ad
Deshabhimani

print edition സർക്കാർ തിരിഞ്ഞുനോക്കിയില്ല; അന്നംമുട്ടി, 
തൊണ്ടവരണ്ടു

aranmula ezhikkadu vallana tkm rm vhss relief camp

ആറന്മുള എഴിക്കാട് വല്ലന ടികെഎംആർഎം വിഎച്ച്എസ്എസിലെ 
ദുരിതാശ്വാസ ക്യാമ്പിന്റെ 
വരാന്തയിൽ കിടക്കുന്ന സ്ത്രീ (ഫയല്‍ചിത്രം)

വെബ് ഡെസ്ക്

Published on Aug 15, 2026, 03:58 AM | 3 min read

‘ഒമ്പതുമാസം ഗർഭിണിയായ മകളടക്കമുള്ള എന്റെ കുടുംബം 12 ദിവസമാണ്‌ ഗ്രുവൽ സെന്ററിൽ കഴിഞ്ഞത്‌. സന്നദ്ധസംഘടനകളുടെ സഹായംകൊണ്ട്‌ മാത്രമാണ്‌ പട്ടിണിയറിയാഞ്ഞത്‌. സർക്കാർ സംവിധാനങ്ങളെയാകെ സമീപിച്ചിരുന്നു. അവരാരും തിരിഞ്ഞുനോക്കിയില്ല'–തിരുവല്ല നിരണം കൊമ്പങ്കേരി സ്വദേശിനി ശ്യാമള വിജയന്റെ ദുരനുഭവമാണിത്‌. ‘പ്രദേശത്തെ വെള്ളംകയറാത്ത വീട്ടിലാണ്‌ ഞങ്ങളടക്കം 12 കുടുംബം കഴിഞ്ഞത്‌. ക്യാമ്പിലെത്തിയില്ലെന്ന്‌ പറഞ്ഞ്‌ സഹായം നിഷേധിക്കുകയായിരുന്നു’– ശ്യാമള പറഞ്ഞു.


ഇവിടത്തെ ക്യാന്പിലെത്തിയവരുടെ സ്ഥിതി അതിദയനീയം. വെള്ളമോ വെളിച്ചമോയില്ലാത്ത ഒന്പത് നാൾ. ‘പരാതി നൽകിയാലേ സഹായവും സ‍ൗകര്യവും ലഭിക്കൂവെന്ന അവസ്ഥയിലാണ്‌ ഞങ്ങൾ അധികൃതരെ സമീപിച്ചത്‌. വെള്ളം കയറിയ വീട്‌ ശുചീകരിച്ച്‌ നൽകിയത്‌ ഡിവൈഎഫ്‌ഐ പ്രവർത്തകരാണ്‌'–ആറന്മുള വല്ലന എസ്‌എൻഡിപി യുപിഎസിലെ ക്യാമ്പിൽ കഴിഞ്ഞ ഏഴിക്കാട്‌ സ്വദേശി പ്രസന്ന പറഞ്ഞു. പ്രളയക്കെടുതിയിൽ രക്ഷപ്പെട്ടോടിയ ആയിരങ്ങൾ അനുഭവിച്ചതിന്റെ നേർചിത്രമാണ്‌ ഇ‍ൗ രണ്ടുപേരുടെയും വാക്കുകളിൽ തെളിയുന്നത്‌.


Thiruvalla peringara pmv schoolതിരുവല്ല പെരിങ്ങര പിഎംവി സ്‌കൂളിലെ വെള്ളംകയറിയ ക്യാമ്പിൽ 
കഴിയുന്നവര്‍. ഇഴജന്തുക്കളെ ഭയന്നാണ് ഇവര്‍ രാത്രി തള്ളിനീക്കിയത് (ഫയല്‍ചിത്രം)


കുത്തിയൊലിച്ചെത്തിയ പ്രളയം മനുഷ്യരുടെ പ്രതീക്ഷയെക്കൂടിയാണ്‌ കവർന്നെടുക്കുന്നത്‌. ജീവിതകാലം മുഴുവൻ അധ്വാനിച്ചുണ്ടാക്കിയ വീട്‌, കൃഷിയിടങ്ങൾ, വളർത്തുമൃഗങ്ങൾ എല്ലാം ഭാഗികമായോ പൂർണമായോ നഷ്‌ടമാകുന്നതോടെ കൈയിൽ കിട്ടിയതെടുത്ത്‌ ജീവനുംകൊണ്ടോടേണ്ടിവന്നു. സകലതും നഷ്‌ടമായ ഇ‍ൗ സാധാരണക്കാരെ സർക്കാർ ദയയില്ലാതെ കൈയൊഴിഞ്ഞു.


പൊയ്ക്കോ... ക്യാമ്പ് പൂട്ടി


പ്രാഥമികാവശ്യങ്ങൾക്കുള്ള സൗകര്യമില്ലാതെ ക്യാമ്പുകളിൽ ജനങ്ങൾ വീർപ്പുമുട്ടി. ആറന്മുളയിലെ ക്യാമ്പിൽ ദുരിതജീവിതമാണെന്ന് കോൺ​ഗ്രസ് ബൂത്ത് പ്രസിഡന്റ് അലക്‌സ്‌ എം ജോർജ് തുറന്നടിച്ചു. കുട്ടികളടക്കമുള്ളവർക്ക് സമയത്തിന് ഭക്ഷണംപോലും ലഭിക്കുന്നില്ലെന്നായിരുന്നു പ്രതികരണം. ക്യാമ്പിന്റെ അവസ്ഥ വാർത്തയും വിവാദവുമായതോടെ പിഴവ്‌ സംഭവിച്ചതായി മന്ത്രി എ പി അനിൽകുമാറിന്‌ സമ്മതിക്കേണ്ടിവന്നു. വൃത്തിഹീനമായ പരിസരം ക്യാമ്പിലുള്ളവർ ചേർന്നാണ്‌ ശുചിയാക്കിയത്‌. ‘ചെയ്യാനുള്ളതെല്ലാം ചെയ്‌തു’ എന്നായിരുന്നു ജനപ്രതിനിധികളുടെ പ്രതികരണം. ക്യാമ്പുകളിലെ ആയിരങ്ങളുടെ ദുരിതജീവിതത്തെ ഒറ്റപ്പെട്ട സംഭവമെന്ന്‌ മുഖ്യമന്ത്രി വി ഡി സതീശനും വിശേഷിപ്പിച്ചു.




മണ്ണിടിച്ചിൽ സാധ്യതയുണ്ടായിട്ടും ഇടുക്കി വാഗമണ്‍ ഗവ. എച്ച്എസ്എസിലെ ക്യാമ്പിലുള്ളവരെ ദുരിതമേഖലയിലേക്ക്‌ മടക്കിയയച്ചു. കൽപ്പറ്റയിലെ കള്ളാടി മണ്ണിടിച്ചിൽ ദുരിതാശ്വാസ പ്രവർത്തനവും അടിമുടി പാളി. തലനാരിഴയ്‌ക്ക്‌ രക്ഷപ്പെട്ട കുടുംബങ്ങളെ താമസിപ്പിച്ച മേപ്പാടി പോളിടെക്‌നിക്കിലെ ദുരിതാശ്വാസ ക്യാമ്പ് അഞ്ചു ദിവസത്തിനകം പൂട്ടി. ദുരന്തബാധിതരെ അപകടമേഖലയിലേക്ക് നിർബന്ധിച്ച് അയച്ചു. രക്ഷപ്പെടുമ്പോൾ ധരിച്ച വസ്‌ത്രവുമായാണ് സ്‌ത്രീകളും കുട്ടികളും ക്യാമ്പിൽ കഴിഞ്ഞത്. പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ക്യാമ്പിലെത്തി വിഷയം വാർത്താസമ്മേളനത്തിൽ ഉന്നയിച്ചതോടെയാണ് ഇവർക്ക് വസ്‌ത്രങ്ങളെത്തിയത്. മരിച്ച അതിഥിത്തൊഴിലാളി ബിഹാർ സ്വദേശി ഇമ്രാൻ അൻസാരിയുടെ മൃതദേഹവുമായി കുടുംബം ബംഗളൂരൂവിൽ കുടുങ്ങിയത്‌ 30 മണിക്കൂർ. നിർധന കുടുംബത്തോട്‌ സംസ്ഥാന സർക്കാര്‍ കനിവില്ലാതെയാണ്‌ പെരുമാറിയത്‌. കാസർകോട്‌ ജില്ലയുടെ ചുമതലയുള്ള മന്ത്രി കെ എം ഷാജിയും ദുരിതബാധിതരോട്‌ മുഖംതിരിച്ചു. ആഗസ്‌ത്‌ ഒന്നിന്‌ ഉരുൾപൊട്ടലുണ്ടായ തയ്യേനിയിലെ ക്യാമ്പുകളിൽ ആദ്യ രണ്ട്‌ ദിവസം കൃത്യമായി ഭക്ഷണമെത്തിയില്ല.


അരിക്ക് കാത്തുനിന്നത് മണിക്കൂറുകള്‍


​കുട്ടനാട്ടില്‍ ഗ്യാസ് സിലിണ്ടര്‍ സ്വന്തം വീടുകളിൽനിന്ന് എത്തിച്ചാണ് തുടക്കത്തിൽ ആളുകള്‍ ക്യാമ്പുകളിൽ പാകം ചെയ്‍തത്. ഗ്രുവൽ സെന്ററുകള്‍ പ്രവര്‍ത്തിക്കാനുള്ള ഭക്ഷ്യധാന്യവിതരണവും വൈകി. വീടുകളിൽ തുടരുന്നവര്‍ക്ക് ആശ്വാസമാകുന്ന ഇ‍ൗ കേന്ദ്രങ്ങളിൽ ഭക്ഷ്യധാന്യം സപ്ലൈകോ വഴിയാണ് നൽകുന്നത്. എൽഡിഎഫ് ഭരണകാലത്ത് വില്ലേജ് ഓഫീസ് മുഖേന വിവരം നൽകിയാൽ ഉടൻ സപ്ലൈകോ വഴി ഭക്ഷ്യധാന്യങ്ങള്‍ ഗ്രുവൽ കേന്ദ്രങ്ങളിൽ ലഭിച്ചിരുന്നു. ഇത് മാറ്റി പഞ്ചായത്തുവഴിയാക്കി. പഞ്ചായത്തിൽനിന്ന് വിവരം ആലപ്പുഴ ജോയിന്റ് ഡയറക്‍ടറുടെ ഓഫീസിലെത്തി അവിടെനിന്ന് അംഗീകരിച്ച് വന്നശേഷം ഭക്ഷ്യധാന്യം നൽകിയാൽ മതിയെന്നായി അധികൃതർ.


മാവേലി സ്റ്റോറിൽ അരിതീർന്നതും ദുരിതാശ്വാസക്യാന്പുകളെയും ഗ്രുവൽ കേന്ദ്രങ്ങളെയും പ്രതിസന്ധിയിലാക്കി. തലവടി പഞ്ചായത്തിൽമാത്രം 12 ദുരിതാശ്വാസ ക്യാന്പുണ്ടായിരുന്നു. ഇവിടത്തേക്ക് അരി നൽകേണ്ട നീരേറ്റുപുറം മാവേലി സ്‌റ്റോർ കാലിയായിരുന്നു. വെള്ളക്കെട്ടിലൂടെ ദുരിതയാത്രചെയ്‍ത് എത്തിയ ആളുകള്‍ മണിക്കൂറുകളാണ് മാവേലി സ്റ്റോറിനുമുന്നിൽ കാത്തുകിടന്നത്. പ്രതിഷേധം ശക്തമായതോടെയാണ് അരി എത്തിച്ചത്. ​


150 പേർക്ക്‌ 1 കിലോ സവാള


​ചങ്ങനാശേരി ഗവ. ടൗൺ എൽപി സ്‌കൂളിലെ ക്യാന്പിലെത്തിയ നൂറ്റന്പതോളം പേർക്ക്‌ പ്രഭാതഭക്ഷണത്തിന്‌ നൽകിയത്‌ രണ്ട് കിലോ റവയും ഒരു കിലോ സവാളയും 100 ഗ്രാം പച്ചമുളകുമാണ്‌. കുട്ടികളും പ്രായമായവരും അടക്കമുള്ളവര്‍ ഭക്ഷണമോ കുടിവെള്ളമോ അടിസ്ഥാന സൗകര്യങ്ങളോ ഇല്ലാതെ ദുരിതമനുഭവിച്ചു. രാവിലെ പുറത്തുപോയാണ്‌ ഭക്ഷണം കഴിച്ചത്‌. ഉച്ചയ്‌ക്ക്‌ വയോധികരും കുട്ടികളുമടക്കമുള്ളവരോട്‌ മറ്റൊരു ക്യാന്പിൽ പോയി ഭക്ഷണം കഴിക്കാനാണ്‌ പറഞ്ഞത്‌. രണ്ട്‌ ദിവസമായി ഭക്ഷണമില്ലാത്തതിൽ പ്രതിഷേധിച്ച ആളുകളോട്‌ ചങ്ങനാശേരി എംഎൽഎ വിനു ജോബും നഗരസഭ ചെയർമാൻ ജോമി ജോസഫും തട്ടിക്കയറിയിരുന്നു.


പക്ഷാഘാതം ബാധിച്ചയാൾക്ക്‌ ആംബുലൻസില്ല


​ചങ്ങനാശേരി ഗവ. ടൗൺ എൽപി സ്‌കൂളിലെ ക്യാന്പിൽ കഴിഞ്ഞിരുന്ന പക്ഷാഘാതം ബാധിച്ച ഗോപിയെന്ന വയോധികനെ സ്ഥിതി വഷളായി ആശുപത്രിയിലെത്തിക്കാൻ രാവിലെ ഒന്പതിന്‌ ആംബുലൻസ്‌ ആവശ്യപ്പെട്ടിട്ടും അധികൃതർ സ‍ൗകര്യമൊരുക്കിയില്ല. മുൻ മന്ത്രി വി എൻ വാസവൻ വൈകിട്ട്‌ 3.30ന്‌ ക്യാന്പിലെത്തിയപ്പോഴാണ്‌ ഇതറിയുന്നത്‌. അദ്ദേഹം ഇടപെട്ട്‌ ചങ്ങനാശേരി സർക്കാർ ആശുപത്രിയിൽനിന്ന്‌ ആംബുലൻസ്‌ എത്തിച്ച്‌ ഗോപിയെ ആശുപത്രിയിലാക്കി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home