വ്യാജരേഖ തട്ടിപ്പിൽ അന്വേഷണം വേണം: എൽഡിഎഫ്

തിരുവനന്തപുരം
കോർപറേഷൻ നേമം സോണൽ ഓഫീസിലും വലിയവിള വാർഡിലും കോർപറേഷന്റെ വ്യാജരേഖകൾ കണ്ടെത്തിയ സംഭവത്തിൽ സമഗ്ര അന്വേഷണം വേണമെന്ന് എൽഡിഎഫ്. വർഷങ്ങളായി ഇല്ലാതിരുന്ന ഇടനിലക്കാർ വീണ്ടും തലപൊക്കിയതിന്റെ ഉദാഹരണമാണ് നേമത്തും വലിയവിളയിലും കണ്ടത്. ഉദ്യോഗസ്ഥസംവിധാനത്തെ നോക്കുകുത്തിയാക്കി, നേരിട്ട് ക്രമക്കേട് കണ്ടുപിടിച്ച് ഒത്തുതീർപ്പാക്കുന്നതിൽ ഗൂഢാലോചനയുണ്ട്. കെ -സ്മാർട്ട് സംവിധാനം അട്ടിമറിക്കാനാണ് നീക്കം. പരാതിക്കാർ മേയറുടെ ഓഫീസിൽ മണിക്കൂറുകൾ കാത്തുനിന്നശേഷം പരിഹാരമില്ലാതാകുന്പോൾ ഏജന്റ് മുഖേന കാര്യസാധ്യത്തിന് നിർബന്ധിതരാകുന്നു. നേമം സോണൽ ഓഫീസ് ഭരണസമിതിയുടെ നിയന്ത്രണത്തിലാണ്. ഇതിന്റെ പരിധിയിലുള്ള വാർഡ് കൗൺസിലർമാർ ബിജെപി അംഗങ്ങളാണ്. ഇവരറിയാതെ ഇടനിലക്കാർക്ക് ഓഫീസിൽ സ്വൈരവിഹാരം നടത്താനാകില്ല. വൻകിട സ്ഥാപനങ്ങളിൽനിന്ന് മേയർകെയറിന്റെ പേരിൽ കോടികൾ പിരിക്കുന്ന മേയർ, ഇടനിലക്കാരനെ പിടികൂടാൻ പൊലീസിൽ പരാതി നൽകിയതിൽ ദുരൂഹതയുണ്ടെന്ന് എൽഡിഎഫ് പാർലമെന്ററി പാർടി ലീഡർ എസ് പി ദീപക് പറഞ്ഞു.









0 comments