ad
Deshabhimani

പ്രസിഡന്റിന്‌ ബിജെപി ബാന്ധവം; 
നാവായിക്കുളത്ത് കോൺഗ്രസിൽ തമ്മിലടി

നാവായിക്കുളം പഞ്ചായത്ത് പ്രസിഡന്റ്‌ എ ജെ ജിഹാദ് പഞ്ചായത്ത് കമ്മിറ്റിയില്‍ പ്രതിഷേധിച്ച കോണ്‍ഗ്രസ് വിമത അംഗങ്ങളെ ആട്ടിയിറക്കുന്നു

നാവായിക്കുളം പഞ്ചായത്ത് പ്രസിഡന്റ്‌ എ ജെ ജിഹാദ് പഞ്ചായത്ത് കമ്മിറ്റിയില്‍ പ്രതിഷേധിച്ച കോണ്‍ഗ്രസ് വിമത അംഗങ്ങളെ ആട്ടിയിറക്കുന്നു

വെബ് ഡെസ്ക്

Published on Jul 31, 2026, 02:02 AM | 1 min read

കിളിമാനൂര്‍

പഞ്ചായത്ത് പ്രസിഡന്റും വൈസ് പ്രസിഡന്റും ബിജെപിയുമായി അവിശുദ്ധ കൂട്ടുകെട്ട് ഉണ്ടാക്കുന്നെന്ന് ആരോപിച്ച് നാവായിക്കുളം പഞ്ചായത്ത് കമ്മിറ്റിയിൽ ഭരണകക്ഷിയായ കോൺഗ്രസ് അംഗങ്ങൾ തമ്മിൽ വാക്കേറ്റം. കോൺഗ്രസിന്റെ പഞ്ചായത്ത് പ്രസിഡന്റ് എ ജെ ജിഹാദിനും വൈസ് പ്രസിഡന്റ്‌ സി സന്ധ്യക്കുമെതിരെയാണ് ഒരുവിഭാഗം കോൺഗ്രസ്‌ അംഗങ്ങൾ പ്രതിഷേധവുമായി രംഗത്തെത്തിയത്. വോട്ടുചെയ്ത് ജയിപ്പിച്ച ജനങ്ങളോടുള്ള വഞ്ചനയാണിതെന്നും ബിജെപി ബാന്ധവം അനുവദിക്കില്ലെന്നും അവർ പറഞ്ഞു. ​ബഡ്‌സ് സ്കൂൾ മാനേജ്‌മെന്റ് കമ്മിറ്റിയിലേക്ക് ബിജെപി നാവായിക്കുളം മണ്ഡലം പ്രസിഡന്റ് പൈവേലിക്കോണം ബിജുവിനെ ഉൾപ്പെടുത്താനുള്ള പ്രസിഡന്റിന്റെ നീക്കമാണ് തർക്കങ്ങൾക്ക് തുടക്കമിട്ടത്. കുടുംബശ്രീയിലേക്ക് എക്സ് ഒഫീഷ്യോ അംഗങ്ങളായി ബിജെപി പ്രതിനിധികളെ ഉൾപ്പെടുത്തിയതിലും കോൺഗ്രസിനുള്ളിൽ കടുത്ത എതിർപ്പാണ്‌. ​പഞ്ചായത്തിലെ വികസനമുരടിപ്പും ഉദ്യോഗസ്ഥരുടെ അനാസ്ഥയും പഞ്ചായത്ത്‌ യോഗത്തിൽ വലിയ പ്രതിഷേധത്തിനിടയാക്കി. 2025–26 വാർഷിക പദ്ധതിയിൽ പട്ടികജാതി ഫണ്ടിന്റെ 20 ശതമാനത്തിൽ താഴെയാണ് വിനിയോഗിച്ചത്. ആകെയുള്ള ആസൂത്രണ ഫണ്ടിന്റെ 35 ശതമാനം മാത്രമാണ് ചെലവഴിച്ചത്. അസിസ്റ്റന്റ് സെക്രട്ടറിയുടെ അനാസ്ഥമൂലം ഈ വർഷത്തെ പ്ലാൻ ഫണ്ടിൽ 70 ലക്ഷം രൂപയുടെ കുറവുണ്ടായി. ​കഴിഞ്ഞവർഷം 60 ലക്ഷം രൂപയുടെ പദ്ധതികൾ സ്പിൽ ഓവർ ആക്കിയതിനാൽ ആ തുകയും ഈ വർഷത്തെ തനത്‌ ഫണ്ടിൽനിന്ന് കണ്ടെത്തേണ്ട സാഹചര്യമാണുള്ളത്. ഇത് പഞ്ചായത്തിലെ മരാമത്ത് പ്രവൃത്തികൾ, ഭവനനിർമാണം, മറ്റ് ക്ഷേമപ്രവർത്തനങ്ങൾ എന്നിവയെ സാരമായി ബാധിച്ചിട്ടുണ്ട്. ​വീഴ്‌ചവരുത്തിയ അസിസ്റ്റന്റ് സെക്രട്ടറിയോട് വിശദീകരണം ആവശ്യപ്പെടാനുള്ള പഞ്ചായത്ത് കമ്മിറ്റി തീരുമാനം, പ്രസിഡന്റ് തിരുത്തിയതായും ആരോപണമുണ്ട്‌. സേവാഭാരതി നാവായിക്കുളം പഞ്ചായത്ത് പ്രസിഡന്റ്കൂടിയായ ഉദ്യോഗസ്ഥനെ സംരക്ഷിക്കാൻ മിനിട്‌സ്‌ തിരുത്തിയ പ്രസിഡന്റിന്റെ നടപടിയെ കോൺഗ്രസ് അംഗങ്ങൾ ചോദ്യംചെയ്തു. ബിജെപിയുമായുള്ള പ്രസിഡന്റിന്റെ ബാന്ധവം ഒരു കാരണവശാലും അംഗീകരിക്കില്ലെന്ന് പ്രതിഷേധിച്ച കോൺഗ്രസ് അംഗങ്ങൾ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home