃത്യമായി നിരീക്ഷിക്കാനും കഴിയുന്ന വിധത്തിലാണ് ഇവ സജ്ജീകരിക്കേണ്ടത്. 19ന് പ്ലൈവുഡ് ഫാക്ടറിയിൽ മാതാപിതാക്കളോടൊപ്പം എത്തിയ നാലുവയസ്സുകാരൻ യന്ത്രത്തിൽ കുരുങ്ങി മരിച്ച സാഹചര്യത്തിലാണ് തീരുമാനം.
കലക്ടർ ജി പ്രിയങ്ക, ജില്ലാ ജഡ്ജി ആർ രജിത, മനോജ് മൂത്തേടൻ എംഎൽഎ, റൂറൽ ജില്ലാ പൊലീസ് മേധാവി കെ സുദർശൻ എന്നിവരുടെ സാന്നിധ്യത്തിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. വ്യവസായ സ്ഥാപനങ്ങളിൽ അപകടങ്ങൾ ഇല്ലാതാക്കാനും കുട്ടികൾക്കെതിരെ ഉണ്ടാകുന്ന അതിക്രമങ്ങൾ തടയുന്നതിനുമായിട്ടാണ് ക്രഷെ യൂണിറ്റുകൾ ആരംഭിക്കുന്നത്. 50ൽ കൂടുതൽ തൊഴിലാളികളുള്ള വ്യവസായ സ്ഥാപനങ്ങളിൽ ക്രഷെ നിർബന്ധമാക്കും. അതിനുതാഴെയുള്ള സ്ഥാപനങ്ങൾ സമീപത്തുള്ളവവയുമായി ചേർന്നും ക്രഷെ ആരംഭിക്കണം. തഹസിൽദാർ എം മായ, ശിശുക്ഷേമ സമിതി ഭാരവാഹികൾ, വനിത ശിശു വികസന വകുപ്പ് ഉദ്യോഗസ്ഥർ, സോമിൽ ഓണേഴ്സ് സംഘടനാ ഭാരവാഹികൾ, പഞ്ചായത്ത് പ്രസിഡന്റുമാർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.









0 comments