print edition ഫോണിൽ തൊടരുത്; ലഹരി മാഫിയക്ക് സംരക്ഷണമൊരുക്കി മുഖ്യമന്ത്രി

എംഡിഎംഎയുമായി പിടിയിലായ തന്റെ കോ–ഓർഡിനേറ്റർ കെ എച്ച് മുഹമ്മദ് ഹുസൈനൊപ്പം മുഖ്യമന്ത്രി വി ഡി സതീശൻ

റഷീദ് ആനപ്പുറം
Published on Aug 15, 2026, 04:47 AM | 2 min read
തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് നേതാക്കൾ എംഡിഎംഎയുമായി പിടിയിലായ സംഭവത്തിൽ പ്രതികളുടെ ഫോൺ കോൾ ഡീറ്റെയിൽസ് (സിഡിആർ) പരിശോധിക്കുന്നതിന് വിലക്ക്. മുഖ്യമന്ത്രി വി ഡി സതീശന്റെ സോഷ്യൽ മീഡിയ കോഓർഡിനേറ്റർ മുഹമ്മദ് ഹുസൈൻ, അബ്‌ദുൾ സലാം എന്നിവരുടെ സിഡിആർ പരിശോധയാണ് ഉന്നത പൊലീസ് ഉദ്യോഗസ്ഥർ ഇടപെട്ട് തടഞ്ഞത്. പ്രതികളുടെ അന്താരാഷ്‌ട്ര ഹവാലാബന്ധം പുറത്തുവന്നതോടെയാണ് അന്വേഷണം മരവിപ്പിക്കാനുള്ള നീക്കം. സിഡിആർ പരിശോധിച്ചാൽ മുഖ്യമന്ത്രിക്കും അദ്ദേഹത്തിന്റെ ഓഫീസിനും പ്രതികളുമായുള്ള ബന്ധം പുറത്തുവരും.
കേസിൽ പ്രത്യേക അന്വേഷകസംഘത്തെ ഇതുവരെ നിയമിച്ചിട്ടില്ല. പിടിയിലായ നാലുപ്രതികളിൽ അന്വേഷണം ഒതുക്കാനാണ് നീക്കം. മയക്കുമരുന്നുമായി പിടിയിലായവരുടെ ബന്ധം കണ്ടെത്താൻ സിഡിആർ, പണമിടപാട് തുടങ്ങിയവ പരിശോധിക്കാൻ ആഭ്യന്തര മന്ത്രി നിർദേശിച്ചിരുന്നു. ഹുസൈൻ, സലാം എന്നിവരുടെ കോൾ ഡീറ്റെയിൽസ്, ടവർ ലൊക്കേഷൻ, വാട്സാപ്, ഇൻസ്റ്റഗ്രാം, ടെലഗ്രാം ചാറ്റ്, വോയ്‌സുകൾ, ടെക്‌സ്റ്റ് മെസേജുകൾ തുടങ്ങിയവ പരിശോധിക്കാൻ ഡാൻസാഫ് സംഘം തീരുമാനിച്ചു. ഇന്റലിജൻസ് വഴി ഇൗ വിവരം പൊലീസ് ഉന്നതർക്ക് ലഭിച്ചതോടെ അത്തരത്തിൽ അന്വേഷണം വേണ്ടെന്ന നിർദേശം നൽകുകയായിരുന്നു.
പ്രതികൾ നിരവധി തവണ വിദേശയാത്ര നടത്തിയിട്ടുണ്ട്. വൻ സാന്പത്തിക ഇടപാടും നടന്നിട്ടുണ്ട്. യാത്രയുടെ മറവിൽ ഹവാലാ പണം എത്തിയിട്ടുണ്ടോ എന്നതടക്കം പരിശോധിക്കണമെന്ന ആവശ്യം പൊലീസിൽ ഒരു വിഭാഗത്തിനുണ്ട്. ഇക്കാര്യം കേന്ദ്ര ഏജൻസിയായ നർക്കോട്ടിക് കൺട്രോൾ ബ്യൂറോ അന്വേഷിക്കുന്നുണ്ട്.
താൻ മുഖ്യമന്ത്രിയുടെ അടുത്തയാളാണെന്ന് പിടികൂടിയപ്പോൾ ഹുസൈൻ പൊലീസിനോട് പറഞ്ഞിരുന്നു. മുഖ്യമന്ത്രിക്കൊപ്പമുള്ള ചിത്രങ്ങളും വീഡിയോകളും ഫോണിൽ കാട്ടിക്കൊടുത്തു. സൈബർ പൊലീസ് ഹുസൈന്റെ ഫെയ്‌സ്‌ബുക്ക് പേജ് പരിശോധിച്ചപ്പോൾ ഞെട്ടിക്കുന്ന വിവരമാണ് ലഭിച്ചത്. അറസ്റ്റിലായ ദിവസം മുഹമ്മദ് ഹുസൈൻ മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ടെന്നും വ്യക്തമായി.
മുഖ്യപ്രതി ഇഫ്‌താർ വിരുന്നിന്റെയും സംഘാടകൻ
പ്രത്യേക ലേഖകൻ
കോഴിക്കോട് : കാസർകോട്ട് എംഡിഎംഎയുമായി പിടിയിലായ യൂത്ത്‌കോൺഗ്രസ് നേതാക്കളിൽ പ്രധാനിയായ മുഹമ്മദ് ഹുസൈൻ മുഖ്യമന്ത്രി വി ഡി സതീശന്റെ ഉറ്റ അനുയായിയെന്ന് വ്യക്തമാക്കുന്ന കൂടുതൽ വിവരങ്ങൾ പുറത്ത്. സതീശൻ പ്രതിപക്ഷ നേതാവായിരിക്കെ നടത്തിയ ഇഫ്‌താർ വിരുന്നിന്റെ പ്രധാന സംഘാടകനായിരുന്നു ഇയാൾ. 2025 മാർച്ച് 22ന് കോഴിക്കോട്ടെ വൻകിട ഹോട്ടലിൽ കോൺഗ്രസ്–മുസ്ലിംലീഗ് നേതാക്കളെയും വ്യാപാര–വാണിജ്യ പ്രമുഖരെയുംമാത്രം ക്ഷണിച്ച പരിപാടിയിൽ ആദ്യാവസാനം പെരുന്പാവൂർ സ്വദേശി മുഹമ്മദ് ഹുസൈനുണ്ടായിരുന്നു. അതിഥികളെ സ്വീകരിക്കുന്നതിനും മറ്റും മുന്നിലുണ്ടായിരുന്നു.
എംഡിഎംഎയുമായി പിടിയിലായ തന്റെ കോ–ഓർഡിനേറ്റർ കെ എച്ച് മുഹമ്മദ് ഹുസൈനൊപ്പം മുഖ്യമന്ത്രി വി ഡി സതീശൻ
സതീശനൊപ്പം ഇയാൾ ഇഫ്‌താറിൽ പങ്കെടുക്കുന്നതിന്റെ നിരവധി ഫോട്ടോകൾ പുറത്തുവന്നു. എംഡിഎംഎ ലഹരിക്കേസിൽപ്പെട്ട മുഹമ്മദ് ഹുസൈനുമായുള്ള അടുത്ത ബന്ധം മറയ്‌ക്കാൻ മുഖ്യമന്ത്രി സതീശൻ പറഞ്ഞതെല്ലാം പച്ചക്കള്ളമെന്ന് ഇതിനകം വ്യക്തമായിട്ടുണ്ട്. നവകേരള സദസ്സിനുശേഷമാണ് പ്രതിയെ കണ്ടതെന്നായിരുന്നു സതീശൻ കഴിഞ്ഞദിവസം വാർത്താസമ്മേളനത്തിൽ അവകാശപ്പട്ടത്. ഇതിനു വർഷങ്ങൾക്ക് മുന്പും ഒട്ടേറെ തവണ ഒരുമിച്ചുണ്ടായിരുന്നുവെന്ന് തെളിയിക്കുന്ന ചിത്രങ്ങൾ പ്രതി സമൂഹമാധ്യമത്തിൽ പങ്കുവച്ചിട്ടുണ്ട്.









0 comments