ad
Deshabhimani

ബിജെപിയിലും അതൃപ്തി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
avatar
സ്വന്തം ലേഖകൻ

Published on Sep 25, 2026, 11:31 PM | 1 min read

തിരുവനന്തപുരം

മേയർ കെയർ പദ്ധതിയിൽ വ്യാപക അഴിമതിയാണെന്ന്‌ പരാതി ഉയർന്നതോടെ ബിജെപി സംസ്ഥാന നേതൃതലത്തിലും അതൃപ്തി. മേയറെ പിന്തുടർന്ന്‌ പല ബിജെപി ക‍ൗൺസിലർമാരും സ്വതന്ത്രനും വൻതോതിൽ പിരിവ്‌ നടത്തുകയും അതിന്റെ നാലിലൊന്നുപോലും വിതരണം ചെയ്യാതെ തട്ടിക്കുകയും ചെയ്യുന്നുവെന്നാണ്‌ ആക്ഷേപം. വൻകിട ബിസിനസുകാരിൽനിന്നും ഗൾഫിൽനിന്നും പണം പിരിച്ചിട്ടുണ്ട്‌. വാർഡുകളിൽ കൊട്ടിഘോഷിച്ച്‌ നടത്തുന്ന ചടങ്ങുകളിൽ നാമമാത്രമായി കിറ്റുകൾ വിതരണംചെയ്ത്‌ അതിന്റെ മറവിൽ ലക്ഷങ്ങൾ തട്ടിക്കുകയുമാണ്‌ ചെയ്യുന്നത്‌. എത്ര പിരിച്ചെന്നോ എത്ര വിതരണം ചെയ്തെന്നോ ഓഡിറ്റ്‌ ചെയ്യപ്പെടുന്നില്ല. സംസ്ഥാനത്ത്‌ ആദ്യമായി ഒരു കോർപറേഷൻ ഭരണം ലഭിച്ച സാഹചര്യത്തിൽ മേയർ വി വി രാജേഷിന്‌ ബിജെപിയുടെ മുതിർന്ന നേതാക്കൾ ഉൾപ്പെടെ ഭരണനിർവഹണം സംബന്ധിച്ച്‌ നിർദേശങ്ങൾ നൽകിയിരുന്നു. നഗരത്തിലെ അടിയന്തര പ്രശ്നങ്ങൾ പരിഹരിക്കണമെന്നതായിരുന്നു അതിൽ പ്രധാനം. തെരുവുനായ ശല്യം നിയന്ത്രിക്കുക, മാലിന്യനീക്കം കാര്യക്ഷമമാക്കുക, രാജ്യത്തെ വൃത്തിയുള്ള നഗരങ്ങളിലൊന്നെന്ന പേര്‌ നിലനിർത്തുക, ബിജെപി പ്രഖ്യാപിച്ച വികസന പദ്ധതികൾ പൂർത്തിയാക്കുക തുടങ്ങിയവയും നിർദേശങ്ങളിലുണ്ടായിരുന്നു. എന്നാൽ, അധികാരത്തിലേറി ഒരുവർഷം പൂർത്തിയാകാനിരിക്കെ, നിർദേശിക്കപ്പെട്ട ഒരു കാര്യത്തിലും നടപടിയില്ല. തെരുവുനായ ആക്രമണപരന്പരയിൽ ജനം പൊറുതിമുട്ടുകയാണ്‌. മാലിന്യനീക്കത്തിലെ വീഴ്ചയിൽ ബിജെപി കൗൺസിലർമാർതന്നെ പരാതി ഉന്നയിക്കുന്നുണ്ട്‌. പ്രതിപക്ഷം ശക്തമായി എതിർത്തിട്ടും പണപ്പിരിവ്‌ തുടരുമെന്ന നിലപാടാണ്‌ മേയർ സ്വീകരിച്ചിട്ടുള്ളത്‌. അനധികൃത പിരിവും സാമ്പത്തിക ക്രമക്കേടും സംബന്ധിച്ച്‌ പരാതി ലഭിച്ചിട്ടും ആഭ്യന്തരവകുപ്പോ ബന്ധപ്പെട്ട മറ്റ്‌ വകുപ്പുകളോ നടപടി സ്വീകരിക്കാത്തത്‌, തട്ടിപ്പ്‌ തുടരാൻ അവസരമൊരുക്കുകയാണ്‌. തെരഞ്ഞെടുപ്പ്‌ കാലത്തെ യുഡിഎഫുമായുള്ള ഏതെങ്കിലും ധാരണയുടെ ഭാഗമാണോ വിഷയത്തിൽ നടപടി വൈകുന്നതെന്ന സംശയവും ബിജെപി വൃത്തങ്ങളിൽ ഉയരുന്നുണ്ട്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home