print edition അനങ്ങാതെ സർക്കാർ; ശബരി പാത അനിശ്ചിതം

Representative Image | AI
സ്വന്തം ലേഖകൻ
Published on Aug 15, 2026, 04:29 AM | 1 min read
തിരുവനന്തപുരം: തേനിയിൽനിന്ന് എരുമേലിയിലേക്ക് റെയിൽപ്പാത നിർമിക്കാൻ തമിഴ്നാട് അനുമതി നേടിയപ്പോൾ കേരളത്തിന്റെ സ്വപ്നപദ്ധതിയായ ശബരി റെയിൽ കൂടുതൽ അനിശ്ചിതത്വത്തിലേക്ക്. എൽഡിഎഫ് സർക്കാർ സ്ഥലമെടുപ്പിലേക്ക് എത്തിച്ച പദ്ധതി യുഡിഎഫ് സർക്കാർ മരവിപ്പിച്ച മട്ടാണ്. പദ്ധതിയെക്കുറിച്ച് പഠിക്കാൻ കൂടുതൽ സമയം വേണമെന്നാണ് റവന്യൂ മന്ത്രി എ പി അനിൽകുമാറിന്റെ വാദം. ഓഫീസ് തുറക്കുന്നതടക്കമുള്ള നടപടി നിലച്ചു. ഇൗ അവഗണന തുടർന്നാൽ പദ്ധതി എന്നെന്നേക്കുമായി അവസാനിക്കുമെന്ന് ഫെഡറേഷൻ ഓഫ് ശബരി റെയിൽ ആക്‌ഷൻ കൗൺസിലും ശബരി റെയിൽ ലാൻഡ് ഓണേഴ്‌സ് അസോസിയേഷനും പറയുന്നു.
റെയിൽപാതയ്ക്കായി വിജ്ഞാപനംചെയ്ത സ്ഥലം ഭൂവുടമകൾക്ക് വിൽക്കാനോ പണയം വയ്ക്കാനോ കഴിയുന്നില്ല. 30 വർഷംമുന്പ് റെയിൽവേ ബജറ്റിൽ പ്രഖ്യാപിച്ച പദ്ധതിക്ക് ജീവൻ വച്ചത് പിണറായി സർക്കാരിന്റെ ഇച്ഛാശക്തിയിലാണ്. 2016 മുതൽ നിരന്തര ഇടപെടൽ നടത്തിയിട്ടും 2026 ജനുവരി അവസാനംവരെ കേന്ദ്രം അനുമതി നൽകിയില്ല. പദ്ധതിച്ചെലവിന്റെ 50 ശതമാനം സംസ്ഥാന സർക്കാർ നൽകാമെന്ന ഉറപ്പിൽ ഒടുവിൽ അനുമതി നൽകി. കിഫ്‌ബി വഴി 1900 കോടി രൂപ നൽകാനും തീരുമാനമെടുത്തു. എറണാകുളം, ഇടുക്കി, കോട്ടയം ജില്ലകളിൽനിന്ന് 303.5 ഹെക്ടർ ഏറ്റെടുക്കാൻ കഴിഞ്ഞ മാർച്ചിൽ ഉത്തരവുമിറക്കി. അങ്കമാലിയിൽ തുടങ്ങി, കാലടി, പെരുമ്പാവൂർ, മൂവാറ്റുപുഴ, തൊടുപുഴ, കരിങ്കുന്നം, പിഴക്, പ്രവിത്താനം, ഭരണങ്ങാനം, കാഞ്ഞിരപ്പള്ളിവഴി എരുമേലിയിൽ എത്തുന്നതാണ് പാത. ആകെ 14 സ്റ്റേഷൻ. ശബരിമല തീർഥാടകർ, ഭരണങ്ങാനത്തെ തീർഥാടനകേന്ദ്രത്തിലേക്ക് വരുന്നവർ, വിദേശ, ആഭ്യന്തര വിനോദ സഞ്ചാരികൾ എന്നിവർക്കും ഏറെ സൗകര്യപ്രദമാകുന്നതാണ് പദ്ധതി.
തമിഴ്‌നാട്ടിലെ തേനിയിൽനിന്ന് എരുമേലിയിലേക്ക് കമ്പം, കുമളി, വണ്ടിപ്പെരിയാർ, പീരുമേട് വഴി 95 കിലോമീറ്റർ ബ്രോഡ്ഗേജ് പാതയാണ് റെയിൽവേയുടെ പരിഗണനയിലുള്ളത്. സർവേക്ക് അനുമതി നൽകിയതായി റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചിരുന്നു.









0 comments