print edition ലൈഫിൽ വിഹിതം ഇൗടാക്കൽ, സർക്കാരിന്റേത് പോക്കറ്റടി: ബാലഗോപാൽ

കെ എൻ ബാലഗോപാൽ
സ്വന്തം ലേഖകൻ
Published on Aug 15, 2026, 01:23 AM | 1 min read
കോഴിക്കോട് : ലൈഫ് പദ്ധതിയിൽ ഗുണഭോക്താവ് ഒരുലക്ഷം രൂപ നൽകണമെന്ന സർക്കാർ തീരുമാനം പോക്കറ്റടിയാണെന്ന് സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം കെ എൻ ബാലഗോപാൽ എംഎൽഎ പറഞ്ഞു. എൽഡിഎഫ് സർക്കാർ ഗുണഭോക്തൃവിഹിതം ഇൗടാക്കിയിരുന്നില്ല. വിഹിതം സർക്കാർ തന്നെ അടച്ചു. അഞ്ച് ലക്ഷം വീട് ലൈഫിൽ നിർമിച്ചതിലൂടെ 5000 കോടി രൂപ ഇതുവഴി ജനങ്ങൾക്ക് നൽകി. പിഎംഎവൈ അർബൻ പദ്ധതിയിൽ മൂന്നുലക്ഷം വീട് പണിതാൽ 3000 കോടി രൂപ ജനങ്ങളിൽനിന്ന് സന്പാദിക്കാമെന്നാണ് യുഡിഎഫ് സർക്കാരിന്റെ കണക്കുകൂട്ടൽ. ജനദ്രോഹകരമായ ഇൗ തീരുമാനം സർക്കാർ തിരുത്തണം– ബാലഗോപാൽ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
വീടുകളിൽ മോദിയുടെയും കേന്ദ്രസർക്കാരിന്റെയും ചാപ്പകുത്തുന്നതിനൊപ്പം ജനങ്ങളെ കൊള്ളയടിക്കയാണ് സർക്കാർ. ബിജെപി സർക്കാരിന്റെ നിബന്ധന അംഗീകരിക്കാതെ ഗുണഭോക്താവിന്റെ ആത്മാഭിമാനം സംരക്ഷിക്കുംവിധമാണ് എൽഡിഎഫ് പദ്ധതി നടപ്പാക്കിയത്. ഇതിപ്പോൾ കേന്ദ്രത്തിന്റെ നയം പൂർണമായി അംഗീകരിച്ചിരിക്കുന്നു. പിഎം ശ്രീക്ക് പിന്നാലെ പിഎംഎവൈയിലും ബിജെപി സർക്കാരിന് വഴങ്ങിയിരിക്കയാണ് സതീശൻ സർക്കാർ. സ്‌ത്രീ സുരക്ഷാ പദ്ധതി അട്ടിമറിച്ചും പഞ്ചായത്തുകളുടെ വിഹിതം വെട്ടിക്കുറച്ചുമാണ് ഖജനാവിൽ സർക്കാർ വരുമാനമുണ്ടാക്കുന്നത്. ഇപ്പോൾ പിഎംഎവൈ പദ്ധതിയും അതിനുപയോഗിക്കുന്നു. ബാങ്ക് വഴിയാക്കിയതിലൂടെ ക്ഷേമ പെൻഷൻ ഗുണഭോക്താക്കളെ കുറയ്‌ക്കാനും നീക്കമുണ്ട്. ജനങ്ങൾക്ക് നൽകേണ്ട വിഹിതം കവർന്നാണ് സർക്കാർ വരുമാനവർധന ലക്ഷ്യമിടുന്നത്. ഇത് പ്രതിഷേധാർഹമാണ്.
ലഹരിക്കേസ് പ്രതിയായ മുഹമ്മദ് ഹുസൈനുമായുള്ള ബന്ധം തുറന്നുപറഞ്ഞ് മുഖ്യമന്ത്രി വി ഡി സതീശൻ ജനങ്ങളോട് മാപ്പുപറയണം. പ്രതിപക്ഷ നേതാവായിരിക്കെ കോഴിക്കോട് നടത്തിയ ഇഫ്‌താർ വിരുന്നിലടക്കം മുഹമ്മദ് ഹുസൈൻ പങ്കെടുത്തു. ഇൗ സാഹചര്യത്തിൽ മുഖ്യമന്ത്രിപദവിക്ക് ചേരാത്ത നുണ സതീശൻ ആവർത്തിക്കരുത്. എതിരായ വാർത്തകൾ സെൻസറിങ്ങിനിരയാക്കി സംസ്ഥാനത്ത് മുഖ്യമന്ത്രി സൈബർ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കയാണെന്നും ബാലഗോപാൽ പറഞ്ഞു.









0 comments