ad
Deshabhimani

പാറ്റൂര്‍ വാഹനാപകടം

പ്രശാന്തിന്റെ കാൽ
തുന്നിച്ചേർക്കാനായില്ല

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
avatar
സ്വന്തം ലേഖകൻ

Published on Jul 31, 2026, 02:04 AM | 1 min read

തിരുവനന്തപുരം

പാറ്റൂരിൽ നിയന്ത്രണംവിട്ട കാറിടിച്ച്‌ പരിക്കേറ്റ യുവാവിന്റെ കാൽ തുന്നിച്ചേർക്കാനായില്ല. കാൽ തുന്നിച്ചേർക്കാനാകില്ലെന്നും മുട്ടിനുതാഴെവച്ച്‌ മുറിച്ചുമാറ്റേണ്ടിവരുമെന്നും ആശുപത്രി അധികൃതർ അറിയിച്ചു. ബുധനാഴ്ച നടന്ന അപകടത്തില്‍ പരിക്കേറ്റ മലയിൻകീഴ് മച്ചേൽ ഉദയാനിവാസിൽ പ്രശാന്ത് കുമാര്‍ (45) നിലവില്‍ കിംസ് ആശുപത്രിയിലെ വെന്റിലേറ്ററിലാണ്. ബുധന്‍ വൈകിട്ട് 6.30ഓടെ പാറ്റൂർ ഓർത്തഡോക്സ് പള്ളി സെമിത്തേരിക്ക് സമീപത്തെ വളവിലായിരുന്നു അപകടം. പാറ്റൂര്‍ ഭാഗത്തേക്ക് വന്ന കാർ വളവ് കഴിഞ്ഞയുടൻ നിയന്ത്രണം വിട്ട്‌ ഡിവൈഡർ തകർത്ത് എതിർദിശയിലേക്കുള്ള വരിയിലേക്ക് പാഞ്ഞുകയറി. ഇതുവഴി വന്ന ബൈക്കും ഓട്ടോറിക്ഷയും ഇടിച്ചുതെറിപ്പിച്ചു. ബൈക്കിൽ സഞ്ചരിച്ച പ്രശാന്തിന്റെ കാൽ ഇടിയുടെ ആഘാതത്തിൽ മുറിഞ്ഞ്‌ സമീപത്തെ പള്ളി സെമിത്തേരിയിലേക്ക്‌ തെറിച്ചുവീഴുകയായിരുന്നു. രക്ഷാപ്രവർത്തകരാണ്‌ കാൽ കണ്ടെടുത്ത്‌ ആശുപത്രിയിലെത്തിച്ചത്‌. വിമാനത്താവളത്തിലെ ജീവനക്കാരനാണ്‌ പ്രശാന്ത്‌. ജോലികഴിഞ്ഞ് വീട്ടിലേക്ക് പോകുമ്പോഴായിരുന്നു അപകടം. ഓട്ടോറിക്ഷയുടെ ഡ്രൈവറും യാത്രക്കാരായ അമ്മയും മകളും മെഡിക്കൽകോളേജ്‌ ആശുപത്രിയിൽ ചികിത്സയിലാണ്‌. മൂന്നുപേർക്കും പൊട്ടലുള്ളതായി ആശുപത്രി അധികൃതർ അറിയിച്ചു. കാർ ഓടിച്ചിരുന്ന ചടയമംഗലം സ്വദേശി സിദ്ധാർഥ്‌ ശിവനെയും ഒപ്പമുണ്ടായിരുന്ന വട്ടിയൂർക്കാവ് സ്വദേശി അനന്തകൃഷ്ണനെയും അറസ്‌റ്റ് ചെയ്‌ത്‌ റിമാൻഡ് ചെയ്തു. മനഃപൂർവമല്ലാത്ത നരഹത്യാശ്രമമാണ് പ്രതികൾക്കെതിരെ ചുമത്തിയിട്ടുള്ളത്.

പ്രതികളെ
സംരക്ഷിക്കാൻ
ശ്രമിച്ച്‌ പൊലീസ്‌

ചാനലുകളിലൂടെ കേരളമാകെയറിഞ്ഞ അപകടത്തോട്‌ പേട്ട പൊലീസ്‌ സ്വീകരിച്ചത്‌ ഉദാസീന നിലപാട്‌. പ്രതികൾ മദ്യപിച്ചിട്ടില്ലെന്ന്‌ വരുത്തിത്തീർക്കാനാണ്‌ പൊലീസ്‌ ആദ്യം ശ്രമിച്ചത്‌. കാറിൽ മദ്യക്കുപ്പികൾ കിടക്കുന്നതിന്റെ ദൃശ്യങ്ങളുണ്ടല്ലോ എന്ന ചോദ്യത്തിന്‌ അറിയില്ല എന്നായിരുന്നു മറുപടി. പ്രതികൾ മദ്യപിച്ചതായും അറിയില്ലെന്നും പൊലീസ്‌ മാധ്യമങ്ങളോട്‌ പറഞ്ഞിരുന്നു. പിന്നീട്‌ എഫ്‌ഐആറിൽ മദ്യപിച്ചതായി രേഖപ്പെടുത്തി. വ്യാഴാഴ്‌ച അപകടസ്ഥലത്ത് ഫോറൻസിക് സംഘം തെളിവെടുപ്പ് നടത്തി. അപകടമുണ്ടാക്കിയ കാർ, തകർന്ന ഓട്ടോ, ബൈക്ക് എന്നിവ പരിശോധിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home