സഹോദരങ്ങളുടെ മരണം കൊലപാതകം; സ്വതന്ത്ര ജീവിതത്തിന് കുട്ടികൾ തടസമെന്ന് അമ്മയുടെ മൊഴി

ചിറ്റൂർ: പാലക്കാട് കൊഴിഞ്ഞാമ്പാറയിൽ സഹോദരങ്ങളായ കുട്ടികളെ കൊലപ്പെടുത്തിയതെന്ന് അമ്മ നിവേദ്യ. തന്റെ ഭാവി ജീവിതത്തിന് കുട്ടികൾ തടസമാകുമെന്ന് കരുതിയാണ് കൃത്യം ചെയ്തതെന്ന് നിവേദ്യ മൊഴി നൽകിയതായി പൊലീസ് പറഞ്ഞു. കുറ്റ സമ്മത മൊഴി രേഖപ്പെടുത്തി കൊലപാതക കുറ്റത്തിന് പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.
ചൊവ്വാഴ്ച രാവിലെ പത്തരയോടെ കൊഴിഞ്ഞാമ്പാറ മേനോൻപാറ കൂരാങ്കാട്ട് വാടക വീട്ടിലാണ് ജോൺകുമാർ – നിവേദ്യ ദമ്പതികളുടെ മക്കളായ ജെന്നിഫർ ജൂലിയറ്റ് (5), റോബിൻ ക്രിസ്റ്റഫർ (3) എന്നിവരെ മരിച്ച നിലയിൽ കണ്ടെത്തിയത്. കുളിമുറിയിലെ വെള്ളം നിറച്ച തൊട്ടിയിലാണ് ഇരുവരുടേയും മൃതദേഹം കണ്ടെത്തിയത്.
വെള്ളം നിറയ്ക്കുന്നതിനായി കുളിമുറിയിൽ കോൺക്രീറ്റുകൊണ്ടുനിർമിച്ച തൊട്ടിയിൽ കളിക്കുന്നതിനിടയിൽ വീണതാകാമെന്നായിരുന്നു പൊലീസിന്റെ പ്രാഥമിക നിഗമനം. എന്നാൽ കൊലപാതകമെന്ന് സംശയമുള്ളതായി കുട്ടികളുടെ അച്ഛൻ ഉൾപ്പെടെയുള്ള ബന്ധുക്കൾ പരാതിപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് നിവേദ്യയിലേക്കെത്തുന്നത്.
സംശയത്തിന്റെ പേരിൽ നിവേദ്യയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യവേ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഭർത്താവ് മദ്യപാനിയാണെന്നും കുടുംബ പ്രശ്നങ്ങളുണ്ടെന്നും നിവേദ്യ പറഞ്ഞു. കുട്ടികളുള്ളതിനാൽ സ്വതന്ത്രമായി ജീവിക്കാൻ കഴിയുന്നില്ല. തുടർന്ന് പഠിക്കണമെന്നും മോഡലിങ് ചെയ്യണമെന്നും ആഗ്രഹമുണ്ട്. അതിനെല്ലാം കുട്ടികൾ തടസമായി. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് നിവേദ്യയുടെ മൊഴി.
സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. കൂടുതൽ അന്വേഷണത്തിൽ മാത്രമേ യഥാർഥ കാരണം വ്യക്തമാകൂ എന്ന് പൊലീസ് പറഞ്ഞു. കുട്ടികളുടേത് മുങ്ങിമരണം എന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട്.








0 comments