രാത്രിപരിശോധന
146 വാഹനങ്ങൾക്കെതിരെ നടപടി; 6.10 ലക്ഷം പിഴ

ഓപ്പറേഷൻ നൈറ്റ് ഹണ്ട് പരിശോധനയുടെ ഭാഗമായി കാറിലെ അധിക ലൈറ്റുകൾ പരിശോധിക്കുന്ന മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥൻ
കാക്കനാട്
നഗരത്തിൽ രാത്രികാല ശബ്ദമലിനീകരണവും അപകടകരമായ വാഹനമോടിക്കലും തടയുന്നതിനായി മോട്ടോർ വാഹനവകുപ്പ് നടത്തിയ ‘ഓപ്പറേഷൻ നൈറ്റ് ഹണ്ട്’ പരിശോധനയിൽ 146 വാഹനങ്ങൾക്കെതിരെ നടപടിയെടുത്തു. 6,10,250 രൂപ പിഴ ഈടാക്കി. 23-ന് രാത്രി മുതൽ 24-ന് പുലർച്ചെവരെ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ എറണാകുളം എൻഫോഴ്സ്മെന്റ് ആർടിഒ ബിജു ഐസക്കിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. സൈലൻസറിൽ രൂപമാറ്റം വരുത്തിയ 35 വാഹനങ്ങളും ഹെൽമെറ്റ് ധരിക്കാതെ യാത്രചെയ്ത 40 വാഹനങ്ങളും പിടികൂടി.
ട്രിപ്പിൾ റൈഡിങ്, ഇൻഷുറൻസ് – ലൈസൻസില്ലാതെ വാഹനമോടിച്ചത്, അനധികൃത ലൈറ്റ് ഘടിപ്പിച്ചത് തുടങ്ങിയ നിയമലംഘനങ്ങളും കണ്ടെത്തി. കാറിൽ അധിക ലൈറ്റുകൾ ഘടിപ്പിച്ച് രൂപമാറ്റം വരുത്തിയതിന് 30,000 രൂപ പിഴ ഈടാക്കി. അനധികൃതമായി രൂപമാറ്റം വരുത്തിയ വാഹനങ്ങൾ പഴയ നിലയിലാക്കാനും മാറ്റങ്ങൾ നീക്കിയശേഷം ഉദ്യോഗസ്ഥർക്ക് മുന്നിൽ ഹാജരാക്കി പരിശോധനയ്ക്ക് വിധേയമാക്കാനും നിർദേശം നൽകി.









0 comments