ad
Deshabhimani

 മഴക്കാലപൂർവ ശുചീകരണവും മാലിന്യനിർമാർജനവും താളംതെറ്റി

പ്രതിരോധപ്രവർത്തനങ്ങളിൽ വീഴ്ച; 
പകർച്ചവ്യാധി ഭീതിയിൽ ജില്ല

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on May 26, 2026, 12:16 AM | 2 min read

തിരുവനന്തപുരം

പ്രതിരോധപ്രവർത്തനങ്ങൾ കൃത്യമായി ഏകോപിപ്പിക്കാത്തതിനാല്‍ ജില്ലയിൽ പകർച്ചവ്യാധികൾ പടർന്നു. കോർപറേഷനടക്കം ഏറ്റെടുത്ത്‌ നടത്തേണ്ട ശുചീകരണവും മാലിന്യനിർമാർജനവും പാളിയതോടെ ഡെങ്കിപ്പനി, എലിപ്പനി രോഗങ്ങൾ പിടിമുറുക്കുന്നു. കാലവർഷം ശക്തമാകുന്നതോടെ രോഗവ്യാപനം ഉയരുമെന്ന ആശങ്കയിലാണ് ജനങ്ങൾ. നഗര-–ഗ്രാമ വ്യത്യാസമില്ലാതെ പ്രധാന കേന്ദ്രങ്ങളിലെല്ലാം മാലിന്യങ്ങൾ കുന്നുകൂടിക്കിടക്കുകയാണ്. സ്ഥിതി തുടര്‍ന്നാല്‍ ഇനിയും സങ്കീർണമാക്കും. ഓടകളും തോടുകളും കൃത്യമായി വൃത്തിയാക്കാത്തതിനാൽ കൊതുകുകൾ പെരുകി. എലിശല്യം രൂക്ഷമാകുകയും ചെയ്തു. ആമഴിയഞ്ചാൻ തോടും പരിസരവും എലികളുടെ താവളമായിമാറി. കുട്ടികളടക്കം ദിവസേന അഞ്ഞൂറോളം പേരാണ് പനിബാധിച്ച് വിവിധ ആശുപത്രികളിൽ ചികിത്സ തേടുന്നത്. 18 ഡെങ്കിപ്പനി കേസുകള്‍ റിപ്പോർട്ട്‌ചെയ്തു. പനി പിടിമുറുക്കുമ്പോൾ ശുചിത്വപാലനത്തിൽ ജനങ്ങൾ ജാഗ്രതപുലർത്തണം. തിളപ്പിച്ചാറിയ ശുദ്ധജലം മാത്രം കുടിക്കുക. പഴങ്ങളും പച്ചക്കറികളും നന്നായി കഴുകിയശേഷം മാത്രം കഴിക്കുക. വൃത്തിഹീനമായ സാഹചര്യങ്ങളിൽ തയ്യാറാക്കുന്ന ഭക്ഷണപദാർഥങ്ങളും കൃത്രിമ പാനീയങ്ങളും പൂർണമായും ഒഴിവാക്കണം. കൊതുകുജന്യ രോഗങ്ങൾ തടയുന്നതിനായി വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം. വെള്ളം കെട്ടിക്കിടന്ന് കൊതുകുകൾ വളരുന്ന സാഹചര്യം ഇല്ലാതാക്കണം. രാത്രിയില്‍ കൊതുകുവല ഉപയോഗിക്കണമെന്ന് ആരോഗ്യവിദഗ്ധർ നിർദേശിക്കുന്നു. മലിനജലവുമായി സമ്പർക്കത്തിൽ വരുന്ന ജോലികളിൽ ഏർപ്പെടുന്നവർ രോഗബാധയേൽക്കാതിരിക്കാൻ പ്രത്യേക സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കണം. രോഗലക്ഷണങ്ങൾ കണ്ടാലുടൻ സ്വയംചികിത്സ ഒഴിവാക്കി ആശുപത്രിയിലെത്തണം.


കാലവർഷം ഇങ്ങെത്തി; ഇഴഞ്ഞിഴഞ്ഞ്‌ ശുചീകരണം

തിരുവനന്തപുരം

കാലവർഷം അരികിലെത്തിയിട്ടും ശുചീകരണത്തിലെ മെല്ലെപ്പോക്ക്‌ തുടർന്ന്‌ കോർപറേഷൻ. ആഴ്‌ചകൾക്കുമുന്പ്‌ തന്പാനൂരിലെത്തി ശുചീകരണം നടത്തി റീൽസ്‌ സമൂഹമാധ്യമങ്ങളിലിട്ട്‌ മേയർ വി വി രാജേഷ്‌ മടങ്ങിയതല്ലാതെ മറ്റ്‌ പുരോഗതികളില്ല. നഗരത്തിലെ വിവിധയിടങ്ങളിൽ ഓടകൾക്കുമീതെയുള്ള കോൺക്രീറ്റ്‌ സ്ലാബ്‌ വൃത്തിയാക്കാനായി മാറ്റിയിരുന്നു. ശുചീകരണം നടക്കാതായതോടെ ഇവ അപകടക്കെണിയായി മാറി. സ്ലാബുകൾ പൂർവസ്ഥിതിയിലാക്കി അപകടാവസ്ഥ ഒഴിവാക്കണമെന്നാണ്‌ കാൽനടയാത്രക്കാരുടെ ആവശ്യം. ഹരിതകർമസേന, കുടുംബശ്രീ, സന്നദ്ധസംഘടനകൾ, വ്യാപാരികൂട്ടായ്‌മകൾ എന്നിവയെ പങ്കാളികളാക്കി ശുചീകരണത്തിന്‌ നേതൃത്വം കൊടുക്കേണ്ട കോർപറേഷനാണ്‌ അനാസ്ഥ തുടരുന്നത്‌. തകർന്ന റോഡുകളിലെ വൻകുഴികളും മൂടേണ്ടതുണ്ട്‌. വെള്ളക്കെട്ടായാൽ കുഴിയുടെ ആഴമറിയാതെ ഇരുചക്രവാഹനയാത്രക്കാർ അപകടത്തിലാകും. പാതയോരത്തെ മരങ്ങളുടെ കൊമ്പുകൾ, നടപ്പാതയോടുചേർന്ന വിവിധ സ്ഥാപനങ്ങളുടെ മതിലുകൾ എന്നിവയും അപകടഭീഷണിയാണ്‌. ആമയിഴഞ്ചാൻതോട്‌, കരമനയാറ്‌, പാർവതീപുത്തനാർ എന്നിവയിലടക്കം അടിഞ്ഞ മാലിന്യവും നീക്കം ചെയ്‌തിട്ടില്ല. പ്ലാസ്‌റ്റിക് കുപ്പികളും ചാക്കിൽ വലിച്ചെറിയുന്ന മാലിന്യങ്ങളും അടിഞ്ഞ്‌ ഇവയുടെ ഒഴുക്ക്‌ തടസ്സപ്പെട്ട നിലയിലാണ്‌. പാർവതീപുത്തനാറിൽ പായലും കളയും നീക്കം ചെയ്യാനുണ്ട്‌. ജലസേചന വകുപ്പാണ്‌ ഇത്‌ ചെയ്യേണ്ടതെന്ന ന്യായം പറഞ്ഞ്‌ തലയൂരാനാണ്‌ കോർപറേഷൻ അധികൃതർ ശ്രമിച്ചത്‌. വിഷയത്തിൽ തീർപ്പുണ്ടാക്കാൻ ജലസേചന വകുപ്പ്‌ ഉദ്യോഗസ്ഥരുടെ യോഗവും വിളിച്ചില്ല. യുഡിഎഫ്‌ സർക്കാർ അധികാരത്തിലെത്തിയിട്ടും മഴക്കാലപൂർവശുചീകരണം കാര്യക്ഷമമാക്കാനുള്ള ഉദ്യോഗസ്ഥയോഗം മന്ത്രിതലത്തിൽ നടന്നിട്ടില്ല. ശുചീകരണം ഉടനടി പൂർത്തിയാക്കിയില്ലെങ്കിൽ മഴക്കാലം അപകടങ്ങളുടെതും പകർച്ചവ്യാഥികളുടെതും ആയി മാറും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home