നിത്യഹരിത നായകാ... ഇവിടെ നിൻ ഓർമകൾ ദീപ്‌തം

ബിമൽ പേരയം
Published on Mar 19, 2026, 04:24 AM | 1 min read
തിരുവനന്തപുരം: മലയാള സിനിമയുടെ നിത്യഹരിതനായകൻ പ്രേംനസീറിന് സ്വന്തംനാട്ടിൽ സ്‌മാരകം പണിയുക എന്നത് ആരാധകരുടെ ദീർഘകാല ആവശ്യമായിരുന്നു. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെ ഉൾപ്പെടെ ആഗ്രഹം സഫലമാക്കിയിരിക്കുകയാണ് എൽഡിഎഫ് സർക്കാർ. ഒന്നാംഘട്ട പ്രവർത്തനം പൂർത്തിയാക്കി.
പ്രേംനസീർ വിടവാങ്ങി മൂന്ന് പതിറ്റാണ്ടിനുശേഷമാണ് സ്മാരകമുയർന്നത്. ആകെ 5.40 കോടി രൂപയാണ് നിർമാണ ചെലവ് പ്രതീക്ഷിക്കുന്നത്. ഒന്നാംഘട്ടത്തിൽ സാംസ്കാരിക വകുപ്പിൽനിന്ന് 1.32 കോടിയും വി ശശി എംഎൽഎയുടെ ആസ്തിവികസന ഫണ്ടിൽനിന്ന് 1.58 കോടിയും വിനിയോഗിച്ചാണ് നിർമാണം. 2.50 കോടിയുടെ രണ്ടാംഘട്ട നിർമാണപ്രവർത്തനം പുരോഗമിക്കുന്നു.
ചിറയൻകീഴ് പഞ്ചായത്തിനുകീഴിലെ കലാഗ്രാമമാണ് പ്രേംനസീറിനുള്ള സ്മാരകമായി മാറുന്നത്. ഓപ്പൺ തിയറ്റർ, ലൈബ്രറി, പ്രേംനസീർ സിനിമകളുടെ ഗ്യാലറി, സിനിമാ പഠിതാക്കൾക്കുള്ള സൗകര്യം എന്നിവയുൾപ്പെടെ മൂന്ന് നിലകളിലായി 15,000 ചതുരശ്ര അടി കെട്ടിടമാണ് പണിയുന്നത്.
പലവട്ടം ശ്രമങ്ങളുണ്ടായിട്ടും ഭൂമിയേറ്റെടുപ്പ് അടക്കമുള്ള തടസ്സങ്ങളുണ്ടായി. വിദ്യാഭ്യാസവകുപ്പ് സാംസ്കാരികവകുപ്പിന് കൈമാറിയ മലയാളം പള്ളിക്കൂടത്തിന്റെ വകയായിരുന്ന 62 സെന്റിലാണ് അനശ്വരനടന്റെ ഓർമകളുയരുക. ചിറയിൻകീഴ് താലൂക്കാശുപത്രി എക്സ്റേ യൂണിറ്റ്, കൂന്തള്ളൂർ സ്കൂൾ കെട്ടിടം, മുടപുരത്തെയും പാലമൂടിലെയും വായനശാലകൾ എന്നിവയെല്ലാം പ്രേംനസീറിന്റെ സംഭാവനകളാണ്.










0 comments