ad
Deshabhimani

പണത്തിന്‌ കണക്കുമില്ല, രേഖകളുമില്ല മേയറുടെ ‘കെയർ’ ആരോട്‌

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
avatar
സ്വന്തം ലേഖകൻ

Published on Sep 25, 2026, 11:29 PM | 1 min read

തിരുവനന്തപുരം

ലക്ഷങ്ങളുടെ അഴിമതി ആരോപണം ഉയർന്ന ‘മേയർ കെയർ' പദ്ധതി കൂടുതൽ ദുരൂഹമാകുന്നു. ക‍ൗൺസിലിനെ അറിയിക്കാതെ മേയർ വി വി രാജേഷും സംഘവും നടത്തുന്ന പദ്ധതിയിൽ കൂടുതൽ വ്യവസായികളിൽനിന്ന്‌ പണവും പാരിതോഷികങ്ങളും വാങ്ങുന്നതായി വിവരം. ആരിൽ നിന്നാണെന്നും എത്ര തുകയാണ്‌ വാങ്ങിയതെന്നും മറച്ചുവച്ച്‌ പേരിന്‌ ചില പദ്ധതികൾ പ്രഖ്യാപിച്ച്‌ തുക വിനിയോഗിച്ചുവെന്ന്‌ വരുത്തുകയാണ്‌ ലക്ഷ്യം. പദ്ധതിക്കായി ഫണ്ട് സ്വീകരിച്ചതിൽ ക്രമക്കേട് ആരോപിച്ച്‌ പ്രതിപക്ഷം വിജിലൻസിന്‌ പരാതി നൽകുകയും അന്വേഷണം ആവശ്യപ്പെട്ട്‌ ആഭ്യന്തര മന്ത്രിക്ക് കത്ത് നൽകുകയും ചെയ്‌തിട്ടും ഒ‍ൗദ്യോഗിക സംവിധാനങ്ങളെ വെല്ലുവിളിച്ച്‌ പദ്ധതിയുമായി മുന്നോട്ടുപോകുകയാണ്‌ മേയർ. സ്വകാര്യ സ്ഥാപനങ്ങളിൽനിന്ന് ലഭിച്ച കോർപറേറ്റ് സോഷ്യൽ റെസ്‌പോൺസിബിലിറ്റി (സിഎസ്‌ആർ) ഫണ്ടിന്റെ വിനിയോഗത്തിൽ സുതാര്യത വേണമെന്ന്‌ പ്രതിപക്ഷം ആവശ്യമുയർത്തുന്നതിനിടെ കോർപറേഷൻ ജീവനക്കാർക്കായി പ്രഖ്യാപിച്ച ഇൻഷുറൻസ് പദ്ധതിയാണ്‌ ഒടുവിലത്തെ വിവാദം. ഔദ്യോഗിക സംവിധാനങ്ങൾവഴി നടപ്പാക്കേണ്ട ക്ഷേമപദ്ധതികളാണ്‌, ലഭിച്ച തുകയുടെ ഒരു കണക്കും വെളിപ്പെടുത്താതെ നടപ്പാക്കുന്നത്‌. ഗുജറാത്തിലെ മലയാളി വ്യവസായികൾ സ്വമേധയാ നൽകുന്ന സംഭാവനകളാണ് ഇൻഷുറൻസ് പ്രീമിയത്തിനായി അടയ്ക്കുന്നതെന്നാണ്‌ മേയർ അവകാശപ്പെടുന്നത്‌. കമ്പനികൾ നൽകിയ സിഎസ്‌ആർ വിഹിതത്തിന്റെ കണക്കുകൾ കൗൺസിലിന് സമർപ്പിക്കണം. എന്നാൽ, എത്രയാണ് ശേഖരിച്ചത്, ആരിൽനിന്നാണ് പിരിച്ചത്, അത് എങ്ങനെ വിനിയോഗിച്ചു എന്നതൊന്നും വെളിപ്പെടുത്താതെ നിഗൂഢ നീക്കങ്ങളാണ്‌ നടത്തുന്നത്‌. പദ്ധതിയുടെ പേരിൽ പല സ്വകാര്യ വ്യക്തികളെയും ഭീഷണിപ്പെടുത്തി പണം പിരിക്കുന്നതായി ആരോപണമുണ്ട്‌. മേയര്‍ കെയര്‍ പദ്ധതിയുടെ പേരില്‍ സ്വകാര്യ വാണിജ്യ സ്ഥാപനങ്ങളിൽനിന്ന്‌ ലക്ഷങ്ങൾ പിരിച്ചെടുത്തതിലെ അഴിമതി സംബന്ധിച്ച് സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട്‌ എൽഡിഎഫ് വിജിലൻസ്‌ ഡയറക്ടർക്കും തദ്ദേശ മന്ത്രിക്കും പരാതി നൽകിയിട്ടുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home