Deshabhimani

രണ്ടരമാസം പ്രായമുള്ള കുഞ്ഞിന് നൽകിയത് കാലാവധി തീരാറായ മരുന്ന്; സംഭവം തൃക്കടവൂർ സിഎച്ച്സിയിൽ

kollam expired medicine
വെബ് ഡെസ്ക്

Published on Sep 30, 2026, 06:38 PM | 1 min read

കൊല്ലം: തൃക്കടവൂർ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ രണ്ടരമാസം പ്രായമുള്ള കുഞ്ഞിനാണ് കാലാവധി തീരുന്ന മരുന്ന് വിതരണം ചെയ്തതായി പരാതി. സിഎച്ച്സിയിൽ പ്രതിരോധ കുത്തിവയ്പിനായി എത്തിച്ച കുഞ്ഞിന് നൽകിയ സിറപ്പിലാണ് ഗുരുതര വീഴ്ച കണ്ടെത്തിയത്. നീരാവിൽ കളിയിൽ പുത്തൻവീട്ടിൽ ഹസൻ– സജീന ദമ്പതികളുടെ മകൻ ഇവാൻ മാലിക്കിനാണ് സിഎച്ച്സിയിൽ നിന്ന് മരുന്നുനൽകിയത്‌.


ബുധനാഴ്ച രാവിലെയാണ്‌ കുട്ടിയുമായി പിതാവ് വാക്സിൻ എടുക്കാൻ എത്തുന്നത്‌. വാക്സിൻ എടുത്തശേഷം പനി വരുമ്പോൾ നൽകാനുള്ള പാരസെറ്റാമോൾ സിറപ്പ്‌ ഡോക്ടർ നിർദേശിച്ചു. ആശുപത്രിയിൽനിന്നുതന്നെ സിറപ്പ്‌ വാങ്ങി ഇറങ്ങുമ്പോഴാണ്‌ ഹസൻ കാലാവധി പരിശോധിക്കുന്നത്‌. 2024ൽ നിർമിച്ച സിറപ്പിന്‌ 2026 സെപ്തംബർവരെയാണ്‌ കാലാവധി രേഖപ്പെടുത്തിയിരുന്നത്‌. ഡോക്ടർ സിറപ്പ്‌ കഴിക്കാൻ നിർദേശിച്ചത്‌ മൂന്നുദിവസത്തേക്കാണ്‌. തുടർന്ന്‌ ആശുപത്രി ജീവനക്കാരോട്‌ ഇത്‌ ചോദിച്ചപ്പോൾ ഹെൽത്ത് സൂപ്പർ വൈസർ സുരേഷ് ബാബു വീഴ്ച സമ്മതിക്കുകയായിരുന്നു. വിവരം പുറത്തുപറയരുതെന്നും പിതാവിനോട്‌ ആവശ്യപ്പെട്ടു.


തുടർന്ന്‌ നവംബറിൽ കാലാവധി അവസാനിക്കുന്ന മരുന്ന്‌ നൽകി ആശുപത്രി അധികൃതർ തടിയൂരാൻ ശ്രമിക്കുകയായിരുന്നു. ഇതേമരുന്ന്‌ 13 പേർക്ക്‌ ആശുപത്രിയിൽനിന്ന്‌ ബുധനാഴ്ച നൽകിയിട്ടുണ്ട്‌. എന്നാൽ അവർക്കെല്ലാം കാലവധിയുള്ള മരുന്നാണ്‌ നൽകിയതെന്നാണ്‌ ആശുപത്രി അധികൃതരുടെ വാദം. സംഭവം പുറത്തായതോടെ പ്രദേശത്തെ ഡിവൈഎഫ്‌എ പ്രവർത്തകർ പ്രതിഷേധവുമായെത്തി. തുടർന്ന്‌ സ്റ്റോർ കീപ്പർക്ക്‌ വീഴ്ചപറ്റിയെന്നും നടപടിക്ക്‌ ശുപാർശ ചെയ്യുമെന്നും ഹെൽത്ത് സൂപ്പർവൈസർ അറിയിച്ചതോടെയാണ്‌ പ്രതിഷേധം അവസാനിപ്പിച്ചത്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home