വാഴനട്ട് പ്രതിഷേധം പയ്യംമ്പള്ളി–-കുറുക്കന്‍മൂല റോഡ് തകര്‍ന്നു

മാനന്തവാടി വിനോദസഞ്ചാരികളടക്കം നൂറുകണക്കിനാളുകള്‍ ദിനംപ്രതി സഞ്ചരിക്കുന്ന പയ്യംമ്പള്ളി-–കുറുക്കന്‍മൂല റോഡ് തകര്‍ന്നതില്‍ പ്രതിഷേധം ശക്തം. നാട്ടുകാരും ഡ്രൈവര്‍മാരും റോഡിലെ കുഴിയില്‍ വാഴനട്ട് പ്രതിഷേധിച്ചു. മാര്‍ച്ചില്‍ 12 ലക്ഷം രൂപ ചെലവഴിച്ച് മാനന്തവാടി നഗരസഭ അറ്റകുറ്റപ്പണി നടത്തിയ റോഡാണ് നാലുമാസം പിന്നിട്ടപ്പോഴേക്കും പൂര്‍ണമായി തകര്‍ന്നത്. ഇരുചക്രവാഹനങ്ങൾപോലും സഞ്ചരിക്കാനാകാത്തവിധം കുഴികളുണ്ട്. കുറുവാദ്വീപ്, കുറുക്കന്‍മൂല ആരോഗ്യകേന്ദ്രം, കുറുക്കന്‍മൂല ഗവ. എല്‍പി സ്‌കൂള്‍, പയ്യമ്പള്ളി സെന്റ് കാതറിന്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, പടമല, കാട്ടിക്കുളം ഭാഗങ്ങളിലേക്ക് പോകാനായി നാട്ടുകാര്‍ ആശ്രയിക്കുന്ന റോഡാണിത്. നിലവില്‍ റോഡില്‍ കാല്‍നടയാത്രപോലും അസാധ്യമാണ്. വലിയ കുഴികളില്‍ വെള്ളം നിറഞ്ഞ് ഇരുചക്രവാഹനങ്ങള്‍ ഉള്‍പ്പെടെ അപകടത്തില്‍പ്പെടുന്നതും പതിവാണ്. തിരുനെല്ലിയില്‍ ബലിതര്‍പ്പണം നടത്താന്‍ കോഴിക്കോട്ടുനിന്ന് ഇരുചക്രവാഹനത്തിലെത്തിയവര്‍ ബുധനാഴ്‌ച റോഡിലെ കുഴിയില്‍ വീണ് പരിക്കേറ്റിരുന്നു. കല്‍പ്പറ്റ, പുല്‍പ്പള്ളി ഭാഗങ്ങളില്‍നിന്ന് പയ്യമ്പള്ളി വഴി കര്‍ണാടകയിലേക്കും തിരുനെല്ലി ക്ഷേത്രം തോല്‍പ്പെട്ടി വന്യജീവി സങ്കേതം എന്നിവിടങ്ങളിലേക്കുമുള്ള എളുപ്പമാര്‍ഗമാണിത്. അടിയന്തരമായി അറ്റകുറ്റപ്പണി നടത്തിയില്ലെങ്കിൽ പ്രക്ഷോഭം നടത്തുമെന്ന് നാട്ടുകാർ അറിയിച്ചു.









0 comments