ഓണക്കോടിക്ക് "ഖാദി' പകിട്ട്

ചെറൂട്ടി റോഡ് ഖാദി ഗ്രാമ സൗഭാഗ്യ ഷോറൂമിൽ നടക്കുന്ന ഓണം മേളയിൽനിന്ന്
സ്വന്തം ലേഖിക കോഴിക്കോട് കുപ്പടം സാരി, കുപ്പടം മുണ്ട്, കൊട്ടാടി തോര്‍ത്ത്, മനില ഷര്‍ട്ട് പീസ്... ഓണം കളറാക്കാനും ഓണക്കോടി അടിപൊളിയാക്കാനും വൈവിധ്യമാര്‍ന്ന ഡിസൈനുകളുമായി ഖാദി വസ്ത്രങ്ങൾ വിപണിയിലെത്തി. പതിവുപോലെ റിബേറ്റും പ്രത്യേക ഓഫറുകളുമായി ഓണനാളുകളിൽ ഖാദി വസ്ത്രങ്ങൾ ജനപ്രിയമാകുകയാണ്. ചെറൂട്ടി റോഡ് ഖാദി ഗ്രാമ സൗഭാഗ്യ ഷോറൂമിൽ ഖാദി തുണിത്തരങ്ങളുടെ വലിയ ശേഖരമാണുള്ളത്. പുതുതായി പുറത്തിറക്കിയ ടെംപിൾ ഡിസൈൻ ബാലുശേരി കുപ്പടം സാരിയ്ക്കാണ് ആവശ്യക്കാരേറെ. ഖാദി പ്രീമിയം കുപ്പടം മുണ്ടുകൾ, മനില, മസ്‌ലിൻ, സിൽക്ക്, പ്രിന്റഡ് ഷര്‍ട്ടുകൾ എന്നിവയ്‌ക്കും ഡിമാന്റുണ്ട്. മെറ്റീരിയലുകൾക്ക് 286 മുതൽ 1430 വരെയും റെഡിമെയ്ഡ് ഷര്‍ട്ടുകൾക്ക് 900 മുതൽ 1600 വരെയുമാണ് വില. ഏത് കാലാവസ്ഥയ്ക്കും അനുയോജ്യമായ ഖാദി വസ്ത്രങ്ങൾ ചൂടുകാലത്തുപോലും ശരീരത്തിന് തണുപ്പേകുന്നതാണ്. ഓണം ഖാദി മേളയോടനുബന്ധിച്ച് ക്രമീകരിച്ച സഞ്ചരിക്കുന്ന ഖാദി വിൽപ്പനശാലയും സജീവമാണ്. ആയിരം രൂപയുടെ പര്‍ച്ചേസിന് സമ്മാന കൂപ്പണുണ്ട്. ആഴ്ചതോറും നറുക്കെടുപ്പും നടക്കും. മെഗാ നറുക്കെടുപ്പിൽ ഒന്നാംസമ്മാനം ടാറ്റ ടിയാഗോ കാറും രണ്ടാംസമ്മാനം 14 പേര്‍ക്ക് സ്കൂട്ടറും മൂന്നാംസമ്മാനം 5000 രൂപയുടെ ഗിഫ്റ്റ് വൗച്ചറുമാണ്. സര്‍ക്കാര്‍/അര്‍ധ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഒരുലക്ഷം രൂപയുടെ ക്രെഡിറ്റ് സൗകര്യവുമുണ്ട്.










0 comments