ദിന്‍ഷയുടെ കൊലപാതകം; പ്രതി ജിത്തു സജി റിമാൻഡിൽ

കോഴഞ്ചേരി: റിസോർട്ട് ജീവനക്കാരിയായ ദിൻഷയെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ പ്രതി ജിത്തു സജിയെ (28) റിമാൻഡ് ചെയ്തു. തിരുവല്ല ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ ശേഷമാണ് റിമാൻഡ് ചെയ്തത്.
കോഴഞ്ചേരി കീഴുകര വെണ്ണപ്ര പാറയിൽ വീട്ടിൽ ജിത്തു സജിയാണ് കേസിലെ പ്രതി. ഇയാൾ ആറന്മുള, ചേർത്തല പൊലീസ് സ്റ്റേഷനുകളിലെ കേസുകളിലും ചെങ്ങന്നൂർ പൊലീസ് സ്റ്റേഷനിലെ മയക്കുമരുന്ന് കേസിലും പ്രതിയാണെന്ന് പൊലീസ് അറിയിച്ചു.
കൊല്ലം കുളത്തൂപ്പുഴ സാം നഗർ കാഞ്ഞിരോട്ട് കുന്നിൻപുറം ദിൻഷ മൻസിലിൽ ദിൻഷ (21) ആണ് ചൊവ്വാഴ്ച പകൽ രണ്ടോടെ കൊല്ലപ്പെട്ടത്. കോഴഞ്ചേരി മാരാമൺ ഹോട്ടൽ ആൻഡ് റിസോർട്ട് ബാറിൽ റിസപ്ഷൻ ട്രെയിനിയായി ജോലി ചെയ്യുകയായിരുന്നു ദിൻഷ. റിസോർട്ട് വളപ്പിലെ പാർക്കിങ് ഏരിയയ്ക്ക് സമീപത്തുവച്ചാണ് ആക്രമണം നടന്നത്.
റിസോർട്ടിലെത്തിയ ജിത്തു ദിൻഷയുമായി കുറച്ചുസമയം സംസാരിച്ചശേഷം കത്തി ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. കഴുത്തിന് ഗുരുതരമായി പരിക്കേറ്റ ദിൻഷയെ കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബന്ധത്തിൽനിന്ന് ദിൻഷ പിന്മാറിയതിലുള്ള വിരോധമാണ് ആക്രമണത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
സർക്കിൾ ഇൻസ്പെക്ടർ ജി സുരേഷ് കുമാറിന്റെ നേതൃത്വത്തിൽ പൊലീസ് സംഘം സംഭവസ്ഥലത്ത് പരിശോധന നടത്തി. പൊലീസ് സയന്റിഫിക് ഓഫീസർ, ഫിംഗർപ്രിന്റ് വിദഗ്ധർ, പൊലീസ് ഫോട്ടോഗ്രാഫർ എന്നിവരുടെ നേതൃത്വത്തിൽ തെളിവുകൾ ശേഖരിച്ചു.
കൊലപാതകത്തിന് ഉപയോഗിച്ചതായി കരുതുന്ന കത്തിയും അതിന്റെ കവറും സംഭവസ്ഥലത്തുനിന്ന് പൊലീസ് കണ്ടെടുത്തു.
ആക്രി വ്യാപാരിയായ ഷാജിയുടെയും തൊഴിലുറപ്പ് തൊഴിലാളിയായ ഷീജാബീവിയുടെയും ഏകമകളാണ് ദിൻഷ.









0 comments