ad
Deshabhimani

എൽഎൻസിപിഇ ഹോസ്റ്റൽ ഓഫീസ് ഉപരോധിച്ച്‌ താരങ്ങൾ

വിരമിച്ച അധ്യാപകന്റെ കാൽതൊട്ട്‌ വന്ദിക്കണം; ഇല്ലെങ്കിൽ ശിക്ഷ

LNCPE.jpg

കാര്യവട്ടം എൽഎൻസിപിഇ

വെബ് ഡെസ്ക്

Published on Sep 25, 2026, 11:23 PM | 1 min read

കഴക്കൂട്ടം

വിരമിച്ച അധ്യാപകന്റെ കാൽതൊട്ട്‌ വന്ദിക്കുന്നതടക്കം ദുരാചാരങ്ങൾ നിർത്തലാക്കണമെന്നും വിരമിച്ചിട്ടും എൽഎൻസിപിഇയിൽ തുടരുന്നവരെ പുറത്താക്കണമെന്നാവശ്യപ്പെട്ടും കായികതാരങ്ങൾ സമരരംഗത്ത്‌. കാര്യവട്ടം ലക്ഷ്മിഭായി നാഷണൽ കോളേജ് ഓഫ് ഫിസിക്കൽ എഡ്യൂക്കേഷൻ (എൽഎൻസിപിഇ) ഹോസ്റ്റൽ അന്തേവാസികളായ കായിക താരങ്ങൾ പ്രിൻസിപ്പൽ ഓഫീസ് ഉപരോധിച്ചു. വെള്ളിയാഴ്ച ക്ലാസുകളും പരിശീലനങ്ങളും ബഹിഷ്കരിച്ച ഹോസ്റ്റൽ അന്തേവാസികളും വിദ്യാർഥികളും പ്രിൻസിപ്പലിന്റെ ഓഫീസിനു മുന്നിൽ കുത്തിയിരിപ്പ് സമരം നടത്തി. രാവിലെ തുടങ്ങിയ സമരം രാത്രി ഏഴായിട്ടും അവസാനിച്ചിട്ടില്ല. വാർഡനായ ഷീലാ കുമാരിയുടെയും വിരമിച്ചിട്ടും ക്യാമ്പസിൽ അത്‌ലറ്റിക്‌ കോച്ചുമാരായി തുടരുന്ന നിഷാദ്, അശോക്, ജോയി ജോസഫ് എന്നിവരുടെയും മാനസിക, ശാരീരിക പീഡനം സഹിക്കവയ്യാതെയാണ്‌ താരങ്ങൾ രംഗത്തെത്തിയത്‌. എല്ലാദിവസവും നിഷാദിന്റെ കാൽതൊട്ട്‌ വന്ദിക്കണമെന്നതാണ്‌ ഇവിടത്തെ "ആചാരം'. ചെയ്യാൻ വിസമ്മതിക്കുന്നവർക്ക്‌ വർക്ക‍ൗട്ടിനും തിയറി ക്ലാസിനും പണിഷ്‌മെന്റ്‌ നൽകും. ഒപ്പം ഭക്ഷണം നൽകുന്നതിലും വേർതിരിവ്‌ കാണിക്കും. പൊതുവെ ഗുണനിലവാരമില്ലാത്ത ഭക്ഷണമാണ് കാന്റീനിൽ നൽകുന്നത്. നിഷാദ്, ജോയി ജോസഫ് എന്നിവർക്കാണ്‌ കാന്റീൻ ചുമതല. 60 വയസ്സ് കഴിഞ്ഞ ഇവരെ പുറത്താക്കണമെന്നാണ് വിദ്യാർഥികളുടെ ആവശ്യം. വനിതാ കായികതാരങ്ങൾക്ക് ഡോക്ടർ ഇല്ലാത്തതിനാൽ ആവശ്യമായ ചികിത്സ ലഭിക്കുന്നില്ലെന്നും ഗുളികകളും മരുന്നും നൽകുന്നില്ലെന്നും ഹോസ്റ്റലിൽ ഭക്ഷണം ശരിയായ രീതിയിൽ നൽകുന്നില്ലെന്നും താരങ്ങൾ ആരോപിച്ചു. പ്രധാനമന്ത്രിയുടെ ജന്മദിനത്തിന് ദീപം തെളിക്കാനടക്കം ഹോസ്റ്റലിൽനിന്ന്‌ വിദ്യാർഥികളെ കൊണ്ടുപോയിരുന്നു. ഇത്തരം രാഷ്ട്രീയ പരിപാടികളിൽനിന്ന്‌ താരങ്ങളെ ഒഴിവാക്കണമെന്നും വിദ്യാർഥികൾ ആവശ്യപ്പെട്ടു. ​ഭക്ഷണവും കൃത്യസമയത്ത് ആവശ്യമായ ചികിത്സയും ലഭിക്കാതെ ദുരിതത്തിലായ കായികതാരങ്ങൾ കഴിഞ്ഞദിവസവും സമരരംഗത്തുണ്ടായിരുന്നു. ​പുതിയ പ്രിൻസിപ്പൽ വന്നതോടെയാണ് ദുരിതമെന്നും കുട്ടികൾ ആരോപിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home