കുസാറ്റ് സസ്‌പെൻഷനെ പൊതുപ്രശ്നമായി കാണണം: പി രാജീവ്

കുസാറ്റ് സമര ഐക്യദാർഢ്യ കൺവൻഷൻ സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം പി രാജീവ് ഉദ്ഘാടനം ചെയ്യുന്നു
കളമശേരി
കഴിഞ്ഞ 10 വർഷത്തെ എൽഡിഎഫ് സർക്കാർ ഭരണം ഉന്നത വിദ്യാഭ്യാസ രംഗത്ത് കൊണ്ടുവന്ന പുരോഗതി അട്ടിമറിക്കാൻ ആസൂത്രിത നീക്കം നടക്കുന്നുവെന്ന് സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം പി രാജീവ് പറഞ്ഞു. ആ നിലയിൽ കുസാറ്റിലെ മുതിർന്ന അസോസിയേഷൻ നേതാക്കളുടെ സസ്പെൻഷനെ കേരളീയ സമൂഹത്തിന്റെ പൊതുപ്രശ്നമായി കാണണം. കളമശേരി ടൗൺ ഹാളിൽ സമര ഐക്യദാർഢ്യ കൺവൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സർവകലാശാലകളിൽ ബിജെപി താൽപ്പര്യം നടപ്പാക്കാനാണ് യുഡിഎഫ് സർക്കാരിന്റെ ശ്രമം.
സർവകലാശാലകളുടെ നിലവാരമിടിച്ച് സ്വകാര്യ, വിദേശ സർവകലാശാലകൾക്ക് കടന്നുവരാൻ അവസരമൊരുക്കുകയാണ് ലക്ഷ്യം. കുസാറ്റ് അസോസിയേഷൻ നേതാക്കളുടെ സസ്പെൻഷൻ സ്വാഭാവിക നീതി നിഷേധിച്ച നടപടിയാണ്. എഫ്എസ്ഇടിഒ ജില്ല സെക്രട്ടറി കെ എ അൻവർ അധ്യക്ഷനായി. യോഗത്തിൽ സമര സഹായസമിതി രൂപീകരിച്ചു.
സിപിഐ എം ജില്ലാ സെക്രട്ടറി എസ് സതീഷ്, കെഎസ്‌കെടിയു സംസ്ഥാന ട്രഷറർ സി ബി ദേവദർശനൻ, കുസാറ്റ് മുൻ വിസി ഡോ. പി ജി ശങ്കരൻ, സിപിഐ എം ഏരിയ സെക്രട്ടറി കെ ബി വർഗീസ്, ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി നിഖിൽ ബാബു, എസ്എഫ്ഐ ജില്ലാ സെക്രട്ടറി ആശിഷ് എസ് ആനന്ദ്, സിപിഐ എം ജില്ലാ കമ്മിറ്റിയംഗങ്ങളായ വി എം ശശി, എ ആർ രഞ്ജിത്, സിഐടിയു ജില്ലാ ജോയിന്റ് സെക്രട്ടറി പി എം മുജീബ് റഹ്മാൻ, സിപിഐ എം ഏരിയ കമ്മിറ്റിയംഗം സി പി ഉഷ, ജോൺ ഷിബു, ടി പി ജിതിൻ തുടങ്ങിയവർ സംസാരിച്ചു.
സമര സഹായസമിതി ഭാരവാഹികൾ: ഡോ. പി ജി ശങ്കരൻ (ചെയർമാൻ), ഡോ. കെ വി കുഞ്ഞിക്കൃഷ്ണൻ, കെ ബി വർഗീസ്, കെ എൻ ഗോപിനാഥ് (വൈസ് ചെയർമാൻമാർ), കെ എ അൻവർ (ജനറൽ കൺവീനർ), എ ആർ രഞ്ജിത് (കൺവീനർ), എം ബി ഷൈനി, നിഖിൽ ബാബു, ആശിഷ് എസ് ആനന്ദ്, പി എം മുജീബ് റഹ്മാൻ (ജോയിന്റ് കൺവീനർ).









0 comments