'പവർ കട്ട്'; കാഞ്ഞിരപ്പിള്ളി മിനി സിവിൽ സ്റ്റേഷനിൽ സർക്കാർ ഉദ്യോഗസ്ഥർ ലിഫ്റ്റിൽ കുടുങ്ങി

ലിഫ്റ്റില്‍ കുടുങ്ങിയവരെ പുറത്തെത്തിക്കുന്നു
കോട്ടയം: കാഞ്ഞിരപ്പിള്ളി മിനി സിവിൽ സ്റ്റേഷനിലെ ലിഫ്റ്റിൽ സർക്കാർ ഉദ്യോഗസ്ഥർ കുടുങ്ങി. സംസ്ഥാനത്തെ വലയ്ക്കുന്ന പവർ കട്ട് തന്നെയാണ് സിവിൽ സ്റ്റേഷനിലെ ഉദ്യോഗസ്ഥർക്കും വില്ലനായത്. ലിഫ്റ്റിൽ കയറിയ ഉടനെ വൈദ്യുതി തടസപ്പെട്ടു. തുടർന്ന് സ്ത്രീകള്‍ ഉള്‍പ്പടെയുള്ള എട്ടു ജീവനക്കാര്‍ ലിഫ്റ്റിൽ കുടുങ്ങുകയായിരുന്നു.
നാല് നിലകളുള്ള കെട്ടിടത്തിൽ രണ്ടാമത്തെയും മൂന്നാമത്തെയും നിലയ്ക്ക് ഇടയ്ക്കുള്ള ഭാഗത്ത് വെച്ചാണ് ലിഫ്റ്റ് നിലച്ചത്. ഏറെ നേരം കഴിഞ്ഞിട്ടും കറന്റ് വരാതെ വന്നതോടെ ഫയർ ഫോഴ്സ് എത്തിയാണ് ലിഫ്റ്റിൽ കുടുങ്ങിയവരെ പുറത്തെത്തിച്ചത്.
രാവിലെ ജോലിക്ക് എത്തിയ ഉദ്യോഗസ്ഥരാണ് ലിഫ്റ്റിൽ കുടുങ്ങിയത്. കഴിഞ്ഞ ദിവസങ്ങളിൽ ഇടവിട്ട് ഉണ്ടാകുന്ന പവർ കട്ട് മൂലം ഓട്ടോമാറ്റിക്കായി പ്രവർത്തിക്കുന്നതിന് സ്റ്റോർ ചെയ്തു വെയ്ക്കുന്ന എനർജിയും ലിഫ്റ്റിൽ ഉണ്ടായിരുന്നില്ലെന്ന് ജീവനക്കാർ പറയുന്നു. ജനറേറ്റർ സംവിധാനവും ഉണ്ടായിരുന്നില്ല. വരും ദിവസങ്ങളിലും പവർ കട്ട് ഉണ്ടായാൽ ലിഫ്റ്റിൽ കുടുങ്ങുമോയെന്ന് ഉദ്യോഗസ്ഥർക്ക് ആശങ്കയുണ്ട്.








0 comments