വെള്ളം മതിയാവില്ലെന്ന് കർഷകർ
മലമ്പുഴ കനാൽ ഇന്ന് തുറക്കും

വെള്ളം ഇല്ലാത്ത മലമ്പുഴ കനാൽ

സ്വന്തം ലേഖകൻ
Published on Nov 25, 2026, 12:35 AM | 1 min read
പാലക്കാട്
കാർഷികാവശ്യങ്ങൾക്ക് മലമ്പുഴ കനാൽ ബുധനാഴ്‌ച തുറക്കും. തുടർച്ചയായി 15 ദിവസം വെള്ളം തുറന്നുവിടും. ശേഷം അഞ്ച് ദിവസം ഇടവേള. ഇങ്ങനെ മൂന്ന് ഘട്ടങ്ങളിലായി 60 ദിവസം വെള്ളം തുറന്ന് വിടാനാണ് തീരുമാനം. എന്നാൽ 45 ദിവസത്തേക്കുള്ള വെള്ളം മാത്രമാണ് അണക്കെട്ടിലുള്ളത്. മഴ കനിഞ്ഞില്ലെങ്കിൽ കർഷകരുടെ സ്വപ്നങ്ങൾ കരിഞ്ഞുണങ്ങും. കനാൽ തുറന്നാലും ദൂരദേശങ്ങളിലെ വയലുകളിൽ വെള്ളമെത്താൻ അഞ്ച് മുതൽ 15 ദിവസംവരെയെടുക്കും. സബ് കനാലുകൾ രണ്ട് ഘട്ടമായാണ് തുറക്കുക. ഇൗ പ്രദേശങ്ങളിൽ ജലദൗർലഭ്യത കൂടുതൽ കർഷകരെ ബാധിക്കും. ആദ്യ 15 ദിവസത്തിന് ശേഷം സ്ഥിതി വിലയിരുത്താൻ ഉദ്യോഗസ്ഥരുടെയും കർഷകരുടെയും സംയുക്ത യോഗംചേരും. വാളയാർ അണക്കെട്ടിൽ എട്ട് ദിവസത്തേക്കുള്ള വെള്ളം മാത്രമാണുള്ളത്. കനാൽ തുറക്കുന്നത് സംബന്ധിച്ച ആലോചനായോഗം ജനുവരിയിൽ ചേരും. കനാൽ തുറന്നാലും ആവശ്യത്തിനുള്ള വെള്ളം ലഭിക്കില്ലെന്നാണ് കർഷകർ പറയുന്നു. തുലാമഴയും കനാൽ വെള്ളവും പ്രതീക്ഷ തെറ്റിച്ചതോടെ ഞാറ് കരിഞ്ഞുണങ്ങി. പലയിടങ്ങളിലും വയലുകൾ വിണ്ടുകീറി. നേരത്തെ മഴ പെയ്തപ്പോൾ രണ്ടാം വിളക്കായി ഉഴുതിട്ട വയലുകളിലും കളവന്ന് മൂടി. വിവിധയിടങ്ങളിൽ വെള്ളം പമ്പ് ചെയ്തും പുറത്തുനിന്ന് വെള്ളമെത്തിച്ചുമാണ് കൃഷി ചെയ്യുന്നത്. അമിത ചെലവുള്ളതിനാൽ ഇത് തുടരാനാകില്ല.









0 comments