വ്യാജരേഖ ചമച്ച് വീട് തട്ടിയ കേസ് അട്ടിമറിച്ചു
ഒന്നാം പ്രതിക്ക് പദവികൾ വാരിക്കോരി നൽകി കോൺഗ്രസ്


സ്വന്തം ലേഖകൻ
Published on Sep 12, 2026, 12:20 AM | 1 min read
തിരുവനന്തപുരം
വ്യാജരേഖ ചമച്ച് ജവഹർ നഗറിലെ 10 കോടി രൂപയുടെ വീടും വസ്തുവും തട്ടിയെടുത്ത കേസിലെ ഒന്നാം പ്രതിയായ അനന്തപുരി മണികണ്ഠന് പദവികൾ വാരിക്കോരി നൽകി കോൺഗ്രസ് നേതൃത്വം. 14 സെന്റും വീടും ആൾമാറാട്ടത്തിലൂടെ കൈക്കലാക്കിയ കേസിൽ ജയിലിലടച്ച പ്രതിയെയാണ് യുഡിഎഫ് സർക്കാർ സ്ഥാനമാനങ്ങൾ നൽകി സംരക്ഷിക്കുന്നത്. അറസ്റ്റിലായതോടെ സസ്പെൻഷനിലായ മണികണ്ഠനെ ഡിസിസി പ്രസിഡന്റിന്റെ ശുപാർശയിൽ കെപിസിസി നേതൃത്വം രഹസ്യമായി തിരിച്ചെടുക്കുകയായിരുന്നു. ഡിസിസി അംഗമായ ഇയാൾക്ക് കഴിഞ്ഞദിവസം കർഷക കോൺഗ്രസ് തിരുവനന്തപുരം ജില്ലാ വൈസ് പ്രസിഡന്റ്, നേമം മണ്ഡലം പ്രസിഡന്റ് ചുമതലകൾകൂടി നൽകി. ഐഎൻടിയുസിയുടെ മോട്ടോർ തൊഴിലാളി യൂണിയൻ ജനറൽ സെക്രട്ടറിയുമാണ്. ഭൂമാഫിയ സംഘങ്ങളുമായും പാർടിയിലെ ഉന്നത നേതാക്കളുമായും മണികണ്ഠനുള്ള സാമ്പത്തിക ഇടപാടുകൾ പുറത്തുവരുമെന്ന ഭയത്താലാണ് നേതൃത്വം ഇയാളെ സംരക്ഷിക്കുന്നതെന്നാണ് വിവരം. കുറ്റപത്രം സമർപ്പിക്കാനിരിക്കുന്ന ഘട്ടത്തിൽ അന്വേഷണം അട്ടിമറിക്കാൻ ഉന്നതതല നീക്കവുമുണ്ട്. യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നതിനുപിന്നാലെ ഉന്നത നേതാക്കളുടെ നിർദേശപ്രകാരം മ്യൂസിയം പൊലീസ് കേസ് അന്വേഷണം മരവിപ്പിച്ചു. അമേരിക്കയിൽ സ്ഥിരതാമസമാക്കിയ ഡോറ അസറിയ ക്രിപ്സ് എന്ന സ്ത്രീയുടെ വീടും 14 സെന്റുമാണ് കോൺഗ്രസ് മാഫിയസംഘം കഴിഞ്ഞ ജനുവരിയിൽ കൈക്കലാക്കിയത്. കോൺഗ്രസ് ദേശീയ നേതാക്കളുമായി അടുത്ത ബന്ധമുള്ള വ്യവസായി അനിൽ തമ്പിയുമായി ചേർന്നാണ് മണികണ്ഠൻ തട്ടിപ്പ് നടത്തിയത്. ഇവരെ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തെങ്കിലും ജാമ്യത്തിലിറങ്ങി. അനന്തപുരി മണികണ്ഠന് സംരക്ഷണമൊരുക്കിയത് മുൻമന്ത്രികൂടിയായ തലസ്ഥാനത്തെ കോൺഗ്രസ് നേതാവായിരുന്നു. ഇതേ നേതാവ് തലസ്ഥാനത്ത് ബിനാമി പേരിൽ നിരവധി സ്ഥാപനങ്ങൾ നടത്തുന്നുണ്ട്. അവകാശികളില്ലാത്ത കെട്ടിടങ്ങളും നിയമക്കുരുക്കിൽ കിടക്കുന്ന വസ്തുക്കളും വ്യാജരേഖ ചമച്ച് തട്ടിയെടുക്കുന്നതാണ് തലസ്ഥാനത്തെ കോൺഗ്രസ് മാഫിയ സംഘത്തിന്റെ രീതി. ജില്ലയിൽ മറ്റൊരു ഭൂമി ഇടപാടിൽ വ്യാജ ട്രഷറി ചെലാനുകൾ ഉപയോഗിച്ച് ഭൂവുടമയിൽനിന്ന് രണ്ടുലക്ഷം രൂപ തട്ടിയതിന് മണികണ്ഠനും സംഘത്തിനുമെതിരെ കേസുണ്ട്. വ്യാജരേഖ ചമച്ച് ഭൂമിയിടപാടുകൾ നടത്തിയതിലെ പല പരാതികളും പണംനൽകി തീർപ്പാക്കി.










0 comments