ad
Deshabhimani

ശിൽപ്പത്തിൽ നിറഞ്ഞ്‌ 
കൗമാരജ്വാല

a

പ്രായംകുറഞ്ഞ രക്തസാക്ഷികളുടെ ശിൽപ്പവുമായി ഷിബു വെട്ടം

avatar
വിനോദ് തലപ്പിള്ളി

Published on Aug 15, 2026, 12:45 AM | 1 min read

തിരൂർ

ഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രത്തിലെ പ്രായംകുറഞ്ഞ രക്തസാക്ഷികളുടെ ശിൽപ്പമൊരുക്കി ഷിബു വെട്ടം. 12-ാം വയസിൽ ബ്രിട്ടീഷ് പട്ടാളത്തിന്റെ വെടിയേറ്റ് മരിച്ച ഒഡിഷയിലെ ബാജി റൗട്ട്‌, അസമിലെ തിലേശ്വരി ബറുവ എന്നിവരുടെ ശിൽപ്പമാണ് നിർമിച്ചത്‌. ഇന്ത്യയിലെ ഏറ്റവും പ്രായംകുറഞ്ഞ രക്തസാക്ഷികളിലൊരാളായ ബാജി റൗട്ട് ഒഡിഷയിലെ ധെങ്കനാൽ പ്രജാമണ്ഡൽ പ്രസ്ഥാനത്തിൽ പങ്കെടുത്താണ്‌ രക്തസാക്ഷിയായത്‌. 1938 ഒക്ടോബർ 11-ന് ബ്രാഹ്മണി നദിയിലെ നീലകണ്ഠപുർ ഘട്ടിൽ ബാജി റൗട്ട് കാവൽനിൽക്കുന്നതിനിടെ ബ്രിട്ടീഷ് പൊലീസുകാർ തങ്ങൾക്ക്‌ നദി കടക്കണമെന്ന്‌ ആവശ്യപ്പെട്ടു. പൊലീസിനെ നദി കടത്തിവിടാൻ അദ്ദേഹം വിസമ്മതിച്ചു. തുടർന്ന് പൊലീസ് നടത്തിയ വെടിവയ്പ്പിലാണ്‌ ബാജി റൗട്ട് രക്തസാക്ഷിയായത്‌. അസം സ്വദേശിയായ തിലേശ്വരി ബറുവ ഉൾപ്പെടെയുള്ള സ്വാതന്ത്ര്യസമര പ്രവർത്തകർ ധേക്കിയാജുലി പൊലീസ് സ്റ്റേഷനിൽ ത്രിവർണ പതാക ഉയർത്താൻ മാർച്ച് നടത്തി. ബ്രിട്ടീഷ് പൊലീസ് ജനക്കൂട്ടത്തിനുനേരെ വെടിവച്ചു. 12 വയസുകാരിയായ തിലേശ്വരി ഉൾപ്പെടെ 15 പേർ കൊല്ലപ്പെട്ടു. ഇന്ത്യൻ സർക്കാരിന്റെ ആസാദി കി അമൃത് മഹോത്സവ് രേഖകളിലും തിലേശ്വരി ബറുവയെ ഇന്ത്യയിലെ പ്രായംകുറഞ്ഞ രക്തസാക്ഷികളിൽ ഒരാളായി പ്രത്യേകം പരാമർശിക്കുന്നുണ്ട്. ​ഇന്ത്യയുടെ കിഴക്കേ അറ്റത്തുള്ള അസമിലെയും കിഴക്കൻ തീരത്തുള്ള ഒഡിഷയിലെയും ചരിത്ര സംഭവമാണ്‌ ഷിബു വെട്ടം സിമന്റ് ശിൽപ്പത്തിലൂടെ കോർത്തിണക്കിയത്‌. 98 സെന്റീമീറ്റർ ഉയരവും 88 സെന്റീമീറ്റർ വീതിയുമുള്ളതാണ്‌ ശിൽപ്പം. അക്ഷരങ്ങളുടെ രൂപഘടനയിലാണ് നിർമാണം. തോണിയുടെ ആകൃതിയിലാണ് താഴത്തെ ഭാഗം ഒരുക്കിയിരിക്കുന്നത്. അതിൽ ഹിന്ദിയിൽ വന്ദേ മാതരം എന്ന് കൊത്തിയെടുത്തിട്ടുണ്ട്‌. അക്ഷരങ്ങൾ തോണിയുടെ അടിത്തറയായി എന്നതാണ്‌ ശിൽപ്പത്തിന്റെ ചരിത്രപരമായ പ്രാധാന്യം. ചിത്രക്കാരനും ശിൽപ്പിയും ചലച്ചിത്ര കലാസംവിധായകനുമായ ഷിബു വെട്ടം കേരള പ്രാദേശിക ചരിത്ര പഠന സമിതി മലപ്പുറം ജില്ലാ അംഗംകൂടിയാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home