ad
Deshabhimani

വിദ്യാർഥികൾക്കുനേരെ പൊലീസ്‌ വേട്ട

കാൽ ചവിട്ടിയൊടിച്ചു 
മുടിയിൽപിടിച്ച്‌ വലിച്ചിഴച്ചു

Kerala university

രജിസ്ട്രാറുടെ മുറിയ്ക്കുമുന്നിൽ സമാധാനമായി പ്രതിഷേധിച്ച എസ്എഫ്ഐ പ്രവർത്തകയെ പൊലീസ് 
ബലം പ്രയോ​ഗിച്ച് അറസ്റ്റ് ചെയ്യുന്നു

avatar
സ്വന്തം ലേഖകൻ

Published on Aug 14, 2026, 11:41 PM | 1 min read

തിരുവനന്തപുരം

കേരള സർവകലാശാലാ സിൻഡിക്കറ്റിന്റെ വിദ്യാർഥിവിരുദ്ധ നയങ്ങൾക്കെതിരെ സമാധാനപരമായി സമരം ചെയ്ത ലോ കോളേജ് വിദ്യാർഥികൾക്കുനേരെ പൊലീസിന്റെ വേട്ട. ഒരു പ്രകോപനവുമില്ലാതെ പൊലീസ് നടത്തിയ ആക്രമണത്തിൽ ലോ കോളേജ് വിദ്യാർഥിനി കാർത്തികയുടെ ഇടതുകാൽ ഒടിഞ്ഞു. പെൺകുട്ടികൾ ഉൾപ്പെടെനിരവധി വിദ്യാർഥികൾക്ക് മർദനത്തിൽ ഗുരുതര പരിക്കേറ്റു. ഭീകരാന്തരീക്ഷം സൃഷ്ടിച്ച പൊലീസ് പതിനഞ്ചോളം വിദ്യാർഥികളെ ബലമായി അറസ്റ്റ് ചെയ്തു. സർവകലാശാലാ രജിസ്ട്രാറെ കണ്ട് ന്യായമായ ആവശ്യങ്ങളുന്നയിക്കുന്നതിനാണ് വെള്ളി രാവിലെ എസ്എഫ്ഐ നേതൃത്വത്തിൽ വിദ്യാർഥികളെത്തിയത്. റീവാല്യൂവേഷൻ ഫീസ് അടിയന്തരമായി കുറയ്ക്കുക, റീവാല്യൂവേഷൻ ഒഴിവാക്കാനുള്ള തീരുമാനം പുനഃപരിശോധിക്കുക, പരീക്ഷ കഴിഞ്ഞ് ഏഴുദിവസത്തിനകം ആൻസർ കീ പ്രസിദ്ധീകരിക്കുകയും മൂല്യനിർണയം സുതാര്യമാക്കുകയും ചെയ്യുക തുടങ്ങിയവയായിരുന്നു ആവശ്യങ്ങൾ. രജിസ്ട്രാറുടെ ഓഫീസിനുമുന്നിൽ കുത്തിയിരുന്ന വിദ്യാർഥികൾക്കുനേരെയാണ് കന്റോൺമെന്റ് എസ്എച്ച്ഒ ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം വെറിപൂണ്ട് പാഞ്ഞടുത്തത്. കൊടുംകുറ്റവാളികളോട് പെരുമാറുന്നതിലും ഹീനമായാണ് കുട്ടികളെ നേരിട്ടത്. പെൺകുട്ടികളെ നിലത്തിട്ട് വലിച്ചിഴച്ചും ബൂട്ടിട്ട് ചവിട്ടിയും കാടത്തം പുറത്തെടുത്തു. പരിക്കേറ്റ കാർത്തികയെ സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ജനറൽ ആശുപത്രിയിൽ സന്ദർശിച്ചു. ​വിദ്യാർഥികളെ ക്രൂരമായി മർദിക്കുകയും അറസ്റ്റ് ചെയ്തതിലും പ്രതിഷേധിച്ചും ഉടൻ വിട്ടയക്കണമെന്നാവശ്യപ്പെട്ടും സിറ്റി പൊലീസ് കമീഷണർ ഓഫീസിലേക്ക് എസ്എഫ്ഐ മാർച്ച് സംഘടിപ്പിച്ചു. ഒടുവിൽ അറസ്റ്റ് ചെയ്ത മുഴുവൻപേരെയും മോചിപ്പിച്ചു. ജില്ലാ സെക്രട്ടറി എം എ നന്ദൻ, പ്രസിഡന്റ് വിജയ് വിമൽ, ജോയിന്റ് സെക്രട്ടറിമാരായ ആശിഷ്, സഞ്ജയ്‌ സുരേഷ്, അവ്യ കൃഷ്ണൻ, സെക്രട്ടറിയറ്റ് അംഗങ്ങളായ എൻ ആർ അർജുൻ, എസ്‌ അശ്വിൻ, ആഷിക് പ്രദീപ്‌, എസ്‌ ശ്രീജിത്ത്‌ എന്നിവർ സമരത്തിന്‌ നേതൃത്വം നൽകി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home