print edition ജെഎൻയുവിൽ ചട്ടം ലംഘിച്ച് അധ്യാപക നിയമനം; വിസി രാജിവയ്‌ക്കണമെന്ന് അധ്യാപകരും വിദ്യാർഥികളും

സ്വന്തം ലേഖകൻ
Published on Aug 15, 2026, 03:17 AM | 1 min read
ന്യൂഡൽഹി: അധ്യാപക നിയമന വിവാദത്തിൽ വൈസ് ചാൻസലർ ശാന്തിശ്രീ ധുലിപുടി പണ്ഡിറ്റിന്റെ രാജി ആവശ്യപ്പെട്ട് ജെഎൻയുവിലെ അധ്യാപകരും വിദ്യാർഥികളും. ശാന്തിശ്രീ വി സി ആയതിന് ശേഷമുള്ള നിയമനങ്ങളിൽ സ്വതന്ത്രവും സമയബന്ധിതവുമായ അന്വേഷണം വേണമെന്നും ജെഎൻയു വിദ്യാർഥി യൂണിയൻ, ജെഎൻയു ടീച്ചേഴ്‌സ് അസോസിയേഷൻ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. വി ശിവദാസൻ ഉൾപ്പെടെയുള്ള പ്രതിപക്ഷ എംപിമാരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
യുജിസി ചട്ടം ലംഘിച്ച് അഞ്ച് അസോസിയേറ്റ് പ്രൊഫസർമാരെയും രണ്ട് പ്രൊഫസർമാരെയും സർവകലാശാല നിയമിച്ചുവെന്ന റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെയാണ് രാജിയാവശ്യം ഉയര്‍ന്നത്. നിയമനപ്രക്രിയയുടെ ഭാഗമായ വിഷയവിദഗ്‌ധരുടെ സ്‌ക്രീനിങ് സമിതി ഈ ഏഴുപേരെ ഒഴിവാക്കിയിരുന്നു. എന്നാൽ, സർവകലാശാലയുടെ ഇന്റേണൽ ക്വാളിറ്റി അഷ്വറൻസ് സെൽ(ഐക്യുഎസി) വഴി വീണ്ടും ഇവരെ നിയമനത്തിന് പരിഗണിച്ചു. തസ്‌തികകളിലേക്കുള്ള ചുരുക്കപ്പട്ടിക വിപുലീകരിക്കുകയും ചെയ്തു.
അനധ്യാപക, കരാർ നിയമനങ്ങളിലും ക്രമക്കേട് നടന്നെന്നും വാർത്താസമ്മേളനത്തിൽ ആരോപണമുയർന്നു. സുരക്ഷാജീവനക്കാരായി നിയമിക്കപ്പെട്ടവരിൽ നിന്ന് പണം വാങ്ങി. ജോലി തുടരണമെങ്കിൽ 40,000 രൂപ നൽകണമെന്ന് ആവശ്യപ്പെട്ടതായി സർവകാലാശാലയിലെ സുരക്ഷാജീവനക്കാർ നേരത്തെ പരാതിപ്പെട്ടിരുന്നു.
കടുത്ത സംഘപരിവാർ അനുകൂലിയായ വി സി ശാന്തിശ്രീ ധുലിപുടി വിദ്യാർഥി വിരുദ്ധ നിലപാടുകൾ സ്വീകരിക്കുന്നതിലും വർഗീയ പ്രസ്‌താവനകൾ നടത്തുന്നതിലും കുപ്രസിദ്ധയാണ്. സംഘപരിവാറിനെതിരെ നിരന്തരം ശബ്‌ദിക്കുന്ന ജെഎൻയുവിനെ തകർക്കുക എന്ന ലക്ഷ്യത്തോടെയാണ് കേന്ദ്രസർക്കാർ ശാന്തിശ്രീയെ വി സി ആയി നിയമിച്ചത്.









0 comments